വാഷിങ്ങ്ടണ്‍: പ്രമുഖ ആന്റി വൈറസ് സോഫ്റ്റ്വെയറായ മെക്കാഫിയുടെ സ്ഥാപകന്‍ ജോണ്‍ മെക്കാഫിയെ ഗ്വാട്ടിമാലയില്‍ നിന്ന് അമേരിക്കയിലേക്കു നാടുകടത്തി. ബുധനാഴ്ച രാത്രി ഏഴു മണിയോടെ മെക്കാഫി കയറിയ വിമാനം അമേരിക്കയിലെ മിയാമി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങി. ഇവിടെ നിന്നു ഇദ്ദേഹം ടാക്സിയില്‍ മിയാമിയിലെ ഒരു ഹോട്ടലിലേയ്ക്കു പോയതായി അധികൃതര്‍ അറിയിച്ചു.
ഇമിഗ്രേഷന്‍ ഏജന്റുമാരും മെക്കാഫിയെ അനുഗമിച്ചിരുന്നു. കുടിയേറ്റ നിയമമനുസരിച്ചാണ് മക്കാഫിയെ യുഎസിലേയ്ക്കു നാടുകയത്തിയതെന്ന് ഗ്വാട്ടിമാല ഇമിഗ്രേഷന്‍ വക്താവ് ഫെര്‍ണാണ്ടോ ലുസെറോ അറിയിച്ചു. ഗ്വാട്ടിമാലയയിലെ അധികൃതര്‍ തന്നോട് മാന്യമായാണ് പെരുമാറിയതെന്നും ഒരു കുടുംബാംഗത്തെപ്പോലെയാണ് അവര്‍ തന്നോട് പെരുമാറിയതെന്നും മെക്കാഫി പറഞ്ഞു.
അമേരിക്കയിലേക്ക് തിരികെ വരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മെക്കാഫി ബ്ലോഗ് വഴി വ്യക്തമാക്കിയിരുന്നു. അയല്‍വാസിയുടെ മരണവുമായി ബന്ധപ്പെട്ട് ബെലിസ് പോലീസ് മെക്കാഫിയെ അന്വേഷിച്ചുവരുകയായിരുന്നു. പോലീസില്‍ നിന്ന് രക്ഷപ്പെടാനായാണ് മെക്കാഫി ഗ്വാട്ടിമാലയിലേയ്ക്കു പലായനം ചെയ്തത്. അമേരിക്കന്‍ അതിര്‍ത്തി കടന്ന ഇയാളെ കുടിയേറ്റ നിയമം ലംഘിച്ചതിന് ഗ്വാട്ടിമാലയില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.
മധ്യഅമേരിക്കയിലെ കരീബിയന്‍ തീരത്തെ കൊച്ചു രാജ്യമായ ബെലീസിലെ കൊട്ടാരസദൃശ്യമായ വസതിയില്‍ ഉല്ലാസ ജീവിതം നയിച്ചുവരുകയായിരുന്നു മെക്കാഫി. അയല്‍വാസിയും യുഎസ് പൗരനുമായ ഗ്രിഗറി ഫൗലയെ കഴിഞ്ഞമാസം 11ന് കൊലപ്പെടുത്തിയെന്ന കേസില്‍ മെക്കാഫിയെ പിടികിട്ടാപ്പുള്ളിയായി ബെലിസ് പോലീസ് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: