കാസര്‍കോട്: മധൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് എതിരാളി പോലുമില്ലാത്ത ചരിത്ര വിജയം. മധൂര്‍ ഒന്‍പതാം വാര്‍ഡായ കോട്ടക്കണ്ണിയില്‍ 566 വോട്ടിന്റെ ഭൂരിപക്ഷം നേടി ബിജെപി സ്ഥാനാര്‍ത്ഥിയായ ജയശ്രീ വിജയം നേടിയപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് കേവലം അഞ്ച് വോട്ടുകള്‍. യുഡിഎഫ് സ്വതന്ത്രയായി മത്സരിച്ച ഫാത്തിമ ബീവിക്കാണ് അഞ്ച് വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. പത്ത് വോട്ടുകള്‍ അസാധുവായി.
മധൂര്‍ – പഞ്ചായത്തില്‍ നിലവില്‍ ബിജെപിക്ക്15ഉം യുഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഉപതിരഞ്ഞെടുപ്പിലെ കനത്ത പരാജയം പ്രതിപക്ഷ കക്ഷിയായ യുഡിഎഫിന് വന്‍തിരിച്ചടിയായി. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സിപിഎം നല്കിയ ‘സഹായവും’ യുഡിഎഫിന് രക്ഷയായില്ല. ഭരണ നേട്ടം പ്രചരണ ആയുധമാക്കിയ ബിജെപിക്കുമുന്നില്‍ തുടക്കം മുതല്ക്കു തന്നെ യുഡിഎഫ് തോല്‍വി സമ്മതിച്ചിരുന്നു. ഫലം വന്നപ്പോള്‍ തന്നെ രണ്ടക്കം പോലും കാണാന്‍ കഴിയാതെ വന്നത് കോണ്‍ഗ്രസിനെയും ലീഗിനെയും നാണക്കേടിലാക്കുകയും ഞെട്ടിക്കുകയും ചെയ്തു.
പാര്‍ട്ടി ഭാരവാഹികള്‍ പോലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്നും യുഡിഎഫില്‍ ആരോപണമുയര്‍ന്നിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രയത്നിച്ച എല്ലാവര്ക്കും ബിജെപി മധൂര്‍ പഞ്ചായത്ത് കമ്മിറ്റി നന്ദി രേഖപ്പെടുത്തി. ഭരണ മികവിന് ജനങ്ങള്‍ നല്കിയ അംഗീകാരമാണ് ഉപതിരഞ്ഞെടുപ്പ് വിജയമെന്നും യുഡിഎഫിന്റെ അവസരവാദനയം വോട്ടര്‍മാരെ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബിജെപി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: