കൊല്ലം: നാരായണീയ മഹോത്സവം എറണാകുളം കലൂര്‍ പാവക്കുളം ശ്രീമഹാദേവക്ഷേത്ര സന്നിധിയില്‍ 30 മുതല്‍ ജനുവരി ആറുവരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 16008 ശ്രീകൃഷ്ണ വിഗ്രഹങ്ങളില്‍ ഭക്തലക്ഷങ്ങളുടെ ശതകോടി അര്‍ച്ചന ജനുവരി അഞ്ചിന് എറണാകുളം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടില്‍ വൈകിട്ട് മൂന്നിന് നടക്കും. ശതകോടി അര്‍ച്ചനയില്‍ ജില്ലയില്‍ നിന്ന് അഞ്ച് ആചാര്യന്മാരുടെ നേതൃത്വത്തില്‍ 1200 ഭക്തര്‍ പങ്കെടുക്കും.
നാരായണീയ മഹോത്സവത്തിന് തുടക്കം കുറിച്ച് പാവക്കുളം ക്ഷേത്രസന്നിധിയില്‍ 30ന് രാവിലെ ആറിന് സൂര്യകാലടി ജയസൂര്യന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമം നടക്കും. വേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥം മേല്പത്തൂര് ഇല്ലത്തെ പരദേവതാ ക്ഷേത്രമായ ചന്ദനക്കാവില്‍ നിന്ന് രാവിലെ പത്തിന് കലൂരില്‍ എത്തിച്ചേരും. ഇതോടൊപ്പം 425 ക്ഷേത്രങ്ങളില്‍ നിന്നും 425 നാരായണീയവും വഹിച്ചുകൊണ്ടുള്ള ശോഭായാത്രകളും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രധാന വേദിയായ പാവക്കുളം ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. രാവിലെ പത്തിന് ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പ്രതിഷ്ഠയും കൊടിയേറ്റവും നടക്കും. തുടര്‍ന്ന് നാരായണീയ ഗ്രന്ഥങ്ങള്‍ കൊണ്ടുവരുന്നതിന് നേതൃത്വം വഹിക്കുന്ന ക്ഷേത്രഭാരവാഹികളെ ആദരിക്കും. വൈകിട്ട് നാലിന് ഉദ്ഘാടന സമ്മേളനവും തുടര്‍ന്ന് നാരായണീയ മാഹാത്മ്യപ്രഭാഷണവും നടക്കും. 31 മുതല്‍ ജനുവരി ആറുവരെ രാവിലെ ഓങ്കാരം, സുപ്രഭാതം, നഗരസങ്കീര്‍ത്തനം എന്നിവ അഡ്വ. ഗോവിന്ദഭരതന്റെ നേതൃത്വത്തില്‍ നടക്കും.
31ന് വൈകിട്ട് എട്ടിന് ടി.എസ്. രാധാകൃഷ്ണജിയുടെ നേതൃത്വത്തില്‍ ഭജനോത്സവം, ജനുവരി ഒന്നിന് വൈകിട്ട് ആറിന് ശ്രീസത്യസായി കേരളഘടകം ഒരുക്കുന്ന സത്യസായി ഉത്സവം, രണ്ടിന് വൈകിട്ട് ആറിന് മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരിയുടെ നേതൃത്വത്തില്‍ അമൃതോത്സവം, മൂന്നിന് വൈകിട്ട് ആറിന് ചിന്മയാമിഷനും ചിന്മയാ വിദ്യാലയവും ഒരുക്കുന്ന ചിന്മയോത്സവം, നാലിന് വൈകിട്ട് ആറിന് വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ആര്ഷജ്ഞാനോത്സവവും നടക്കും.
സ്വാമി ഭൂദാനന്ദതീര്ത്ഥര്, വാഴൂര്‍ ആശ്രമം മഠാധിപതി പ്രജ്ഞാനാനന്ദതീര്‍ത്ഥ, സ്വാമിനി കൃഷ്ണപ്രിയാനന്ദ സരസ്വതി, സ്വാമി നിര്‍മ്മലാനന്ദഗിരി, പ്രൊഫ. വൈദ്യലിംഗശര്‍മ്മ, ശെങ്കാലിപുരം കേശവദീക്ഷിതര്, വെണ്മണി കൃഷ്ണന് നമ്പൂതിരി, എളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ, പ്രൊഫ.എം.വി. വാസുദേവന്‍പോറ്റി, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, പ്രൊഫ, ബാബുദാസ്, ഡോ.പി.സി. മുരളീമാധവന്‍, വിനോദ്കുമാര്‍, ഇന്ദിര കൃഷ്ണകുമാര്‍, രാധാംബികാദേവി വൃന്ദാവനം, പ്രൊഫ. ഒറവങ്കര അച്യുതന് നമ്പൂതിരി, തോട്ടം ശ്യാമന് നമ്പൂതിരി, തോട്ടം നാരായണന് നമ്പൂതിരി, വെണ്മണി ഭവദാസ് നമ്പൂതിരിപ്പാട് തുടങ്ങി അനവധി പണ്ഡിത ശ്രേഷ്ഠര്‍ വേദിയില്‍ നാരായണീയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ ബാലകൃഷ്ണന് നീലിയത്ത്, എസ്. സുവര്‍ണകുമാര്‍, കെ.ആര്. ഉണ്ണിത്താന്, എസ്.ജെ.ആര്. കുമാര്‍, സി.എസ്. ശൈലേന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: