ലണ്ടന്‍: താലിബാന് ഭീകരരുടെ ആക്രമണത്തില്‍ തലയ്ക്ക് വെടിയേറ്റ് ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന പാക് സ്കൂള്‍ വിദ്യാര്‍ത്ഥിനി മലാല യൂസഫ് സായിയെ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി സന്ദര്‍ശിച്ചു. ബര്‍മിംഗ് ഹാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലെത്തിയ അദ്ദേഹം മലാലയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടര്‍മാരുടെ സംഘവുമായി സംസാരിച്ചു. അപകടനില തരണം ചെയ്ത മലാല സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്നും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും മെഡിക്കല്‍ ഡയറക്ടര്‍ ഡേവ് റോസര്‍ സര്‍ദാരിയെ അറിയിച്ചു.
മലാലയുടെ ആത്മധൈര്യവും നിശ്ചയദാര്‍ഢ്യവും അഭിനന്ദനാര്‍ഹമാണെന്നും മലാലയ്ക്കെതിരെ ആക്രമണം നടന്ന ശേഷം പാക്കിസ്ഥാനില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ പാക് ജനതയുടെ ഭീകരവിരുദ്ധ നിലപാടുകളുടെ പ്രതിഫലനമാണെന്നും സര്‍ദാരി പറഞ്ഞു.
തനിക്കെതിരെയുണ്ടായ ആക്രമണത്തിനുശേഷം തന്റെ കുടുംബത്തിന് സംരക്ഷണം ഏര്‍പ്പെടുത്തുകയും തനിക്ക് ബ്രിട്ടനില്‍ വിദഗ്ദ്ധ ചികിത്സ ഒരുക്കുകയും ചെയ്ത പാക് സര്‍ക്കാരിന് മലാല നന്ദി അറിയിച്ചു. ഒക്ടോബര്‍ ഒന്‍പതിനാണ് മലാലയെ സ്വാത് താഴ്വരയില് വച്ച് ഭീകരര്‍ വെടിവച്ചത്. മതേതരത്വം പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റം ആരോപിച്ചാണ് മലാലയെയും കൂട്ടുകാരികളെയും സ്കൂള്‍ വാഹനം തടഞ്ഞു നിര്‍ത്തി താലിബാന് ഭീകരര്‍ ആക്രമിച്ചത്.
തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന് നടത്തുന്ന പ്രതിരോധത്തിന്റെ അടയാളമാണ് മലാലയെന്ന് അടുത്തിടെ നടത്തിയ പ്രസംഗങ്ങളില്‍ സര്‍ദാരി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: