ഇസ്ലാമാബാദ്: ഐക്യരാഷ്ട്രസഭയുടെ പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി തുള്ളിമരുന്ന് വിതരണം ചെയ്യുന്നവര്‍ക്ക് നേരെ പാക്കിസ്ഥാനില്‍ ആക്രമണം തുടരുന്നു. പെഷവാറില്‍ ഇന്നലെ മൂന്ന് സ്ത്രീകളും അവരുടെ ഡ്രൈവറും കൊല്ലപ്പെട്ടു. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതി യുഎന്‍ നിര്‍ത്തിവെച്ചു. ഛരസാദ ജില്ലയില്‍ മരുന്ന് വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്ന വനിതാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടവര്‍. പെഷവാറിലെ ഒരു വിദ്യാര്‍ത്ഥി വോളന്റിയറും മരിച്ചു.
കഴിഞ്ഞ ദിവസം പോളിയോ തുള്ളിമരുന്ന് വിതരണത്തിനെത്തിയവര്ക്കുനേരെയുണ്ടായ ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടിരുന്നു. കറാച്ചിയിലും പെഷവാറിലുമായാണ് ആക്രമണമുണ്ടായത്. പാശ്ചാത്യ ഗൂഢാലോചനയുടെ ഭാഗമായാണ് പോളിയോ നിര്മ്മാര്ജ്ജനപദ്ധതിയെന്ന് ചൂണ്ടിക്കാട്ടി പാക് താലിബാന് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ലോകത്ത് പോളിയോ ഗുരുതരമായി തുടരുന്ന മൂന്ന് രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നേരത്തെ തന്നെ താലിബാന്റെ ഭീഷണിയുണ്ട്.
ഇപ്പോള്‍ നടക്കുന്ന മരുന്ന് വിതരണവും പാക് ജനതയുടെ മേലുള്ള ചാരപ്പണിയാണെന്നാണ് താലിബാന് പറയുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തട്ടിക്കൊണ്ടുപോകുന്നതും ആക്രമിക്കുന്നതും പതിവാണ്. എന്നാല്‍ ഇന്നലെ ആക്രമണത്തില്‍ തങ്ങള്‍ പങ്കെടുത്തിട്ടില്ലെന്ന് താലിബാന് വക്താവ് ഇഷാനുള്ള ഇഷാന് അറിയിച്ചു.
ആക്രമണം ശക്തമായിരിക്കുന്ന പശ്ചാത്തലത്തില്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് പ്രവിശ്യ വക്താവ് ജാവേദ് മര്‍വാത്ത് അറിയിച്ചു. സുരക്ഷാ സ്ഥിതിഗതികള്‍ വര്‍ധിപ്പിക്കാതെ തുള്ളിമരുന്ന് വിതരണത്തിന് പോകില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഒസാമ ബിന്‍ ലാദനെ സിഐഎ വധിച്ചത് വാക്സിനേഷന് പരിപാടിയിലൂടെയാണ്. ഇപ്പോള്‍ നടത്തുന്ന പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതി ഇതുപോലെയാണെന്നാണ് താലിബാന്റെ വാദം.
ആക്രമണം ശക്തമായിട്ടും പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടിയുമായി മുന്നോട്ട് പോകണമെന്നാണ് പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിന്റെ പ്രതികരണം. ആക്രമണത്തിന്റെ പേരില്‍ പദ്ധതി നിര്‍ത്തിവെക്കരുതെന്നും ഇവിടുത്തെ കുട്ടികളുടെ ജീവന് സംരക്ഷിക്കണമെന്നാണ് പര്‍വേസിന്റെ ആവശ്യം. 1994ല്‍ 20,000ത്തിലധികം പോളിയോ കേസുകളാണ് പാക്കിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2012 ആയപ്പോഴേക്കും ഇതില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം 56 കേസുകളായി ഇത് കുറഞ്ഞെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. പോളിയോ പാടെ തുടച്ചുമാറ്റാന്‍ യുഎന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കാണ് ഇപ്പോഴുണ്ടായ ആക്രമണം കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: