പിഡിപി ചെയര്മാന് മദനിക്കുവേണ്ടി വീണ്ടും മുറവിളി ഉയരുന്നതിന് പിന്നില്‍ ദുരൂഹതയേറുകയാണ്. ബാംഗ്ലൂര്‍ ബോംബ് സ്ഫോടനക്കേസില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മദനിയെ വിട്ടുകിട്ടാന്‍ പിഡിപി മാത്രമല്ല ഇപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞു. മനുഷ്യാവകാശത്തിന്റെ പേരിലാണ് ചിലര്‍ വാചാലരാകുന്നതെങ്കില്‍ പിഡിപിക്കാര്‍ മതത്തിന്റെ പേരിലാണ് പ്രചാരണം ആരംഭിച്ചിട്ടുള്ളത്. പ്രവാചകനായ നബിയുടെ നേരവകാശിയായ ഇസ്ലാമിക പണ്ഡിതരുടെ ഗണത്തില്‍പ്പെടുന്ന ആളാണ് മദനിയെന്നും മദനിയുടെ മോചനത്തിനായി മുസ്ലിങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നുമാണ് പിഡിപി ആവശ്യപ്പെടുന്നത്. സ്ത്രീപീഡനക്കേസില്‍ ലീഗ് നേതാവ്കുഞ്ഞാലിക്കുട്ടി പ്രതിപട്ടികയില്‍ വന്നപ്പോള്‍ മുസ്ലീംലീഗുകാരുടെ വാദവും ഇതുതന്നെയായിരുന്നു. ഉംറ കഴിഞ്ഞ് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ കുഞ്ഞാലിക്കുട്ടി തന്റെ പേരിലുള്ള ആരോപണം ഇസ്ലാമിനെതിരെയുള്ള പ്രചാരണമെന്ന് വ്യാഖ്യാനിച്ചു. അതുതന്നെയാണ് ഇപ്പോള്‍ മദനിയുടെ കാര്യത്തിലും സ്വീകരിക്കുന്നത്. മദനിയുടെ നിലവിലെ സ്ഥിതി ദയനീയമാണെന്നും ജയിലില്‍ അര്‍ഹമായ പരിഗണന ഇല്ലെന്നുമുള്ള വാദമാണ് ഉയര്‍ത്തുന്നത്. മദനിയുടെ മോചനമല്ല, പകരം ജയില്‍വാസം കേരളത്തിലേക്ക് മാറ്റുകയാണ് ഏറ്റവും ആദ്യത്തെ ലക്ഷ്യമത്രെ. കേരളത്തില്‍ മദനിയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്ന മുസ്ലിം ലീഗും രണ്ടുതവണ മദനിയെ അന്യസംസ്ഥാന പോലീസിന് കൈമാറിയപ്പോള്‍ ഭരണം നടത്തിയ സിപിഎമ്മും ഒരുപോലെ മദനിക്കായി രംഗത്തിറങ്ങിയ പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാനാകുമെന്നാണ് പിഡിപിയുടെ വിശ്വാസം. ഇസ്ലാമിക രാഷ്ട്രീയപാര്‍ട്ടി നേതാക്കളും മതനേതാക്കളുമെല്ലാം പറഞ്ഞിട്ടും മദനി വിഷയത്തില്‍ കേരള മുഖ്യമന്ത്രി നിസ്സംഗത പാലിക്കുകയാണെന്നാണ് പിഡിപിക്കാര്‍ വാദിക്കുന്നത്.
കോയമ്പത്തൂരില്‍ ജയിലിലായിരുന്ന മദനിയെ പലതവണ പോയി കണ്ട ഉമ്മന്‍ചാണ്ടി ഇപ്പോള്‍ മിണ്ടാതിരിക്കുന്ന സമീപനം എത്രയും വേഗം മാറ്റണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ മദനിയുടെ മോചനത്തിനായി മന്ത്രിസഭ തന്നെ തീരുമാനമെടുക്കാനിരിക്കുകയാണെന്നാണ് കഴിഞ്ഞദിവസം ധനകാര്യമന്ത്രി കെ.എം.മാണി പ്രസ്താവിച്ചത്. മുഖ്യമന്ത്രി രണ്ടുതവണ കര്‍ണാടക മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചത് അധികമൊന്നും പുറത്തറിഞ്ഞിട്ടില്ല. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ഇരുപക്ഷവും ചേര്‍ന്ന് മദനിക്കുവേണ്ടി പ്രമേയം പാസ്സാക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. കാരണം ഇരുപക്ഷവും മദനിയുടെ കാര്യത്തില്‍ ഓരോ നിലപാടിലെത്തിക്കഴിഞ്ഞു. നിയമം നിയമത്തിന്റെ വഴിയെ, തീവ്രവാദത്തോട് യോജിപ്പില്ലെന്നൊക്കെ പറഞ്ഞ് മദനിയുടെ കാര്യത്തില്‍ ഒഴിഞ്ഞുമാറിയ മുസ്ലീംലീഗ് യഥാര്‍ത്ഥമുഖം കാട്ടിത്തുടങ്ങി. തീവ്രവാദികളെന്ന പേരില്‍ മുസ്ലീം യുവാക്കളെ തടങ്കലില്‍ വയ്ക്കുന്നതില്‍ അവര്‍ വല്ലാതെ വേവലാതിയുള്ളവരാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ കോഴിക്കോട് നടന്ന അഖിലേന്ത്യാ പ്രവര്‍ത്തക സമിതിയുടെ പ്രമേയങ്ങളും സംസ്ഥാന നേതാക്കളുടെ പ്രസ്താവനകളുമെല്ലാം അത് പ്രകടമാക്കുകയാണ്. മദനിയുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും അവര്‍ തീരുമാനിച്ചുകഴിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും മദനിക്കുവേണ്ടി മുറവിളി ഉയര്‍ത്തിയിരിക്കുന്നു. നേരത്തെ വി.എസ്.അച്യുതാനന്ദന് അക്കാര്യത്തില്‍ വേറിട്ടൊരു നിലപാടുണ്ടെന്ന് തോന്നിപ്പിച്ചതാണ്. എന്നാല്‍ ഗത്യന്തരമില്ലാത്ത സാഹചര്യത്തില്‍ താന്‍ പാര്‍ട്ടിനിലപാടിനൊപ്പമാണെന്ന് പറഞ്ഞ വിഎസ്സും പിണറായിയുടെ വഴിയെ എത്തി. കോയമ്പത്തൂര്‍ ജയിലില്‍ കിടന്നപ്പോള്‍ മദനിക്കുവേണ്ടി സിപിഎം സമ്മര്‍ദ്ദം ചെലുത്തിയത് അനുസ്മരിക്കുകമാത്രമല്ല, മദനിക്കു വയസ്സാകുന്നതിലും ആരോഗ്യം മോശമാകുന്നതിലുമെല്ലാം സിപിഎമ്മിന് വേവലാതിയുണ്ട്.
മദനിയെ തമിഴ്നാട് പോലീസിനും കര്‍ണാടക പോലീസിനും കൈമാറിയത് സിപിഎം സര്‍ക്കാരാണ്. തടവില്‍ കിടക്കാന്‍ വിധിച്ചത് കോടതിയാണ്. തീവ്രവാദക്കേസിലെ പ്രതിയ്ക്ക് ലഭിക്കുന്ന ഒരാനുകൂല്യവും കോയമ്പത്തൂരിലായാലും ബാംഗ്ലൂരിലായാലും മദനിക്ക് നിഷേധിച്ചതായി കേട്ടിട്ടില്ല. മരുന്നിന് മരുന്ന്, ചികിത്സയ്ക്ക് ചികിത്സ എല്ലാം നല്കുന്നു. അലോപ്പതി ചികിത്സ വേണ്ട ആയുര്‍വേദം മതിയെങ്കില്‍ അതും നല്കുന്നു. ഏത് ജയിലില്‍ കിടക്കണമെന്ന് തീരുമാനിക്കുന്നത് ഏതെങ്കിലും സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടിയോ അല്ല. ഇന്ന സ്ഥലത്ത് ചികിത്സ നടത്തിയാലെ തനിക്ക് തൃപ്തിയുള്ളു എന്ന് പറയാന്‍ പ്രതിക്ക് അവകാശമുണ്ട്. പക്ഷേ കോടതിയുടെ അംഗീകാരത്തോടെ മാത്രമേ അത് ലഭ്യമാകൂ. അസുഖത്തിന്റെ കാര്യമൊക്കെ കോടതി യഥാവിധി നോക്കുന്നുണ്ട്. ആവശ്യമായ ചികിത്സ നിര്‍ദ്ദേശിക്കുന്നുമുണ്ട്. അതിന്റെ പേരില്‍ കോലാഹലം ഉയര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നത് നീതിന്യാ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് മദനിക്ക്. ഈ പ്രതിക്ക് സുപ്രീംകോടതിവരെ ജാമ്യം നിഷേധിച്ചെങ്കില്‍ അതിന് മതിയായ കാരണങ്ങളുണ്ട്. അതേതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹമോ തീരുമാനപ്രകാരമോ അല്ല. മദനിയുടെ പേരില്‍ ബിജെപിയെ ചീത്തവിളിച്ച് മതവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുറപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍ അതെല്ലാം തരംതാണ പണിയായിപ്പോയി. രണ്ടരക്കൊല്ലം തടവില്‍ കഴിഞ്ഞ തീവ്രവാദിക്ക് വേണ്ടി വിയര്‍പ്പൊഴുക്കാനും വെയിലുകൊള്ളാനും ഒരുങ്ങിപ്പുറപ്പെടുംമുമ്പ് മദനിയടക്കമുള്ള തീവ്രവാദികള്‍ മൂലം ജീവന് നഷ്ടപ്പെട്ടവരും മനുഷ്യരാണെന്ന് ചിന്തിക്കണം. അവര്‍ക്ക് ജീവിക്കാനുള്ള അവകാശം സംരക്ഷിച്ചുകൊടുക്കാന്‍ ഇപ്പറയുന്നവര്‍ക്ക് സാധിക്കുമോ? വിചാരണ തടവുകാരായി കഴിയുന്ന സ്വന്തം സഖാക്കളോടില്ലാത്ത അലിവും ദയയും മദനിക്കുവേണ്ടിസിപിഎം കാട്ടുമ്പോള്‍ ‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം വോട്ട്’ എന്ന ന്യായം മാത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: