കൊച്ചി: മെട്രോ റെയില്‍ നിര്‍മാണത്തിന് മുന്നോടിയായി ആലുവ മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാതയുടെ അതിര്‍ത്തി നിര്‍ണയത്തിനുള്ള സര്‍വെ നാളെ ആരംഭിക്കും. ആലുവ, കണയന്നൂര്‍ താലൂക്കുകളിലായി നടക്കുന്ന സര്‍വെയ്ക്ക് അഡീഷണല്‍ തഹസില്‍ദാര്‍മാര്‍ മേല്‍നോട്ടം വഹിക്കും. ഹെഡ് സര്‍വെയര്‍മാരുടെ നേതൃത്വത്തില്‍ പത്തു പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് സര്‍വെ നടത്തുക.
രണ്ട് താലൂക്കുകളുടെയും അതിര്‍ത്തിയായ കളമശ്ശേരിയില്‍ നിന്നും ഇടപ്പള്ളിയിലേക്കും ആലുവയിലേക്കുമാണ് സര്‍വെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പറഞ്ഞു. നാളെ രാവിലെ എട്ടിന് സര്‍വെ ആരംഭിക്കും. സര്‍വെയ്ക്ക് മുന്നോടിയായി സ്ഥലം സംബന്ധിച്ച രേഖകള്‍ ഇന്ന് സര്‍വെ സംഘങ്ങള്‍ക്ക് ലഭിക്കും.
മെട്രോ റെയിലിനുള്ള തൂണുകള്‍ സ്ഥാപിച്ച ശേഷവും ദേശീയപാതയുടെ വീതി നാലുവരിയായി നിലനിര്‍ത്താനാകുമോ എന്ന പരിശോധനയാണ് സര്‍വെയില്‍ പ്രധാനമായും നടക്കുക. ഭൂരിഭാഗം സ്ഥലങ്ങളിലും ദേശീയപാത നാലുവരിയായി നിലനിര്‍ത്തുന്നതിനുള്ള വീതിയുണ്ടെന്ന് നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വീതിയില്ലാത്ത സ്ഥലങ്ങളില്‍ ഭൂമി ഏറ്റെടുക്കും.
സര്‍വെ രണ്ടാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കാനാണ് കളക്ടറുടെ നിര്‍ദേശം. ആദ്യത്തെ ഒരാഴ്ചയ്ക്കു ശേഷം സര്‍വെയുടെ വിലയിരുത്തല്‍ നടക്കും. സര്‍വെയ്ക്കായി പുറമെ നിന്നുള്ള തൊഴിലാളികളെയും നിയോഗിക്കുന്നുണ്ട്. പ്രാഥമിക ചെലവുകള്‍ക്കായി 60000 രൂപയും അനുവദിച്ചു. അതിര്‍ത്തി അളന്നു തിരിക്കുന്ന മേഖലയില്‍ അപ്പോള്‍ തന്നെ കല്ലുകള്‍ സ്ഥാപിക്കണമെന്ന് ദേശീയപാത അതോറിറ്റിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി. സര്‍വെ സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡപ്യൂട്ടി കളക്ടര്‍ മോഹന്‍ദാസ് പിള്ള, സര്‍വെ സൂപ്രണ്ട് നളിനി, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: