കൊച്ചി: എറണാകുളം എസ്ആര്‍വി സ്കൂളില്‍ നടന്ന ബാങ്ക് വായ്പ കുടിശിക നിവാരണത്തിനുള്ള റവന്യു റിക്കവറി അദാലത്തില്‍ വിവിധ പരാതികളിന്മേല് 1.25 കോടി രൂപയുടെ കുടിശിക എഴുതിത്തള്ളി. മൊത്തം ലഭിച്ച 220 പരാതികളില്‍ 150 പരാതികള്‍ പരിഹരിച്ചതായും ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. കുഷ്ടരോഗം, ക്യാന്‍സര്‍, കിഡ്നി സംബന്ധമായ രോഗം തുടങ്ങി മാറാരോഗമുള്ള അഞ്ചു പേരുടെ വായ്പ പൂര്‍ണമായി എഴുതിത്തള്ളിയതായും കളക്ടര്‍ പറഞ്ഞു.
മറ്റു കേസുകളില്‍ നിശ്ചിത ഗഡുക്കളായി മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ പലിശ ഒഴിവാക്കിയതായും തിരിച്ചടക്കാനുള്ള കാലാവധി നീട്ടിയും നല്‍കിയിട്ടുണ്ട്. ഒറ്റദിവസത്തെ തീര്‍പാക്കല്‍ പദ്ധതിയായ അദാലത്തില്‍ തീര്പാകാത്ത ബാക്കി പരാതികള്‍ താലൂക്ക് അടിസ്ഥാനത്തില്‍ നടത്തുന്ന അദാലത്തില്‍ പരിഗണിക്കും. ബിപിഎല്‍ കുടുംബങ്ങളിലെ വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളുന്നതിനുള്ള അപേക്ഷ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കുന്നതിന് നടപടിയെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.
സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നും ഒരു ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പ എടുത്തിരുന്ന വടുതല സ്വദേശി മാര്‍ഗരറ്റിനോട് മൂന്ന് മാസത്തിനകം മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പരാതിയുമായി അദാലത്തിനെത്തിയത്. സ്വന്തമായി ഭൂമി പോലുമില്ലാത്ത മാര്‍ഗരറ്റിന്റെ ഭര്‍ത്താവ് ഹൃദ്രോഗി കൂടിയാണെന്ന് ബോധ്യപ്പെട്ട കളക്ടര്‍ പത്ത് മാസത്തിനകം പലിശയില്ലാതെ അടച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചു. യൂണിയന് ബാങ്കിന്റെ ചെലവന്നൂര്‍ ശാഖയില്‍ നിന്നും 3.40 ലക്ഷം വായ്പയെടുത്തത് എട്ട് ലക്ഷമായതിന്റെ പരാതിയുമായാണ് ലിസ്സി അദാലത്തിനെത്തിയത്. പഠനശേഷം വിദേശത്തു ജോലിക്കു പോയ മകളുടെ ഇതേ ശാഖയുടെ എന്‍.ആര്.ഐ അക്കൗണ്ടില്‍ നിന്നും മാനദണ്ഡങ്ങളൊന്നുമില്ലാതെ ബാങ്ക് പണം പിന്‍വലിക്കുന്നതായും ലിസ്സി പരാതിപ്പെട്ടു. പരാതി പരിശോധിച്ച് ഉടന്‍ നടപടി സ്വീകരിക്കണമെന്നും തിരിച്ചടവിന് സമയമനുവദിക്കണമെന്നും ബാങ്കിനോട് കളക്ടര്‍ നിര്‍ദേശിച്ചു.
സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ കാലടി ശാഖയില്‍ നിന്നും എടുത്ത ഭവന വായ്പയ്ക്ക് റിക്കവറി ട്രിബ്യൂണലിന്റെ സ്റ്റേയുമായാണ് സുഹറ എത്തിയത്. ഭവന വായ്പയ്ക്ക് പുറമെ വിദ്യാഭ്യാസ വായ്പയും സുഹറ കൈപറ്റിയിരുന്നു. ഭവനവായ്പ തിരിച്ചടവില്‍ രണ്ടു മാസത്തെ വീഴ്ച വരുത്തിയതിന്റെ കാരണത്താല്‍ വിദ്യാഭ്യാസ ലോണിന്റെ മൂന്നാമത്തെ ഗഡു ബാങ്ക് അനുവദിക്കാതിരുന്നത് മകന്റെ പഠനത്തേയും ബാധിച്ചു. പലിശയടക്കം ഭീമമായ തുക ഒരു മാസത്തിനകം തിരിച്ചടക്കണമെന്ന ബാങ്കിന്റെ നോട്ടീസും ഇതിനിടെ ലഭിച്ചു. പ്രശ്നത്തില്‍ തിരിച്ചടവിന് സമയമനുവദിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.
യൂണിയന് ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയില്‍ നിന്നും ക്ഷീര കര്‍ഷകര്‍ക്കായി അനുവദിക്കുന്ന 35000 രൂപവായ്പയെടുത്ത് ഒരു ലക്ഷം രൂപയായത് ഇളവ് ചെയ്യണമെന്ന അഭ്യര്ഥനയുമാണ് മോഹനന് എത്തിയത്. മോഹനന്റെ പരാതിയില്‍ വായ്പയെടുത്ത 35000 രൂപമാത്രം വിവിധ ഗഡുക്കളായി മാര്‍ച്ചിനകം അടച്ചാല്‍ മതിയെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഇത്തരത്തിലുള്ള 150 പരാതികളുടെ കുരുക്കാണ് അദാലത്തിലൂടെ തീര്‍പ്പാക്കിത്. ബാങ്കുകളുടേയും ഉദ്യോഗസ്ഥരുടേയും അകമഴിഞ്ഞ സഹായം അദാലത്തിനെ ജനകീയമാക്കിയെന്നും തീര്പാകാത്ത പരാതികളില്‍ താലൂക്ക്തല അദാലത്തുകളില്‍ തീര്പുണ്ടാക്കുമെന്നും ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: