കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ വധം സി.ബി.ഐ. തന്നെ അന്വേഷിക്കണമെന്ന് ബി.ജെ.പി. ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന് പിള്ള പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസ് സി.ബി.ഐ. തന്നെ അന്വേഷിക്കണമെന്ന കാര്യത്തില്‍ ബി.ജെ.പി. ഉറച്ചു നില്‍ക്കുകയാണ്. ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസ് സി.പി.എമ്മും ഉന്നത പോലീസുകാരും ചേര്‍ന്ന് ഗൂഢാലോചന നടത്തി അട്ടിമറിച്ചുവെന്നത് തലശ്ശേരി സെഷന്‍സ് കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കിയതാണ്. ഇതിന്റെ മേല്‍ നടപടികള്‍ക്കായി വിധിന്യായത്തിന്റെ കോപ്പി കോടതി സര്‍ക്കാരിന് അയക്കുകയും ചെയ്തു. 2003 ആഗസ്തില്‍ വിധിന്യായം പുറപ്പെടുവിച്ചെങ്കിലും മാറി മാറി വന്ന യു.ഡി.എഫ് – എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ ഇത് ചെവിക്കൊണ്ടില്ല. മേല്‍ നടപടികള്‍ സ്വീകരിക്കാതെ ബോധപൂര്‍വ്വം തമസ്കരിക്കുകയും ചെയ്തു. ജയകൃഷ്ണന് മാസ്റ്റര്‍ കേസ് അട്ടിമറിച്ച ഉന്നത പോലീസുകാര്‍ ഉള്‍പ്പെടുന്ന കേരളാ പോലീസിന് പകരം ഈ കേസ്സ് സി.ബി.ഐയെക്കൊണ്ട് അന്വേഷിച്ചാല്‍ മാത്രമേ നീതി നടപ്പാക്കാനാവുകയുള്ളൂ.
ജയകൃഷ്ണന് മാസ്റ്റര്‍ കേസ്സില്‍ സുപ്രീം കോടതി കുറ്റക്കാരനെന്ന് കണ്ട് ജീവപര്യന്തം തടവിന് ശിക്ഷിച്ച ലോക്കല്‍ സെക്രട്ടറി പ്രദീപനെ പാര്‍ട്ടി ഏരിയാ കമ്മറ്റിയിലേക്ക് പ്രമോഷന് നല്കി. വാഴ്ത്തപ്പെട്ടവനാക്കി സി.പി.എം. ഇയാളെ സംഭവം നടന്ന അതേ സ്കൂളിന്റെ പി.ടി.ഐ. പ്രസിഡന്റാക്കുകയും ചെയ്തു. ഉന്നത നീതിപീഠത്തിന്റെ വിധിയെപ്പോലും അംഗീകരിക്കാതെയുള്ള ഈ സ്റ്റാലിനിസ്റ്റ് സമീപനം ജനാധിപത്യത്തിനും സമാധാനപരമായ ജനജീവിതത്തിനും കനത്ത മുറിവാണ് ഏല്‍പ്പിച്ചിട്ടുള്ളത്.
ജയകൃഷ്ണന് മാസ്റ്റര്‍ കേസ് അന്വേഷണം മാത്രമല്ല സി.പി.എം. – പോലീസ് കൂട്ടുകെട്ട് തലശ്ശേരിയില്‍ അട്ടിമറിച്ചിട്ടുള്ളത്. ബി.ജെ.പി. ജില്ലാ സെക്രട്ടറി പന്ന്യന്നൂര്‍ ചന്ദ്രന് കൊല്ലപ്പെട്ട കേസ്സിലെ വിധിന്യായത്തിലും, കൂത്തുപറമ്പിലെ വക്കീല്‍ ഗുമസ്ഥന് മോഹനന് കൊല്ലപ്പെട്ട കേസ്സിലും ആയിത്തറയിലെ തട്ടുപറമ്പത്ത് ശശി കൊല്ലപ്പെട്ട കേസ്സിലും, ആര്.എസ്.എസ്. മുന്‍ പ്രചാരക് രാജന്റെ വധകേസ്സിലും, എന്‍.ഡി.എഫ്.കാരനായ ഫസല്‍ വധക്കേസ്സിലും പോലീസ് അന്വേഷണം അട്ടിമറിച്ച കാര്യം കോടതികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വക്കീല്‍ ഗുമസ്തന് മോഹന്‍ വധക്കേസ്സില്‍ സി.പി. എമ്മിന്റെ ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി പി. ജയരാജന് പ്രതിയായിരുന്നു. ഈയടുത്ത ദിവസം തലശ്ശേരി കോടതി നിരപരാധികളായ ആര്.എസ്.എസ്. പ്രവര്‍ത്തകരെ വിട്ടയച്ച കോടിയേരി ദാസന് വധകേസ്സില്‍ കോടതി മുറിയിക്കുള്ളില്പ്പോലും രേഖകളില്‍ സി.പി.എമ്മും പോലീസ്സും ചേര്‍ന്ന് കൃത്രിമം നടത്തിയതായി കോടതി കണ്ടെത്തുകയും കുറ്റക്കാര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. അട്ടിമറിക്കപ്പെട്ട കേസ്സുകളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസ് – സി.പി.എം. ഇടപെടലുകള്‍ക്കെതിരേ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. ചില മുസ്ലിം തീവ്രവാദ സംഘടനകളുടെ സ്വാധീനത്തിനും എതിര്‍പ്പിനും വഴങ്ങി തിരുവനന്തപുരത്ത് പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന് വാങ്ങുന്നത് ശരിയല്ല.
നിയമപരമായും ധാര്‍മ്മികപരമായും ശരിയല്ലാത്ത പ്രതിമാ വിരുദ്ധ നടപടികളെ സര്‍ക്കാര്‍ തള്ളിക്കളയുകയും അനശ്വര കലാകാരന്മാരായ സത്യന്റെയും പ്രേംനസീറിന്റെയും ഓര്‍മ്മ നിലനിര്‍ത്താന്‍ പ്രതിമകള്‍ സ്ഥാപിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: