വിഖ്യാത രചനാ സിദ്ധികള്‍ നിറത്തിന്റെ ചാരുതയാല്‍ വിവരിക്കുന്ന ഒരു പ്രദര്‍ശനം. മലയാളക്കരയുടെ നമ്പൂതിരിയുടെ, ഓമനത്വം തുളുമ്പുന്ന പെണ്മണികള്. ഒന്നിലേറെ ചിത്രങ്ങള്‍ ഭാവവൈവിധ്യത്താല് വേറിട്ടുനില്ക്കുന്നു. ഹരി കാംബോജിയില്‍ മലയാളികള്‍ ഇന്നും മറക്കാത്ത “അമ്പലക്കുളങ്ങര കുളിക്കാന്‍ ചെന്നപ്പോള്‍ അയലത്തെപ്പെണ്ണുങ്ങള്‍ കളിയാക്കി” എന്ന ഗാനത്തിനെ നിറക്കൂട്ടുകളാല്‍ നമ്പൂതിരി ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇന്ന് കാഴ്ചയില്‍ തന്നെ കാണാന്‍ സാധിക്കാത്ത ഒന്നായ നാടന്‍ സ്ത്രീകളെ ഭംഗിയാക്കിത്തീര്ത്തിട്ടുണ്ട്. നളകൂബരന്മാര്‍ക്ക് മോക്ഷം നല്കാന് ഉരലില്‍ ബന്ധിക്കപ്പെട്ട ഉണ്ണികൃഷ്ണനും വേറിട്ട ചിത്രമാണ്.
എറണാകുളം നഗര സിരാകേന്ദ്രമായ സൗത്തിലെ നാണപ്പ ആര്‍ട്ട് ഗ്യാലറിയിലാണ് നമ്പൂതിരിയുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഒരുപക്ഷെ വിദ്യാര്ത്ഥിയായിരിക്കവെയാകും ഇത്രയേറെ ഓയില്‍ പെയിന്റിംഗ് വര്‍ക്ക് ചെയ്തിരിക്കുക. ഏഴ് ചിത്രങ്ങള്‍ ഈ ഗണത്തില്‍ എഴുതിത്തീര്ത്തിട്ടുണ്ട്. സ്ത്രീപക്ഷ രചനകള്‍. 2011 ലും 12 ലുമായി തീര്‍ത്ത ഏഴുചിത്രങ്ങളും നമ്പൂതിരിയുടെ സുഹൃത്തിന് വേണ്ടി വരഞ്ഞതു തന്നെയാണ്. എണ്ണഛായാ ചിത്രങ്ങള്‍ അതും നമ്പൂരിയുടേത് കണ്ടാലും മതി വരാത്ത അനുഭവം നമുക്ക് തരും. ചാര്‍ക്കോളില്‍ വരഞ്ഞ ആനയും കഥകളി വേഷവും മാസ്റ്റര്‍ പീസു വര്‍ക്കു തന്നെയാണ്. അണിയറയില്‍ വേഷം ഒരുക്കുകയും മനയോല തേക്കുന്ന നടനേയും കയ്യടക്കത്തോടെ ആവിഷ്ക്കരിച്ചിട്ടുണ്ട്.
ആയോധന കലയിലെ മെയ്വഴക്കങ്ങളുടെ കമനീയ രൂപങ്ങള്‍ അതിശയപ്പെടുത്തുന്നവയാണ്. ബാലന്മാര് മുതല്‍ പയറ്റുമുറകള്‍ സായത്തമാക്കിയ പടത്തലവന്മാരുടെ ചുവടുകളുടെ ധന്യമായ ഭാവം അനുഭവചാര്ത്താണ്. ആയുധങ്ങളുമായി അടരാടുന്ന രംഗം ശ്രദ്ധേയമാണ്. രേഖാ ചിത്രങ്ങള്‍ക്കൊപ്പമാണ് നമ്പൂതിരി വായനക്കാരെ കൂട്ടിക്കൊണ്ടുപോയിരുന്നത്. അതില്‍നിന്നും ഒരു മാറ്റത്തിന്റെ തിരനോട്ടമാണ് ഓയില്‍ പെയിന്റിംഗിന്റെ കമനീയത.
വിവിധ മാധ്യമങ്ങള്‍കൊണ്ട് തീര്‍ത്ത 15 ല്‍ പരം ചിത്രങ്ങളാണ് കലാധരന്‍ ഒരുക്കിയെടുത്ത ഈ പ്രദര്‍ശനശാലയില്‍. പുതിയ ചിത്രങ്ങള്‍കൊണ്ട് മിനഞ്ഞെടുത്ത ഈ പ്രദര്‍ശനം അപൂര്‍വതയില്‍ തിളങ്ങി നില്ക്കുന്നു.
ഗൗരവത്തോടെ നില്ക്കുന്ന കരിവീരന്റെ ഒരു ത്രിമാന രൂപം ചാര്ക്കോളിലാണ് വരഞ്ഞിരിക്കുന്നത്. ഗജസൗന്ദര്യത്തെ ഏറെ പഠനം നടത്തിയ അദ്ദേഹത്തിന്റെ വിരലിലൂടെ പിറന്ന നല്ല ചിത്രമാണിത്. സ്ത്രീ രൂപത്തെ ഇത്രയേറെ ആഴത്തില്‍ വിവരിക്കുന്ന രചനാപാടവം ഒരു പക്ഷെ മറ്റാര്‍ക്കുമില്ല. കണ്ണിന്റെ സൂക്ഷ്മാംശങ്ങള്‍ ഇല്ലാതെ നിറഞ്ഞ ഭാവം അതേപടി നിലനിര്‍ത്താനും ഓരോന്നിനും വേറെ വേറെ രസങ്ങള്‍ വിരിയുന്നു എന്നതാണ് സവിശേഷത.
സമയമേതും പാഴാക്കാതെ, വിശ്രമം ക്യാന്വാസിന് മുകളില്ത്തീര്ക്കുന്ന ഈ ഭുവനൈക കലാകാരന്റെ മേന്മയേറിയ വരകള്‍ ഇനിയും തെളിഞ്ഞുവന്നാലും അത്ഭുതപ്പെടാനില്ല. ഇത് നമ്പൂതിരിയുടെ യുഗം തന്നെ. അതെല്ലാം കാണാനും അനുഭവിക്കാനും നമുക്കും അവസരം തന്നു എന്നതാണ് ജഗദീശ്വര അനുഗ്രഹം.
>> പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: