കൊച്ചി: കലൂര്‍ പാവക്കുളം മഹാദേവക്ഷേത്രത്തില്‍ നടക്കുന്ന ശ്രീമദ് നാരായണീയ മഹോത്സവം ശതകോടി അര്‍ച്ചന എന്നിവയുടെ ഭാഗമായി നടന്ന ദ്രവ്യസമര്‍പ്പണം കുമ്പളങ്ങി അര്‍ദ്ധനാരീശ്വരി ക്ഷേത്രത്തില്‍ വെച്ച് കേന്ദ്രമന്ത്രി കെ.വി.തോമസ് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ശ്രീനാരായണ ഗുരുവാണ് കുമ്പളങ്ങിയില്‍ അര്‍ദ്ധനാരീശ്വര പ്രതിഷ്ഠ നടത്തിയതെന്ന് കെ.വി.തോമസ് പറഞ്ഞു. പ്രസിദ്ധമായ മിശ്രഭോജനം നടന്ന കുമ്പളങ്ങിയില്‍ നാരായണഗുരുപ്രതിഷ്ഠിച്ച അര്‍ദ്ധനാരീശ്വര പ്രതിഷ്ഠയ്ക്ക് ചരിത്രത്തില്‍ വലിയ സ്ഥാനമാണ് ഉള്ളത്. മാറാരോഗങ്ങളില്‍ നിന്നും കുമ്പളങ്ങിയിലെ ജനതയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവിനെ കാണാനെത്തിയ നാട്ടുകാരോട് വിദ്യാലയങ്ങളും കുളങ്ങളും നിര്‍മിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വിദ്യയിലൂടെ അറിവുനേടുക എന്നതാണ് ഗുരുവിന്റെ നിര്‍ദ്ദേശത്തിനു പിന്നില്‍. ഇതിനു ശേഷമാണ് കുമ്പളങ്ങിയില്‍ വിദ്യാലയങ്ങളും ശുദ്ധജലവുമെത്തിയതെന്നും കെ.വി.തോമസ് പറഞ്ഞു. അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീമദ് നാരായണീയ ലക്ഷാര്‍ച്ചനയും ശ്രീമദ് നാരായണീയ മഹോത്സവവും കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി 6 വരെയാണ് നടക്കുന്നത്. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തില്‍ നിരവധി സന്യാസിമാര്‍, പണ്ഡിതന്മാര്, കലാകാരന്മാര്, സാഹിത്യകാരന്മാര്, വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍, സാമൂഹ്യ സാംസ്ക്കാരിക നായകന്മാര് തുടങ്ങിയവര്‍ പങ്കെടുക്കും. ജനുവരി 5ന് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ശതകോടി അര്‍ച്ചന നടക്കും. സ്വാമി ഭൂമാനന്ദതീര്‍ത്ഥ മഹാരാജ് മുഖ്യപ്രഭാഷണം നടത്തും. സന്യാസിമാര്‍, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ സാമൂഹ്യ-സാംസ്ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷേത്രം പ്രസിഡന്റ് വി.കെ.മോഹന്‍ലാല്‍ അദ്ധ്യക്ഷത വഹിച്ചു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഉഷ പ്രദീപ് കുമാര്‍, ആര്‍എസ്പി(ബി) ജില്ലാ സെക്രട്ടറി കെ.റെജികുമാര്‍, അഡ്വ.മങ്കോട്ട് രാമകൃഷ്ണന്, അഡ്വ.സുഗുണപാലന്, ക്ഷേത്രം സെക്രട്ടറി സി.കെ.വികാസ്, എസ്എന്‍ഡിപിയോഗം ഭാരവാഹികളായ സി.വി.ഗിരീഷ്കുമാര്‍, സി.കെ.സെല്‍ഫി, നാരായണീയം ആചാര്യന് വി.ആര്.സതീഷ് കുമാര്‍, ബിജെപി ഭാഷാന്യൂനപക്ഷ സെല്‍ സംസ്ഥാന കണ്‍വീനര്‍ സി.ജി.രാജഗോപാല്‍, ജിഷ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: