ദിവ്യത്വ പ്രാപ്തിനേടിയെടുക്കാന് മൂന്ന് ധര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. അതില്‍ ആദ്യത്തേത്; അന്തരാത്മാവില്‍ ജ്വലിക്കുന്ന ദാഹത്തെ തിരിച്ചറിഞ്ഞ് ജീവിക്കുകയാണ്. മനുഷ്യന് ഭോഗാസക്തനായി അലയുന്നത് ജീവന്റെ അന്തര്‍ദാഹത്തെ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ്. അന്തര്‍ദാഹം ഇന്ദ്രിയങ്ങളിലൂടെ ഭോഗാസക്തിയായി പ്രകടമാവുകയാണ്. എന്തോ ഒന്നിനുവേണ്ടിയുള്ള ഒരു ദാഹം നമ്മുടെ ഉള്ളില്‍ കിടന്ന് പിടയ്ക്കുന്നുണ്ടെന്ന് സ്വയം തിരിഞ്ഞുനോക്കുന്ന ഏതൊരാള്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. പക്ഷേ, അത് എന്താണെന്ന് ആര്‍ക്കും വ്യക്തതയില്ല. എന്തുകിട്ടിയാലും എത്രഭോഗസുഖങ്ങള് അനുഭവിച്ചാലും ഈ ദാഹത്തിന് ശമനം വരുന്നില്ലെന്ന സത്യം നമ്മെ ഉറക്കം കെടുത്തുന്നു. പണം സമ്പാദിച്ച് കൂട്ടുന്നവര്‍ കരുതുന്നു ഇനിയും കൂടുതല്‍ പണം കിട്ടിയാല്‍ സംതൃപ്തി വരുമെന്ന്. അങ്ങനെ ജീവിതകാലം മുഴുവന്‍ അവന് പണത്തിന് പുറകില്‍ ഓടിനടക്കുന്നു. എത്രയോ സമ്പത്തുണ്ടാക്കി, പക്ഷേ ശാന്തി കൈവരുന്നില്ല. മറ്റൊരാള്‍ കാമാസക്തിയില്‍ സുഖംതേടി ഓടുന്നു. ഇണകളെ ഭോഗിച്ചു. പക്ഷേ മനസിന് ശാന്തി കിട്ടുന്നില്ല. അപ്പോള്‍ വീണ്ടുംവീണ്ടും ഇണകളെ മാറ്റിമാറ്റിപരീക്ഷിക്കുന്നു. എല്ലാ പരീക്ഷണങ്ങളും ഒടുക്കം പരാജയത്തില്‍ കലാശിക്കുന്നു. സംതൃപ്തി എന്നും ഒരു മരീചികയായി അവശേഷിക്കുന്നു. എത്ര സമ്പത്ത് ഉണ്ടാക്കിയാലും, എത്ര ഭോഗങ്ങള്‍ അനുഭവിച്ചാലും, ലോകത്തില്‍ എത്ര പ്രശസ്തനും ശക്തനും ആയാലും, നമ്മുടെ ഉള്ളില്‍ ‘ഇനിയെന്ത്’ എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു.
ഇന്ദ്രിയങ്ങളുടെ ദാഹം തീര്‍ന്ന അവസ്ഥ മനുഷ്യന് ഉണ്ടായിട്ടുണ്ടോ? ഇന്ദ്രിയങ്ങളെ എത്ര സുഖിപ്പിച്ചാലും അവര്‍ക്ക് സംതൃപ്തി വരുന്നുണ്ടോ? ഇല്ലെങ്കില്‍ പിന്നെ ഇന്നത്തെ ജീവിതത്തിന് എന്ത് മൂല്യമാണ് ഉള്ളത്? മനുഷ്യന്റെ ശ്രേഷ്ഠതയ്ക്ക് എന്ത് അര്‍ത്ഥമാണ് കാണുന്നത്? മനസിന്റെ ആഗ്രഹങ്ങളെ സാധിപ്പിച്ചതുകൊണ്ടോ ഇന്ദ്രിയങ്ങളെ സുഖിപ്പിച്ചതുകൊണ്ടോ ഒരു മനുഷ്യന് യഥാര്‍ത്ഥമായ ശാന്തിയും സമാധാനവും കൈവരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മനസിന്റെ ആഗ്രഹങ്ങള്‍ക്ക് ഉപരിയായി, ഇന്ദ്രിയങ്ങളുടെ ഭോഗാസക്തികള്‍ക്ക് ഉപരിയായി എന്തോ ഒന്നിനെ നേടിയെടുക്കാനുള്ള തീവ്രവേദന ജീവനില്ക്കിടന്ന് പിടയ്ക്കുന്നുണ്ട്.
എന്തിനുവേണ്ടി ശരീരമെടുത്തു എന്ന് ജീവന് അറിയാം; പക്ഷേ മനസിനും ഇന്ദ്രിയങ്ങള്‍ക്കും അതറിയില്ല. ആ ഉദ്ദേശ്യത്തെ നമുക്ക് ബോധ്യപ്പെടുത്തിത്തരാന്‍ ഉള്ളില്‍ കിടക്കുന്ന ജീവന് സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, മലിനമായ നമ്മുടെ മനസ്സില്‍ അതിനെ തിരിച്ചറിയാന്‍ കഴിയുന്നില്ല. മനസ്സിന് അറിയുന്നത് ആഗ്രഹങ്ങളാണ്, ഇന്ദ്രിയങ്ങള്‍ക്ക് ഭോഗാസക്തിയും. ഇവ രണ്ടുകൊണ്ടും ജീവന്റെ ദാഹം ശമിക്കുന്നില്ല. ഈ വൈരുദ്ധ്യമാണ് മനുഷ്യജീവിതത്തിന്റെ താളഭ്രംശത്തിനുള്ള മൂലകാരണം.
- തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: