ശാസ്താംകോട്ട: ഭരണിക്കാവ് ദേവീക്ഷേത്രത്തോട് ചേര്‍ന്നുള്ള 25 സെന്റ് സ്ഥലം സ്വകാര്യവ്യക്തിക്ക് നിയമവിരുദ്ധമായി പതിച്ചു നല്‍കാനുള്ള നീക്കത്തിനെതിരെയുള്ള സംഘപരിവാര്‍ സംഘടനകളുടെ പ്രക്ഷോഭ പരിപാടികള്‍ രണ്ടാം ദിവസമായ ഇന്നലെയും തുടര്‍ന്നു.
ആരോപണ വിധേയനായ അഡീഷണല്‍ തഹസീല്‍ദാര്‍ ഇന്നലെ ഓഫീസില്‍ എത്തിയതറിഞ്ഞാണ് പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസില്‍ പ്രതിഷേധവുമായി എത്തിയത്. സ്വകാര്യ വ്യക്തിക്ക് ഭൂമി പതിച്ചു നല്കാന് കൃത്രിമരേഖ ചമച്ച അഡീഷണല്‍ തഹസീല്‍ദാരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഓഫീസിലെത്തി തടഞ്ഞുവച്ചതോടെ ഇന്നലെയും പ്രക്ഷുബ്ദമായ രംഗങ്ങള്‍ അരങ്ങേറി.
ഒടുവില്‍ തഹസീല്‍ദാരുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നു. വിവാദമായ ഫയല്‍ കളക്ടറുടെ നിയമോപദേശത്തിന് അയച്ചിരിക്കുകയാണെന്നും പൊതുവായ ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ഇതുസംബന്ധിച്ച് തീരുമാനം കളക്ടര്‍ സ്വീകരിക്കു എന്നും അഡീഷണല്‍ തഹസീല്‍ദാര്‍ രേഖാമൂലം ഉറപ്പ് നല്കി. നാല് ഏക്കറോളം വരുന്ന ഭൂമിയില്‍ 25 സെന്റ് സ്ഥലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടയം നല്‍കിയതിന്റെ മറവിലാണ് ഡെപ്യൂട്ടി തഹസീല്‍ദാര്‍ പുതിയ കൃത്രിമത്തിന് നീക്കം നടത്തുന്നതെന്ന് പരിവാര്‍ സംഘടനാ നേതാക്കള്‍ ആരോപിച്ചു. കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. കോടതി അടിയന്തിരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തിടുക്കത്തില്‍ രേഖ ചമക്കാന്‍ തയാറായതെന്ന് ആരോപണമുണ്ട്. ബിജെപി നേതാക്കളായ വി.എസ്. വിജയന്, ജി. ഗോപിനാഥ്, പി.എന്‍. മുരളീധരന്‍പിള്ള, മുതുപിലാക്കാട് രാജേന്ദ്രന്, പത്മകുമാര്‍, ഡി. സുഗതന്, ബിഎംഎസ് നേതാക്കളായ കിടങ്ങയം സോമന്, ശാസ്താംകോട്ട മണികണ്ഠന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: