കൊളംബോ: രാജ്യത്തെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ശിരാണി ബണ്ഡാരനായകയ്ക്കെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികള്‍ ശ്രീലങ്കന്‍ കോടതി സ്റ്റേ ചെയ്തു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കണ്ടെത്തിയ പാനലിന്റ കണ്ടെത്തലുകള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ചൂണ്ടിക്കാട്ടി ശിരാണി റിട്ട് ഓര്‍ഡര്‍ സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ശ്രീലങ്കന്‍ സുപ്രീംകോടതിയുടെ പുതിയ നീക്കം. വിഷയത്തില്‍ പാര്‍ലമെന്റ് സ്പീക്കറും, സെലക്ട് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ അടുത്തമാസം മൂന്നിന് കോടതയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റീസിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ലമെന്ററി കമ്മറ്റിയാണ് അവരെ ഇംപീച്ച് ചെയ്യാന്‍ നിര്‍ദേശിച്ചത്.
എന്നാല്‍ കമ്മറ്റിയുടെ കണ്ടെത്തലുകള്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് രണ്ടു ദിവസം മുന്‍പ് ശിരാണി ബണ്ഡാരനായകെ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീലില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ ഇംപീച്ച്മെന്റിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
ബണ്ഡാരനായകയ്ക്കെതിരെയുള്ള ആരോപണങ്ങളില്‍ മൂന്നെണ്ണം ശരിയാണെന്ന് സമിതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നടപടി ആരംഭിച്ചത്. എന്നാല്‍ ബണ്ഡാരനായകയ്ക്കെതിരായ ആരോപണങ്ങള്‍ നിയമവിരുദ്ധമാണെന്ന് അവരുടെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കര്‍ക്കശ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗികപദവി ദുരുപയോഗം ചെയതതെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നുമാണ് ശിരാണിക്കെതിരായ ആരോപണം. ശിരാണിക്കെതിരേ ഉയര്‍ന്ന 14 ആരോപണങ്ങളില്‍ സ്വത്തുവകകള്‍ പ്രഖ്യാപിച്ചില്ലെന്നതുള്‍പ്പെടെ മൂന്ന് ആരോപണങ്ങള്‍ ശരിയാണെന്ന് സമിതി കണ്ടെത്തുകയായിരുന്നു.
സര്‍ക്കാര്‍ ബില്ലുകള്‍ അവര്‍ തിരിച്ചയച്ചതാണ് പ്രസിഡന്റ് മഹീന്ദ രജപക്സയെ ചൊടിപ്പിച്ചത്. രജപക്സയുടെ സഹോദരനും മന്ത്രിയുമായ ബാസില്‍ രജപക്സെയുടെ സാമ്പത്തിക വികസന വകുപ്പിന് കൂടുതല്‍ അധികാരം നല്‍കുമെന്ന ബില്ലും ഇതില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: