യാങ്കൂണ്‍: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ ഭീകരവിരുദ്ധകോടതിയില്‍ നടക്കുന്ന വിചാരണയില്‍ തെളിവുകള്‍ സമര്‍പ്പിച്ചതുകൊണ്ട് വലിയ പ്രതീക്ഷയില്ലെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യക്ക് തുറന്ന മനസാണ് ഉള്ളത്. നമ്മുടെ ദിശയില്‍ കാര്യങ്ങള്‍ നടക്കണമെന്ന് നിശ്ചയദാര്‍ഢ്യമുണ്ട്. എന്നാല്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടായിട്ടില്ല. പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലികിന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായി ചെയ്ത ചെറിയ നടപടിയാണ് പാക്കിസ്ഥാന് ചെയ്തത്. ഇത് വലിയ കാര്യമായി ഇന്ത്യ കാണുന്നില്ല. കേസിന്റെ വിചാരണ അതിവേഗമാക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ചില പരിമിതികളില്‍ നിന്നുകൊണ്ടുള്ള പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഖുര്‍ഷിദ് പറഞ്ഞു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. റഹ്മാന് മാലികിന്റെ സന്ദര്‍ശനത്തില്‍ തങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. എന്നാല്‍ പാക് സര്‍ക്കാരിന് പല പരിമിതികളും ഉള്ളതായാണ് മനസിലാക്കാന്‍ കഴിയുന്നതെന്നും മാലിക് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് അനുകൂലമായ അന്തരീക്ഷമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന വിദേശകാര്യമന്ത്രി റഹ്മാന് മാലികിന്റെ സന്ദര്‍ശനം ഇത്തരത്തില്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ പാക് സന്ദര്‍ശനത്തിന് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നും മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണ കൂടുതല്‍ മുന്നോട്ട് പോയാല്‍ മാത്രമെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ തീരുമാനമുണ്ടാകുകയുള്ളുവെന്നും ഖുര്‍ഷിദ് പറഞ്ഞു.
മുംബൈ ഭീകാരാക്രമണത്തിന് പാക്കിസ്ഥാനില്‍ പരിശീലനം നടന്നുവെന്ന് സമ്മതിച്ചുകൊണ്ടുള്ള തെളിവുകളാണ് റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധകോടതിയില്‍ സമര്‍പ്പിച്ചത്. ലഷ്കറെതൊയ്ബ ഭീകരരുടെ സിന്ധ് പ്രവിശ്യയിലെ പരിശീലന ക്യാമ്പിന്റെ ചിത്രങ്ങളും പത്ത് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ഉപയോഗിച്ച മോട്ടോര്‍ബോട്ടിന്റെ ചിത്രവും അടങ്ങുന്ന തെളിവുകളാണ് പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കഴിഞ്ഞയാഴ്ച്ച കോടതിയില്‍ സമര്‍പ്പിച്ചത്. ലഷ്കര്‍ ഭീകരന് സഖീര്‍ റഹ്മാന് ലഖ്വി ഉള്‍പ്പെടെ ഏഴ് ഭീകരരുടെ വിചാരണയാണ് പാക്കിസ്ഥാനില്‍ നടന്നുവരുന്നത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മ്യാന്മറിലെത്തിയ വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മ്യാന്മര് പ്രതിപക്ഷ നേതാവ് ആങ്ങ് സാന്‍ സൂകി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: