കൊച്ചി: മാറാട് കൂട്ടക്കൊല കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്ന് ഹിന്ദുഐക്യവേദി സമ്പൂര്‍ണ്ണ സംസ്ഥാന സമിതിയോഗം ആരോപിച്ചു. സുപ്രീംകോടതിയില്‍ നടക്കുന്ന മാറാട് സംഭവത്തിലെ അപ്പീല്‍ കേസില്‍ ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സീനിയര്‍ അഭിഭാഷകനെ നിശ്ചയിക്കാതെയും, തടസങ്ങള്‍ എല്ലാം നീങ്ങിയിട്ടും സിബിഐ അന്വേഷണം പ്രഖ്യാപിക്കാതെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഹിന്ദുക്കളെ വഞ്ചിക്കുകയാണ്.
ഹൈക്കോടതിയും മാറാട് കമ്മീഷനും സിബിഐ അന്വേഷണത്തെ തുടക്കത്തില്‍തന്നെ എതിര്‍ത്ത സിപിഎം, കോണ്‍ഗ്രസ്, ലീഗ് കക്ഷികളും യുഡിഎഫ് മുന്നണിയും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകഴിഞ്ഞു. ഇനിയും സിബിഐ അന്വേഷണത്തിന് തടസമെന്തെന്ന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ വ്യക്തമാക്കണം.
ശബരിമലയെ പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍നിന്നും ഒഴിവാക്കി കാനനക്ഷേത്രത്തെ സംരക്ഷിക്കാന്‍ 25 ചതുരശ്ര കിലോമീറ്റര്‍ ക്ഷേത്രാധിവാസഭൂമി ഡി. ലിങ്ക് ചെയ്യുക, ദേവസ്വം ബോര്‍ഡിന്റെ സ്വതന്ത്രഭരണ നിര്‍വഹണാധികാരം ഇല്ലാതാക്കിയ ദേവസ്വം ഓര്‍ഡിനന്‍സ് പിന്‍വലിക്കുക, 100 രൂപ ഉപദേശകസമിതി അംഗത്വഫീസ് പിന്‍വലിക്കുക, ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കുക, മകരജ്യോതി തെളിയിക്കാനുള്ള അവകാശം മലഅരയര്‍ക്ക് നല്‍കുക എന്നീ ആവശ്യങ്ങളടങ്ങിയ പ്രമേയങ്ങള്‍ സംസ്ഥാന സമിതിയോഗം അംഗീകരിച്ചു.
ഹിന്ദുഐക്യവേദി പത്താം സംസ്ഥാന സമ്മേളനം ഏപ്രില്‍ 5, 6, 7 തീയതികളില്‍ തിരുവനന്തപുരത്ത് നടത്താന്‍ സംസ്ഥാന സമിതി തീരുമാനിച്ചു. എറണാകുളം ഹിന്ദുസാംസ്ക്കാരിക കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. യോഗം സംസ്ഥാന രക്ഷാധികാരി ആചാര്യ എം.കെ.കുഞ്ഞോല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്, ഇ.എസ്.ബിജു, ആര്.വി.ബാബു, വി.ആര്.സത്യവാന്, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.എന്‍.രവീന്ദ്രനാഥ്, സംസ്ഥാന സംഘടനാ സെക്രട്ടറിമാരായ കെ.പി.ഹരിദാസ്, എം.രാധാകൃഷ്ണന്, വി.സുശികുമാര്‍, സി.ബാബു, സംസ്ഥാന ട്രഷറര്‍ കെ.അരവിന്ദാക്ഷന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: