തലശ്ശേരി: മമ്പറം കീഴത്തൂരിലെ എം.കെ.രാഘവനെ (൬൫) തലശ്ശേരി കണ്ടിക്കല്‍ ശ്മശാനത്തിനടുത്തുള്ള സിറ്റി പ്ളാസ്റ്റിക് കമ്പനിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസന്വേഷണത്തിലെ അലംഭാവം വിവാദമാകുന്നു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് സിറ്റി പ്ളാസ്റ്റിക് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ രാഘവനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് ഡോഗ് സ്ക്വാഡും ഫിംഗര്‍ പ്രിണ്റ്റുകാരും ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കൊലപാതകത്തെക്കുറിച്ച് ഒരു തുമ്പും കണ്ടെത്താനാവാത്തതാണ് പോലീസിന് അപമാനകരമാവുന്നതും നാട്ടുകാര്‍ക്കിടയില്‍ അഭ്യൂഹങ്ങള്‍ പരത്തി വിവാദമാകുന്നതും. മാഹിയിലെ കുപ്രസിദ്ധ കള്ളനോട്ട് കേസിലെ പ്രതികളുടെ അടുത്ത ബന്ധുവിണ്റ്റേതാണ് രാഘവന് ജോലി ചെയ്തിരുന്നതും കൊല ചെയ്യപ്പെടുകയും ചെയ്ത സ്ഥാപനം. സിറ്റി പ്ളാസ്റ്റിക് കമ്പനി ഉടമക്കും ബന്ധുക്കള്‍ക്കുമായി നിരവധി ആക്രിക്കടകള്‍ തലശ്ശേരിയിലും പരിസരത്തുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ആക്രിക്കടകള്‍ കേന്ദ്രീകരിച്ചാണ് കള്ളനോട്ട് ചെലവഴിച്ചിരുന്നതെന്ന ആരോപണവും നാട്ടുകാര്‍ക്കിടയില്‍ നിലനില്‍ക്കെയാണ് ദുരൂഹ സാഹചര്യത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് താലിബാന് മോഡലില്‍ കൊല ചെയ്യപ്പെടുന്നത്. കേസന്വേഷണത്തിണ്റ്റെ തുടക്കത്തില്‍ സ്ഥാപന ഉടമയെയും മറ്റും ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ബംഗാള്‍ സ്വദേശികളായ രണ്ട് തൊഴിലാളികള്‍ നാട്ടിലേക്ക് പോയിരുന്നതായും അവരെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ കൊലപാതകം നടന്ന് ഒരാഴ്ചയായിട്ടും പോലീസിന് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല എന്നതാണ് വസ്തുത. എന്നാല്‍ എസ്പിയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ നേതൃത്വത്തിലുള്ള അന്വേഷണം നടത്തുകയാണെങ്കില്‍ മാത്രമേ കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനാവുകയുള്ളൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. കള്ളനോട്ട് ശൃംഖലക്ക് ബന്ധമുള്ള സ്ഥാപനത്തില്‍ നടന്ന കൊലപാതകമായതിനാല്‍ ഉന്നത തലത്തില്‍ പിടിപാടുള്ളവര്‍ കേസ് തേയ്ച്ച് മായ്ച്ച് കളയാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ സംശയിക്കുന്നു. പ്രതികളെ കുറിച്ച് ഒരു സൂചന പോലും ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത ലോക്കല്‍ പോലീസിന് നേരത്തെ ഫസല്‍ കൊലപാതകം ഉള്‍പ്പെടെ പല കേസുകളിലും നേരിട്ട അപമാനം ഈ കേസിലും ഉണ്ടാകുമോ എന്നാണ് ചില പോലീസുകാര്‍ പോലും സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: