കൊച്ചി: പട്ടികജാതി/പട്ടികവര്‍ഗ വികസന വകുപ്പുകളുടെയും കിര്‍ത്താഡ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനുവരി 19 മുതല്‍ 28 വരെ വടക്കന്‍ പറവൂരില്‍ പൈതൃകോത്സവം നാടന്‍ കലാമേള – പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു.
അന്യം നിന്നു കൊണ്ടിരിക്കുന്ന പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും പട്ടികവിഭാഗങ്ങളുടെ ഉല്പന്നങ്ങള് പ്രദര്‍ശിപ്പിക്കുന്നതിനും, വിപണി കണ്ടെത്തുന്നതിനുമാണ് പ്രദര്‍ശന-വിപണന മേള സംഘടിപ്പിക്കുന്നത്.
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വ്യക്തികള്‍, സൊസൈറ്റികള്‍ തുടങ്ങിയവയുടെ സ്റ്റാളുകളും കിര്‍ത്താഡ്സിന്റെ വംശീയ വൈദ്യ ക്യാമ്പ്, വംശീയ ഭക്ഷണമേള, നാടന്‍ കലാമേള, കിര്‍ത്താഡ്സ് മ്യൂസിയം, വിവിധ വകുപ്പുകളുടെ പവലിയനുകള്‍ തുടങ്ങിയവ മേളയില്‍ ഉണ്ടാകും. എത്നോളജിക്കല്‍ മ്യൂസിയത്തില്‍ കേരളത്തിലെ ഗോത്രവര്‍ഗ സമുദായങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വസ്തുക്കളും, നിത്യോപയോഗ സാധനങ്ങളും, വാദ്യോപകരണങ്ങളും, കാര്‍ഷികോപകരണങ്ങളും പ്രദര്‍ശിപ്പിക്കും.
ചര്‍മ്മരോഗങ്ങള്‍, രക്തസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് ശമനം നല്‍കുന്നതിന് ‘ആവികുളി’, പ്രമേഹം, ആസ്ത്മ, വിഷബാധ, മഞ്ഞപ്പിത്തം, ക്യാന്‍സര്‍, മൂത്രക്കല്ല്, സന്ധിവേദന, വാതം, തൊണ്ടവേദന, ശരീരം മെലിയല്‍ തുടങ്ങിയവയ്ക്ക് കാസര്‍കോട്, അട്ടപ്പാടി, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള 10 പ്രഗത്ഭ വൈദ്യന്മാര് ചികിത്സാ നേതൃത്വം നല്കുന്ന വംശീയ ചികിത്സ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.
അട്ടപ്പാടി മേഖലയില്‍ നിന്നുള്ള കുറുമ്പര്‍, വയനാട്ടില്‍ നിന്നുള്ള മുള്ളുക്കുറുമര്‍ എന്നീ ഗോത്രസമുദായത്തില്പ്പെട്ടവരുടെ വംശീയ ഭക്ഷണമാണ് മേളയിലെ മറ്റൊരു പ്രധാനയിനം. റാഗി വട, ചുക്ക് കാപ്പി, ചാമ ഉപ്പുമാവ്, തിനപ്പായസം, മുളയരി വിഭവങ്ങള്‍, കല്ലിപ്പുട്ട്, കപ്പ, കോഴിക്കറി, കോഴിവരട്ടിയത് തുടങ്ങിയ ഗോത്രവര്ഗത്തിന്റേതായ തനതു വിഭവങ്ങള്‍ മേളയില്‍ ലഭ്യമായിരിക്കും.
എല്ലാ ദിവസവും വൈകുന്നേരം ആറ് മണിമുതല്‍ ഒന്‍പത് മണിവരെ ഗോത്രവര്‍ഗ നാടന്‍ കലാമേള, അന്യസംസ്ഥാനങ്ങളില്‍ നിന്നും പ്രഗത്ഭരായ കലാകാരന്മാര് അവതരിപ്പിക്കുന്ന നാടന്‍കലകളുടെ അവതരണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വര്‍ണ്ണശബളമായ ഘോഷയാത്രയും സംഘടിപ്പിക്കുന്നുണ്ട്. പൈതൃകോത്സവത്തിന്റെ വിജയത്തിനായി ഡിസംബര്‍ 15ന് പറവൂര്‍ എസ്എന്‍ഡിപി യൂണിയന് ഹാളില്‍ വിപുലമായ സംഘാടക സമിതി യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: