കൊല്ലം: സിപിഐക്ക് പിന്നാലെ ചവറയില്‍ സിപിഎമ്മും ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്നു.
ഡിസംബര്‍ ആറിനായിരുന്നു നാടകാവതരണത്തിന്റെ അറുപതാം വാര്ഷികദിനമെന്നിരിക്കെ ഡിസംബര്‍ 11നാണ് സിപിഎം വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം സിപിഎം നേതാവായിരുന്ന സി.പി. കരുണാകരന്‍പിള്ളയുടെ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും പാര്‍ട്ടി സംഘടിപ്പിച്ചിട്ടുണ്ട്.
ചവറ നല്ലേഴുത്ത്മുക്കില് 11ന് വൈകിട്ട് അഞ്ചിന് നടക്കുന്ന നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകാവതരണത്തിന്റെ വാര്‍ഷികാഘോഷ സമ്മേളനം ഒ എന്‍ വി കുറുപ്പ് ഉദ്ഘാടനം ചെയ്യുമെന്ന് പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംഘാടക ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് എം.കെ. ഭാസ്കരന് അധ്യക്ഷത വഹിക്കും. മന്ത്രി ഷിബുബേബിജോണ്‍, എന്‍. പീതാംബരക്കുറുപ്പ് എംപി, എം.എ. ബേബി എംഎല്‍എ, സി ദിവാകരന് എംഎല്‍എ, എന്‍.കെ. പ്രേമചന്ദ്രന്, തെങ്ങമം ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിക്കും.
സമ്മേളനത്തിന് ശേഷം ഒ.എന്‍.വി. കുറുപ്പ് രചിച്ച കെപിഎസിയുടെ 14 നാടക ഗാനങ്ങള്‍ കൈരളി ടിവി ഗായകസംഘം അവതരിപ്പിക്കും. പ്രമുഖ സിപിഎം നേതാവും ട്രേഡ് യൂണിയന് നേതാവുമായിരുന്ന സി.പി. കരുണാകരന്‍പിള്ളയുടെ സ്മാരകമായി നിര്‍മിച്ച ചവറ ഏരിയാ കമ്മിറ്റി ഓഫീസ് 31ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: