സിഡ്നി: ഇന്ത്യന്‍ വംശജയായ നഴ്സ് ജസീന്ത സല്‍ദാനയുടെ മരണത്തിനിടയാക്കിയ ഫോണ്‍വിളി നടത്തിയ ഓസ്ട്രേലിയന്‍ എഫ്എം റേഡിയോ അവതാരകര്‍ക്കു വധഭീഷണി ലഭിച്ചതായി ഓസ്ട്രേലിയന്‍ പോലീസ് അറിയിച്ചു. ഇതെതുടര്‍ന്ന് ജീവനക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി 2ഡേ എഫ്എം അധികാരികള്‍ വ്യക്തമാക്കി.
റേഡിയോ അവതാരകനായ മൈക്കിള്‍ ക്രിസ്റ്റ്യന്റെ വിലാസത്തിലാണ് ഭീഷണി കത്ത് എത്തിയത്. വെടിയുണ്ടകള്‍ ക്രിസ്റ്റ്യനെ കാത്തിരിക്കുന്നു എന്നായിരുന്നു കത്തിലെ ഉള്ളടക്കം. കത്തിന്റെ ഉറവിടം ലണ്ടനാണെന്നാണ് പോലീസ് നല്കുന്ന സൂചന. അന്വേഷണം ആരംഭിച്ചതായി ഓസ്ട്രേലിയന്‍ പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയതായി ആസ്ട്രേലിയന്‍ റേഡിയോ ആയ 2ഡേ എഫ്.എം അറിയിച്ചു. പത്തോളം എക്സിക്യൂട്ടീവുകള്‍ക്ക് ബോഡിഗാര്‍ഡുമാരെ ഏര്‍പ്പെടുത്തി. കമ്പനിയിലെ ജീവനക്കാരെ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുള്ള ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നത്.
ലണ്ടനിലെ കിങ്ങ് എഡ്വേഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കേറ്റ് മിഡില്ടണ് രാജകുമാരിയുടെ ആരോഗ്യവിവരം എലിസബത്ത് രാജ്ഞിയും ചാള്‍സ് രാജകുമാരനെന്നും വ്യാജേന ഫോണ്‍ വിളിച്ച് ചോര്‍ത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജസീന്ത കോള്‍ മുറിയിലേക്ക് കണക്ട് ചെയ്യുകയും ചെയ്തു. ഈ ഫോണ്‍കോള്‍ വഴിയാണ് ഗര്‍ഭിണിയായ രാജകുമാരിയുടെ ആരോഗ്യവിവരം പരസ്യമായത്. വ്യാജകോളാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ജസീന്ത ആത്മഹത്യ ചെയ്യുകയായിരുന്നു.
രാജ്ഞിയുടെ നേഴ്സായാണ് ജസീന്തയെ ബന്ധുക്കള്‍ വിശേഷിപ്പിച്ചിരുന്നത്. രാജ കുടുംബം വര്‍ഷങ്ങളായി ചികിത്സ തേടിയിരുന്ന വിഖ്യാതമായ ആശുപത്രിയില്‍ ജോലി ചെയ്യുന്നതു കൊണ്ടായിരുന്നു ഈ വിശേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: