കേരളത്തിലേക്ക് വ്യവസായ സംരംഭങ്ങള്‍ കൊണ്ടുവരാന്‍ തനിക്ക് ഭയമാണെന്ന് എ.കെ.ആന്റണി പ്രസ്താവിച്ചപ്പോള്‍ എന്തൊരു കോലാഹലമായിരുന്നു. സംസ്ഥാനം ഭരിക്കുന്ന ഉമ്മന്‍ചാണ്ടിക്കും വ്യവസായ വകുപ്പ് ഭരിക്കുന്ന കുഞ്ഞാലിക്കുട്ടിക്കും എതിരെ ആന്റണി പ്രയോഗിച്ച ബ്രഹ്മാസ്ത്രമെന്നും ബ്രഹ്മോസ് മിസെയിലെന്നും മറ്റും ആ പ്രസ്താവന വിശേഷിപ്പിക്കപ്പെട്ടു. ഈ രണ്ട് നേതാക്കള്‍ക്കെതിരെയുള്ള ആന്റണിയുടെ ആനപ്പകയാണ് തിരുവനന്തപുരത്തെ പൊതുചടങ്ങില്‍ വെച്ച് കേരളത്തിന്റെ പ്രതിഛായയ്ക്കും നിക്ഷേപസാധ്യതകള്ക്കും തുരങ്കം വയ്ക്കുന്ന പരാമര്‍ശത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും വ്യാഖ്യാനങ്ങള്‍ വന്നു.പരസ്യമായല്ലെങ്കിലും പി.കെ.കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ പാര്‍ട്ടി മുസ്ലീംലീഗും പ്രതിരോധമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചു.
കുഞ്ഞാലിക്കുട്ടി പ്രതിഷേധം അറിയിച്ചത് മന്ത്രിസഭായോഗത്തിലും മുസ്ലീംലീഗ് പ്രതികരിച്ചത് സംസ്ഥാന നേതൃയോഗത്തിലും ആയിരുന്നു. മാധ്യമങ്ങള്‍ ആന്റണിയുടെ പ്രസ്താവന ആഘോഷിച്ചു. രാഷ്ട്രീയ ജ്യോത്സ്യന്മാര് പല നിര്‍വചനങ്ങള്‍ നല്കി. പല പ്രവചനങ്ങളും നടത്തി. തങ്ങള്‍ക്ക് കേന്ദ്രമന്ത്രിയില്‍നിന്ന് കിട്ടിയ പ്രശംസയില്‍ സിപിഎം നേതാക്കള്‍ മതി മറന്നു. കേരളത്തില്‍ സിപിഎമ്മിന് ഒരു സഖ്യകക്ഷിയെ കൂടി കിട്ടിയെന്നു വരെ പിബി അംഗം സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു. പക്ഷെ ആന്റണി പ്രസ്താവന പിന്‍വലിക്കാനോ തിരുത്താനോ കൂട്ടാക്കിയില്ല. തന്റെ അഭിപ്രായപ്രകടനത്തില്‍ പാറപോലെ ഉറച്ച് നിന്ന ആന്റണി അത് രാഷ്ട്രീയവല്ക്കരിക്കേണ്ടെന്ന് മാത്രമാണ് പിന്നീട് കൂട്ടിച്ചേര്‍ത്തത്.
ആന്റണി നടത്തിയതായി ആരോപിക്കപ്പെട്ട പ്രതിഛായ ഭജ്ഞനം, അതില്‍ പ്രതിഷേധിച്ച കുഞ്ഞാലിക്കുട്ടിയും കഴിഞ്ഞ ദിവസം മറ്റൊരു രീതിയില്‍ ആവര്‍ത്തിച്ചു. ‘കുതിരയുടെ വായില്‍നിന്ന് നേരിട്ട്’ എന്ന ഇംഗ്ലീഷ് പ്രയോഗമാണ് വ്യവസായ മന്ത്രിയില്‍നിന്ന് നേരിട്ട് തന്നെ വ്യവസായാന്തരീക്ഷത്തെ കുറിച്ച് ഒരഭിപ്രായ പ്രകടനം പരസ്യമായി ഉണ്ടാവുമ്പോള്‍ അതിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ ആന്റണി പറഞ്ഞത് വന്‍ വാര്‍ത്തയായി.
വിവാദമായി. അതിനെ കുറിച്ച് വിശകലനവും വ്യാഖ്യാനവുമായി. പക്ഷെ അതേ സത്യം മറ്റൊരു രീതിയില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞതിന് വാര്‍ത്താപ്രാധാന്യം കിട്ടിയില്ല. വിവാദവുമായില്ല. വ്യവസായ മന്ത്രിയെന്ന നിലയ്ക്ക് കുഞ്ഞാലിക്കുട്ടി പറഞ്ഞതിനായിരുന്നു വാസ്തവത്തില്‍ വാര്‍ത്താ മൂല്യം. മനുഷ്യനെ പട്ടി കടിക്കുന്നതല്ല, മനുഷ്യന് പട്ടിയെ കടിക്കുന്നതാണല്ലോ വാര്‍ത്ത. ഇവിടെ കുഞ്ഞാലിക്കുട്ടി സ്വയം കടിക്കുകയാണ് ചെയ്തത്. ഫുട്ബോള്‍ ഭാഷയില്‍ പറഞ്ഞാല്‍ ഫലത്തില്‍ ഒരു ‘സെല്‍ഫ് ഗോള്‍’ ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ കൊച്ചിയിലെ ഒരു വ്യവസായ സ്ഥാപനത്തിന്റെ രജത ജൂബിലി ഉദ്ഘാടന പ്രസംഗത്തിലെ ആ പരാമര്‍ശം. ആന്റണി കേരളത്തിലെ നിക്ഷേപ കാലാവസ്ഥയെപ്പറ്റി നടത്തിയ വിവാദപ്രസംഗവും ഒരു വ്യവസായ സ്ഥാപനത്തിന്റെ ചടങ്ങിലായിരുന്നു. അവിടെയെന്നപോലെ ഇവിടെയും വേദിയില്‍ ഇടതുമുന്നണിയുടെ മുന്‍മന്ത്രി സഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എളമരം കരീം സന്നിഹിതനായിരുന്നു. കരീമിനെ കൂടാതെ മറ്റൊരു മുന്‍ വ്യവസായ മന്ത്രി ഗൗരിയമ്മയും ബിജെപി നേതാവ് ഒ.രാജഗോപാലും കുഞ്ഞാലിക്കുട്ടിയോടൊപ്പം ഇവിടെ വേദി പങ്കിട്ടു.
ആന്റണി പറഞ്ഞതും കുഞ്ഞാലിക്കുട്ടി പറഞ്ഞതും തമ്മില്‍ വാക്കുകളിലെ വ്യത്യാസം മാത്രം. ആശയവും അര്‍ത്ഥവുമൊക്കെ ഏതാണ്ട് ഒന്ന് തന്നെ. അതായത് അല്‍പ്പം വൈകിയാണെങ്കിലും ആന്റണിയുടെ അഭിപ്രായം കുഞ്ഞാലിക്കുട്ടിയും അംഗീകരിക്കുന്നു എന്നര്‍ത്ഥം. കേരളത്തിലെ വ്യവസായാന്തരീക്ഷം തന്റെ ഭരണത്തിന് കീഴിലും അത്ര മെച്ചമല്ലെന്ന് തന്നെയാണ് കുഞ്ഞാലിക്കുട്ടിയുടെ കുമ്പസാരം. ഇവിടെ വ്യവസായം നടത്തി വിജയിക്കുക എളുപ്പമല്ലത്രെ.
കേരളത്തിലേക്ക് വ്യവസായ സംരംഭങ്ങള്‍ കൊണ്ടുവരാന്‍ ഭയമാണെന്ന് ആന്റണി പറഞ്ഞെങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന കേരളത്തില്‍ വ്യവസായം നടത്തി വിജയിക്കണമെങ്കില്‍ വ്യവസായിക്ക് വല്ലാത്ത ചങ്കുറപ്പ് വേണമെന്നാണ്. കുഞ്ഞാലിക്കുട്ടി സമര്‍ത്ഥിക്കുന്നത്. “വ്യവസായങ്ങള്‍ നിലനില്‍ക്കുന്നത് ചങ്കുറപ്പ് കൊണ്ട്: കുഞ്ഞാലിക്കുട്ടി” എന്ന തലക്കെട്ടില്‍ ‘ജന്മഭൂമി’ പ്രസിദ്ധീകരിച്ച വാര്‍ത്ത വായിച്ചപ്പോള്‍ അല്‍പ്പം അവിശ്വസനീയമായാണ് ആദ്യം അനുഭവപ്പെട്ടത്. ആന്റണിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച കുഞ്ഞാലിക്കുട്ടി അതിന്റെ ചൂടാറുന്നതിന് മുമ്പ് ആ പ്രസ്താവനയുടെ ചുവട് പിടിച്ച് സ്വയം ഒരു പ്രസ്താവന നടത്തി അറിഞ്ഞോ അറിയാതെയോ ഒരു ‘സെല്‍ഫ് ഗോള്‍’ അടിക്കുമോ എന്ന് അത്ഭുതപ്പെട്ടു. അതേ ദിവസത്തെ മറ്റു പത്രങ്ങളില്‍ കൂടി പരതിയപ്പോഴാണ് വാര്‍ത്ത നൂറ് ശതമാനം വിശ്വാസ്യയോഗ്യമെന്ന് ബോധ്യമായത്. ‘ചങ്കുറപ്പുള്ള വ്യവസായികള്ക്കേ രക്ഷയുള്ളൂ’ എന്ന തലക്കെട്ടാണ് മനോരമ നല്‍കിയിരുന്നത്. വാര്‍ത്ത ഇങ്ങനെ. ഐക്യജനാധിപത്യമുന്നണിയോട് ആഭിമുഖ്യം പുലര്‍ത്തുന്നതുകൊണ്ട് ആ പത്രത്തിലെ വരികള്‍ തന്നെ ഉദ്ധരിക്കട്ടെ, “നല്ല ചങ്കുറപ്പുള്ളവര്‍ക്ക് മാത്രമേ കേരളത്തില്‍ വ്യവസായവുമായി മുന്നോട്ട് പോകാനാവൂ. അത്രമാത്രം പരീക്ഷണങ്ങളാണ് ഇവിടെ വ്യവസായം തുടങ്ങുന്നവര്‍ അഭിമുഖീകരിക്കുന്നത്…” ഇത് തന്നെയല്ലേ വാസ്തവത്തില്‍ ആന്റണിയും ഉദ്ദേശിച്ചത്. കേരളത്തിലേക്ക് വ്യവസായം കൊണ്ടുവരാന്‍ ഭയമാണെന്നതിനാലല്ലേ നല്ല ചങ്കുറപ്പ് വേണമെന്ന് പറയുന്നത്.
ഇനി എന്താണ് ഈ “നല്ല ചങ്കുറപ്പ്” കൊണ്ട് കുഞ്ഞാലിക്കുട്ടി ഉദ്ദേശിക്കുന്നത്. പച്ച മലയാളമാണ് ചങ്കുറപ്പ് എന്നത്. അത് അല്‍പ്പം സംസ്കൃതവല്‍ക്കരിച്ചാല്‍ ഇച്ഛാശക്തിയെന്ന് പറയാം. എങ്കില്‍ പിന്നെ ഈ ചങ്കുറപ്പ് വ്യവസായ നടത്തിപ്പിന് മാത്രം മതിയോ എന്നതാണ് സംശയം. വിജയകരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഭരണനിര്‍വഹണത്തിനും വേണ്ടേ ഈ ചങ്കുറപ്പ്? ചങ്കുറപ്പിന്റെ കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ കടത്തിവെട്ടാന്‍ ഇന്ന് കേരള രാഷ്ട്രീയത്തില്‍ ആരും ഉണ്ടെന്ന് തോന്നുന്നില്ല. പലയവസരങ്ങളില്‍ അദ്ദേഹം അത് അസന്നിഗ്ദ്ധമായി നമുക്ക് തെളിയിച്ചു തരികയും ചെയ്തിട്ടുണ്ട്. ചില്ലറക്കാരനല്ലാത്ത ആന്റണി തന്നെ കുഞ്ഞാലിക്കുട്ടിയുടെ ചങ്കുറപ്പ് ഒരിക്കല്‍ അനുഭവിച്ചതാണ്. ആ പകയാണ് ഇന്നും ആന്റണി മനസ്സില്‍ സൂക്ഷിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
അതിനൊക്കെ മുമ്പ് അസാമാന്യമായ ഇച്ഛാശക്തിയുടെ ഉടമയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സാക്ഷാല്‍ കെ.കരുണാകരന് പോലും കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറം മോഡല്‍ ചങ്കുറപ്പിനുമുന്നില്‍ ആയുധം വെച്ച് കീഴടങ്ങിയതാണ്. കുഞ്ഞാലിക്കുട്ടിയുടെ ചങ്കുറപ്പ് കാരണമാണല്ലൊ കരുണാകരനും പിന്നീട് ആന്റണിയും ഇന്ദ്രപ്രസ്ഥത്തിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായത്. അഞ്ചാം മന്ത്രിയെന്ന ആവശ്യത്തിനുമുന്നില്‍ ഉമ്മന്‍ചാണ്ടി മുട്ടുകുത്തിയതും ഇന്ന് മുസ്ലീംലീഗിന്റെ മുന്നില്‍ മുഖ്യമന്ത്രി കാല്മുട്ടിലിഴയുന്നതും കുഞ്ഞാലിക്കുട്ടിയുടെ ചങ്കുറപ്പ് കാരണമാണല്ലോ.
ചങ്കുറപ്പുള്ള വ്യവസായികള്ക്കേ കേരളത്തില്‍ രക്ഷയുള്ളൂ എന്ന് വ്യവസായ മന്ത്രി ആയിരിക്കെ പരസ്യമായി പ്രഖ്യാപിക്കാന്‍ അസാമാന്യ ചങ്കുറപ്പ് തന്നെ വേണം. അത് കുഞ്ഞാലിക്കുട്ടിക്ക് മാത്രം സ്വന്തം. എളമരം കരീമോ ഗൗരിയമ്മയോ, അവര്‍ക്കും മുമ്പെ വ്യവസായ മന്ത്രിമാരായിരുന്ന ടി.വി.തോമസോ കെ.എ.ദാമോദരമേനോനോ ഒന്നും പ്രകടിപ്പിക്കാത്ത ഒരു ചങ്കുറപ്പാണ് കുഞ്ഞാലിക്കുട്ടിയുടേത്. എവിടെനിന്ന് കിട്ടി ഈ ചങ്കുറപ്പ്? പനിനീര് കലര്‍ത്തിയ സംസം ജലം കൊണ്ട് വിശുദ്ധ ‘കഅബ’ കഴുകി മക്കയില്‍ നിന്ന് മടങ്ങിയെത്തിയ ഉടനെ പങ്കെടുത്ത പരിപാടിയിലെ പ്രസംഗമായതിനാലാവുമോ കുഞ്ഞാലിക്കുട്ടിക്ക് ഇങ്ങനെ വെട്ടിത്തുറന്ന് പറയാനുള്ള ചങ്കുറപ്പ്. എങ്കില്‍, ബോലോ തക്ബീര്‍! അല്ലാഹു അക്ബര്‍!!
>> ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: