ശാസ്താംകോട്ട: സ്കൂള്‍ യുവജനോത്സവത്തിന് പരസ്യമായി പോത്തിനെ വെട്ടി ഇറച്ചി വിളമ്പിയതിനെത്തുടര്ന്നുണ്ടായ വാക്കേറ്റം വന്‍ സംഘര്‍ഷമായി. സംഘടിതരായെത്തിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കലോത്സവനഗരിയില്‍ അതിക്രമിച്ചു കയറി നടത്തിയ അഴിഞ്ഞാട്ടത്തില്‍ വിദ്യാര്‍ത്ഥികളും സംഘാടകരുമടക്കം അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.
ശാസ്താംകോട്ട ഉപജില്ലാ കലോത്സവം നടക്കുന്ന ശൂരനാട് വടക്ക് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. പച്ച പാന്റും ടീഷര്‍ട്ടും ധരിച്ച് കലോത്സവ വേദിയിലേക്ക് ഇരച്ചുകയറിയ ഇരുപതോളം പേരടങ്ങുന്ന പോപ്പുലര്‍ ഫ്രണ്ട് സംഘം കണ്ണില്‍കണ്ടവരെയെല്ലാം അക്രമിക്കുകയായിരുന്നു. പരിപാടികളില്‍ പങ്കെടുക്കാന്‍ വന്ന വിദ്യാര്‍ത്ഥികളും സംഘാടകരും അധ്യാപകരുമടക്കം അമ്പതോളം പേര്‍ക്ക് മര്‍ദനമേറ്റു. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഭയന്ന് ഉച്ചത്തില്‍ അലറിവിളിച്ച് നാലുപാടും ചിതറിയോടി. പ്രദേശത്ത് അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം പോലീസ് എത്തിയതോടെയാണ് പിന്മാറിയത്. കലോത്സവത്തിന്റെ ആദ്യദിവസമാണ് ഉച്ചയൂണിനായി പോത്തിനെ സ്കൂള്‍ കോമ്പൗണ്ടില്‍ ഇട്ട് പരസ്യമായി വെട്ടി ഇറച്ചിയാക്കിയത്. ഇത് നാട്ടുകാരും വിദ്യാര്‍ത്ഥികളും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചെറിയ തോതിലുള്ള സംഘര്‍ഷവുമുണ്ടായി.
ഇതിനിടെ പോപ്പുലര്‍ ഫ്രണ്ടുകാരനായ ഒരു വിദ്യാര്‍ത്ഥി പെണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ ഒളിച്ചു കയറി ക്യാമറയില്‍ അശ്ലീലചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് എബിവിപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാരന്‍ മര്‍ദ്ദനമേറ്റിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു. സംഘര്‍ഷം അവസാനിച്ചെങ്കിലും ഭക്ഷണത്തില്‍ ഇറച്ചിവിളമ്പിയതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് നാട്ടുകാര്‍ പരസ്യമായി പ്രഖ്യാപിച്ചത് ഫുഡ്കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ചില പോപ്പുലര്‍ ഫ്രണ്ടുകാരെ ചൊടിപ്പിച്ചിരുന്നു.
ഇതിന്റെ പ്രതികാരമെന്നോണമാണ് ഇന്നലെ രാവിലെ ശൂരനാട് വടക്ക് തെക്കേമുറി ഭാഗത്തുനിന്നുമെത്തിയ ആക്രമിസംഘം തേര്‍വാഴ്ച നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സ്കൂള്‍ അധികൃതരും കലോത്സവ സംഘാടകരും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും പോലീസ് വൃത്തങ്ങള്‍ ഈ അഭ്യര്‍ത്ഥന ചെവിക്കൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇന്നലെ രാവിലെ പോപ്പുലര്‍ഫ്രണ്ടുകാര്‍ അക്രമം നടത്തുമ്പോള്‍ കലോത്സവ സ്ഥലത്ത് ഒരു പോലീസുകാരന് പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല സ്കൂളില്‍ സംഘര്‍ഷം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എത്തിയ ശൂരനാട് എസ്ഐ സന്ദീപും സംഘവും കലോത്സവ നഗറിലെത്തി നിരപരാധികളായ കുട്ടികളുടെ നേര്‍ക്ക് ലാത്തി വീശുകയായിരുന്നത്രെ. ലാത്തിയടിയില്‍ പരിക്കേറ്റ മത്സരാര്‍ത്ഥിയായ ഭരണിക്കാവ് ജെഎംഎച്ച്എസിലെ ഒരു വിദ്യാര്‍ത്ഥിയെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിച്ചു.
പോപ്പുലര്‍ ഫ്രണ്ട് അക്രമത്തിന് ശേഷം വന്‍ പോലീസ് സന്നാഹത്തിന്റെ സംരക്ഷണത്തില്‍ ഉച്ചയോടെയാണ് കലാമേള തുടങ്ങിയത്. ഡിവൈഎസ്പി ആന്റോയുടെ നേതൃത്വത്തില്‍ ശൂരനാട്, ശാസ്താംകോട്ട, കിഴക്കേകല്ലട, എഴുകോണ്‍, കരുനാഗപ്പള്ളി പോലീസ്സ്റ്റേഷനിലെ എസ്ഐമാരടക്കമുള്ള പോലീസ്പട തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: