ശാസ്താംകോട്ട: ശാസ്താംകോട്ട ടൗണിലെ ഓട്ടോറിക്ഷാ സ്റ്റാന്റ് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ബിഎംഎസ് ശാസ്താംകോട്ട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നത്തൂര്‍ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ടൗണ്വികസനം എന്ന പേര് പറഞ്ഞ് ചില കച്ചവടക്കാരുടെ താല്പര്യത്തിനായി ഓട്ടോറിക്ഷാ തൊഴിലാളികളെ ടൗണില്‍ നിന്നും നീക്കം ചെയ്തതിനെതിരെ ഓട്ടോതൊഴിലാളികള്‍ നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ നിരവധി തൊഴിലാളികള്‍ പങ്കെടുത്തു.
ശാസ്താംകോട്ട ടൗണിലുള്ള 20 ഏക്കറോളം വരുന്ന റവന്യൂ പുറമ്പോക്കില്‍ അനധികൃതമായി കയ്യേറ്റം നടത്തി കച്ചവടസ്ഥാപനങ്ങള്‍ കെട്ടിഉയര്‍ത്തിയ വന്‍തോക്കുകള്‍ക്കെതിരെ ചെറുവിരലനക്കാന്‍ അധികൃതര്‍ മടിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എന്‍ടിയു സംസ്ഥാന സെക്രട്ടറി പി.എസ്. ഗോപകുമാര്‍ ആരോപിച്ചു. ശാസ്താംകോട്ടയില്‍ ഇന്നുള്ള കച്ചവടസ്ഥാപനങ്ങള്‍ അധികവും റവന്യൂ പുറംപോക്കിലാണ്. കെഎസ്ആര്‍ടിസി സ്റ്റാന്റും വികസനത്തിന് തടസ്സമായി അതിന് മുന്നിലുള്ള കടകളും ഇടിച്ചുമാറ്റാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മടികാട്ടുകയാണ്. ശാസ്താംകോട്ട മാര്‍ക്കറ്റും ആശുപത്രി പരിസരവും സ്വകാര്യ വ്യക്തികള്‍ കയ്യേറി. ഇവരെ ഒന്നും ഒഴിപ്പിക്കാതെ പട്ടിണിപ്പാവങ്ങളായ ഓട്ടോറിക്ഷാ തൊഴിലാളികളെ കുടിഒഴിപ്പിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും നേരിടുമെന്ന് ഗോപകുമാര്‍ വ്യക്തമാക്കി. വേങ്ങ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. മുരളീധരന്, ശശികുമാര്‍, ഓമനക്കുട്ടന് തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ചിന് മണികണ്ഠന്, രാജേന്ദ്രന്, സജി, വിക്രമന്, അനില്‍കുമാര്‍, വിനീത്, രഞ്ചിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: