കൊച്ചി: പൊതുമരാമത്ത് വകുപ്പിനെ ആഗോള നിലവാരത്തിലേക്കുയര്‍ത്തി അടിസ്ഥാന സൗകര്യ വികസനത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം മുന്‍നിര്‍ത്തി വര്‍ഷം തോറും ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത് ഈ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബോള്‍ഗാട്ടി പാലസില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ് 2012ന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഈ രംഗത്ത് മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനായി സംഘടിപ്പിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സിനെ കുറിച്ച് ആദ്യഘട്ടത്തില്‍ ചിലര്‍ പ്രകടിപ്പിച്ച സംശയങ്ങള്‍ക്കെല്ലാം പരിഹാരമായിക്കഴിഞ്ഞു. കോണ്‍ഫറന്‍സിലെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ള പരിഷ്കാരങ്ങളാണ് വകുപ്പില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
നാല്പത് വര്‍ഷം പഴക്കമുള്ള പൊതുമരാമത്ത് വകുപ്പിന്റെ മാനുവല്‍ പരിഷ്കരിച്ചു കൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ ഈ രംഗത്തെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആഗോളതലത്തില്‍ നിര്‍മാണരംഗത്ത് വന്നിട്ടുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സമഗ്ര പരിഷ്കാരമാണ് മാനുവലില്‍ വരുത്തിയിരിക്കുന്നത്. വകുപ്പ് സമീപകാലത്ത് നടപ്പാക്കിയ ഇ ടെന്‍ഡര്‍, ഇ പേമെന്റ്, പെര്‍ഫോമന്‍സ് ഗ്യാരണ്ടി എന്നിവയും കോണ്‍ഫറന്‍സില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളായിരുന്നു, മന്ത്രി ചൂണ്ടിക്കാട്ടി.
കെഎസ്ടിപിക്ക് കീഴില്‍ മൊത്തം 195 കിലോമീറ്റര്‍ വരുന്ന 13 റോഡുകളും 75 കിലോമീറ്റര്‍ ശബരിമല റോഡുകളുമാണ് പെര്‍ഫോമന്‍സ് ഗ്യാരണ്ടി പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണി നടത്തി കേടുപാടില്ലാതെ റോഡുകള്‍ അഞ്ച് വര്‍ഷം ഉന്നതനിലവാരത്തില്‍ നിലനിര്‍ത്തുന്നതിനുള്ള പദ്ധതിയാണിത്. റോഡുകളുടെ നിലവാരത്തിന് ഉദ്യോഗസ്ഥരും കരാറുകാരും ഇതോടെ ഒരുപോലെ ഉത്തരവാദിത്തം വഹിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. താമസിയാതെ സംസ്ഥാനമൊട്ടാകെ ഈ പദ്ധതി വ്യാപിപ്പിക്കും.
ആസ്തികളുടെ സംരക്ഷണം, പരിപാലനം, നൂതന സാമ്പത്തിക സ്രോതസുകള്‍ ഉപയോഗിച്ചുള്ള റോഡ് വികസനം എന്നിവയ്ക്കും പൊതുമരാമത്ത് വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. റോഡ് വികസനത്തിനായി കേരള റോഡ് വികസന കോര്പ്പറേഷന് സര്‍ക്കാര്‍ രൂപം നല്കി. 1204 കിലോമീറ്റര്‍ റോഡിന്റെ വികസനത്തിനായി 4692 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയും ലഭിച്ചു. ഹരിത നിര്‍മാണ രീതികള്‍ക്ക് പ്രാധാന്യം നല്കി പരിസ്ഥിതി സൗഹൃദ പരമായ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിലേക്കും പൊതുമരാമത്ത് വകുപ്പ് കടക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരം, ഹൈക്കോടതിയുടെ പുതിയ ബ്ലോക്ക് എന്നിവ ഹരിത നിര്മിതികളായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ കാര്യവട്ടത്തുള്ള ഹൈവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷണത്തിന്റെ കുറവ് നികത്തുന്നതിനും മികവിന്റെ കേന്ദ്രമാക്കുന്നതിനും വിപുലമായ പദ്ധതി നടപ്പാക്കും. ഇതു സംബന്ധിച്ച് എല്സാമെക് എന്ന സ്പാനിഷ് കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പില്‍ മികവ് തെളിയിക്കുന്ന എന്‍ജിനീയര്‍മാരെ ആദരിക്കുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെയാണ് കൈക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: