കൊച്ചി: കുടിയേറ്റ തൊഴിലാളികളെ സാക്ഷരരാക്കുന്നതിന് സായാഹ്നക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. ഹിന്ദി, ഒറിയ ഭാഷകളില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മറുനാടന്‍ തൊഴിലാളികളില്‍ വലിയൊരു വിഭാഗം അക്ഷരാഭ്യാസമില്ലാത്തവരാണെന്ന് സര്‍വെയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സായാഹ്ന സാക്ഷരതാ ക്ലാസുകള്‍ക്ക് ജില്ല പഞ്ചായത്ത് രൂപം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ, തൊഴില്‍ വകുപ്പുകളും രാജഗിരി ഔട്ട്റീച്ചിന്റെ മൈഗ്രന്റ് സുരക്ഷയും ചേര്‍ന്ന് സംഘടിപ്പിച്ച ഹം മിതൃ മറുനാടന്‍ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. മെഡിക്കല്‍ ക്യാമ്പ്, കലാപരിപാടികള്‍, ഹെല്‍ത്ത് കാര്‍ഡ് വിതരണം, ബോധവല്‍ക്കരണ ചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവയോടെയാണ് സംഗമം സംഘടിപ്പിച്ചത്.
വിവിധ സ്ഥലങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിലാണ് സായാഹ്ന ക്ലാസുകള്‍ നടത്തുക. കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ ഭാഷ പരിജ്ഞാനമുള്ളവരെ ക്ലാസുകളെടുക്കാന്‍ കണ്ടെത്തും. പ്രാഥമിക വിദ്യാഭ്യാസത്തിന് പുറമെ ശുചിത്വബോധം, ആരോഗ്യരക്ഷ, തൊഴില്‍ നിയമങ്ങള്‍, അവകാശങ്ങള്‍ തുടങ്ങിയവയെ കുറിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിക്കാനും ഈ ക്ലാസുകള്‍ പ്രയോജനപ്പെടുത്തുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളെ രണ്ടാംതരം പൗരന്മാരായി കാണുന്ന മനോഭാവത്തില്‍ മാറ്റമുണ്ടാകണം. നിയമം അനുശാസിക്കുന്ന തൊഴില്‍ ആനുകൂല്യങ്ങളും ആരോഗ്യസംരക്ഷണവും അവര്‍ക്കും ലഭ്യമാകണം. തൊഴിലാളികളുടെ വാസകേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന റെയ്ഡ് ആരോഗ്യ സംരക്ഷണത്തെ കുറിച്ച് അവരെയും തൊഴില്‍ ദാതാക്കളെയും ബോധവാന്മാരാക്കാന് ലക്ഷ്യമിട്ടുള്ളതാണ്. ആരോഗ്യരംഗത്ത് കഠിനപ്രയത്നത്തിലൂടെ സംസ്ഥാനം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ തൊഴില്‍ ദാതാക്കള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
കേരളത്തിന്റെ സംസ്കാരം, പൈതൃകം, തനിമ എന്നിവ മനസിലാക്കി ഈ നാടുമായി പൊരുത്തപ്പെടാന്‍ കുടിയേറ്റ തൊഴിലാളികള്‍ തയാറാകണം. ആരോഗ്യം, വിദ്യാഭ്യാസം, വ്യക്തിശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തെ മാതൃകയാക്കിയാല്‍ ഏറെ നേട്ടങ്ങള്‍ അവര്‍ക്കുണ്ടാകും. പാന്‍മസാല, ഗുട്ക തുടങ്ങിയ അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും തൊഴിലാളികള്‍ വിട്ടുനില്‍ക്കണം. ഇത്തരം മാരകമായ ലഹരിപദാര്‍ത്ഥങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ. സോമന്, സാജിത സിദ്ധിഖ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വേണുഗോപാല്‍, ജില്ല ടി.ബി ഓഫീസര്‍ ഡോ. സബിത, കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി അസിസ്റ്റന്റ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ. ജെയ്സണ്‍, പ്രോഗ്രാം ഓഫീസര്‍ ബാര്‍ഡോട്ട് സാവി, രാജഗിരി ഔട്ട്റീച്ച് ഡയറക്ടര്‍ എം.പി. ആന്റണി, അസിസ്റ്റന്റ് പ്രൊജക്ട് ഡയറക്ടര്‍ കെ.കെ. ഷാജു, പ്രിന്‍സി ജേക്കബ്, അരുണ്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: