കൊച്ചി: കൊച്ചിയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്. ഗ്രൗണ്ട് നവീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ പൊതുപരിപാടിയും ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനമാണ്. കൊച്ചിയുടെ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരവ് ചൊരിഞ്ഞ് സാംസ്കാരിക പരിപാടികളോടെ ഉദ്ഘാടനച്ചടങ്ങ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.
ഇന്നലെ മേയര്‍ ടോണി ചമ്മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം ഉദ്ഘാടന പരിപാടികള്‍ക്ക് പ്രാഥമിക രൂപം നല്കി. ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, അസിസ്റ്റന്റ് കളക്ടര്‍ ജി.ആര്. ഗോകുല്‍, ഡി.ടി.പി.സി സെക്രട്ടറി ജയശങ്കര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസ് വിതരണത്തിന് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് മേയര്‍ പറഞ്ഞു. ഡി.ടി.പി.സി ഓഫീസ്, ചില്‍ഡ്രന്‍സ് തീയേറ്റര്‍, കാക്കനാട് സിവില്‍ സ്റ്റേഷന്, നഗരസഭ ഓഫീസ് എന്നിവിടങ്ങളില്‍ പാസ് നല്‍കുന്നതിന് കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും. ഡി.ടി.പി.സി ഓഫീസിലും ചില്‍ഡ്രന്‍സ് തീയേറ്ററിലും പാസ് വിതരണം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.നഗരത്തിലെ വിവിധ തിയറ്ററുകളില്‍ നടക്കുന്ന പ്രദര്‍ശനങ്ങള്‍ കാണുവാന്‍ ഡെലിഗേറ്റ് പാസിനു പുറമേ ഓരോ ചിത്രവും പ്രത്യേകം കാണുവാനായി തിയറ്ററുകളില്‍ നിന്ന് തന്നെ ടിക്കറ്റുകള്‍ നല്‍കും. ചിത്രങ്ങളുടെ പ്രത്യേക പാക്കേജൊരുക്കുന്നതും സജീവ പരിഗണനയിലുണ്ട്. ഏറ്റവും കൂടുതല്‍ പേരിലേക്ക് ചലച്ചിത്രോത്സവം എത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മേയര്‍ പറഞ്ഞു.
പ്രധാന ചിത്രങ്ങളുടെ പ്രദര്‍ശനത്തോടനുബന്ധിച്ച് ചിത്രങ്ങളുടെ സംവിധായകരെയും അണിയറ പ്രവര്‍ത്തകരെയും ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കും. ഒപ്പം തന്നെ തുറന്ന സിനിമാ ചര്‍ച്ചകള്‍ക്കായി ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും.
ഇത്തവണത്തെ ഗോവന്‍ ചലച്ചിത്ര മേളയില്‍ രജതപുരസ്കാരം നേടിയ സത്യറായി നാഗ്പോള്‍ സംവിധാനം ചെയ്ത ‘അനേ ഗോറെ ദാ ദാന്‍’ എന്ന ചിത്രം ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ രവീന്ദ്രന് പറഞ്ഞു. കൂടാതെ ഗോവന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ഫ്രഞ്ച് ചിത്രം ‘അമോര്‍’, റുമേനിയന്‍ ചലച്ചിത്രം ‘ബിയോണ്ട് ദി ഹില്‍സ്’ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്റ്റ്യന്‍ മുന്‍ഗിയു സംവിധാനം ചെയ്ത ‘ബിയോണ്ട് ദി ഹില്‍സ്’ കാന്‍ ചലച്ചിത്ര മേളയില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ ചിത്രമാണ്. ജില്ലാ ഭരണകൂടം, കൊച്ചി കോര്പ്പറേഷന്, കൊച്ചിന് ഗേറ്റ് വേ എന്റര്‍ടെയിന്‍മെന്റ് ആന്റ് മാനേജ്മെന്റ് സൊസൈറ്റി, ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, ഡി.ടി.പി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചലച്ചിത്രോത്സവം. നഗരത്തിലെ ഫിലിം സൊസൈറ്റികളും ചലച്ചിത്രോത്സവവുമായി സഹകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: