കെയ്റോ: ഭരണഘടനാ വിരുദ്ധ പ്രക്ഷോഭം ശക്തമായ ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കൊട്ടാരം വിട്ടതായി റിപ്പോര്‍ട്ട്. തന്റെ കൊട്ടാരത്തിന് പുറത്ത് പ്രതിഷേധക്കാര്‍ ബഹളം കൂട്ടുമ്പോള്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി പിന്‍വാതില്‍ വഴി രക്ഷപെട്ടതായാണ് റിപ്പോര്‍ട്ട്. ചില മാധ്യമങ്ങളാണ് കൊട്ടാരത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ കീ്റോയിലെ മുര്‍സിയുടെ കൊട്ടാരത്തിന് പുറത്ത് പ്രതിഷേധക്കാരും പോലീസുകാരും ഏറ്റുമുട്ടുമ്പോഴായിരുന്നു മുര്‍സി പിന്‍വാതിലിലൂടെ രക്ഷപെട്ടത്.
സംഭവം നടക്കുമ്പോള്‍ കൊട്ടാരത്തിലുണ്ടായിരുന്ന മുര്‍സി സുരക്ഷാഉദ്യോഗസ്ഥരുടെ ഉപദേശ പ്രകാരം രക്ഷപെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് മുര്‍സിയുടെ വക്താവ് നിഷേധിച്ചിട്ടുണ്ട്. ജോലികള്‍ തീര്‍ത്ത ശേഷമാണ് പ്രസിഡന്റ് കൊട്ടാരത്തില്‍ നിന്ന് പോയതെന്നും സാധാരണ അദ്ദേഹം പോകാറുള്ള വാതില്‍ വഴി തന്നെയാണ് പുറത്തിറങ്ങിയതെന്നുമാണ് വക്താവിന്റെ വിശദീകരണം. ജുഡീഷ്യറിക്ക് ഉപരിയായി അധികാരങ്ങള്‍ കവര്‍ന്നെടുക്കാനുള്ള മുര്‍സിയുടെ ശ്രമത്തില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തിന് സമീപം തടിച്ചുകൂടി പ്രതിഷേധിച്ചത്.
പ്രതിഷേധക്കാര്‍ കൊട്ടാരം വളയുമെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് മുര്‍സി കൊട്ടാരം വിട്ടത്. ഇന്നലെ മുര്‍സിക്കെതിരെ പതിനായിരക്കണക്കിന് പ്രക്ഷോഭകരാണ് കൊട്ടാരത്തിന് പുറത്ത് വളഞ്ഞത്. മുര്‍സിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടക്കുന്നത്. പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് മുന്നേറിയ പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രക്ഷോഭകര്‍ക്കുനേരെ കണ്ണീര് വാതകവും ലാത്തിയും പ്രയോഗിച്ചു. ഈജിപ്തിലെ പുതിയ ഭരണഘടനക്കെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. ഇതോടെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ ഈജിപ്ത് സര്‍ക്കാരിന്റെ നില പരുങ്ങലിലായിരിക്കുകയാണ്.
ഈ മാസം 15 ഭരണഘടനയിന്മേലുള്ള ജനഹിത പരിശോധ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതിനിടയിലാണ് മുര്‍സി കൊട്ടാരം വിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. മുര്‍സി കൊട്ടാരം വിട്ടത് സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക ചര്‍ച്ചകള്‍ക്കുശേഷമാണ് മുര്‍സി കൊട്ടാരം വിട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈജിപ്തിലെ പ്രമുഖ ചാനലുകളും ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിപ്ലവം സംരക്ഷിക്കാനായി കൂടുതല്‍ അധികാരങ്ങള്‍ കയ്യടക്കാനും കോടതികള്‍ക്ക് അതീതനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്ത മുര്സിയ്ക്കെതിരെയാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്.
മുര്‍സിക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് പ്രതിപക്ഷ കക്ഷികളും വ്യക്തമാക്കി. ബ്രദര്‍ഹുഡിനു മുന്‍തൂക്കമുള്ള ഭരണഘടനാ അസംബ്ലി പിരിച്ചുവിടരുത്. താന്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്യരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഉത്തരവാണ് മുര്‍സി പുറപ്പെടുവിച്ചത്. എന്നാല്‍ ഇതിനെതിരെ രാജ്യത്തെ ജഡ്ജിമാര്‍ രംഗത്തെത്തിയിരുന്നു. മുര്‍സിക്കെതിരെ ജഡ്ജിമാര്‍ ദേശീയ സമരംവരെ പ്രഖ്യാപിച്ചിരിക്കുകയാണ്. 15ന് നടക്കുന്ന ഹിതപരിശോധന ജഡ്ജിമാര്‍ ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: