ന്യൂദല്‍ഹി: 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായ വിഷയം ചര്‍ച്ച ചെയ്യാന്‍ ദല്‍ഹി മുഖ്യമന്ത്രി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. വെള്ളിയാഴ്ചയാണ് സമ്മേളനം ചേരുക. പ്രശ്നം രാജ്യവ്യാപകമായി പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നീക്കം.
രാജ്യതലസ്ഥാനമെന്ന നിലയില്‍ ഡല്‍ഹിയുടെ സുരക്ഷാച്ചുമതല കേന്ദ്രസര്‍ക്കാരിനാണ്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന കാര്യമായിരിക്കും നിയമസഭയില്‍ ചര്‍ച്ച ചെയ്യുക. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കുകയാണ് മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ ലക്ഷ്യം. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി വനിതാസംഘടനാ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. വൈകിട്ട് ആറു മണിക്കായിരിക്കും കൂടിക്കാഴ്ച നടക്കുക.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ദല്‍ഹി പോലീസിന്റെ ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: