മട്ടാഞ്ചേരി: കാലപ്പഴക്കത്തിന്റെയും, സുരക്ഷിതത്വത്തിന്റെ പേരില്‍ കൊച്ചിയുടെ മുഖമുദ്രയായികാണുന്ന ഹാര്‍ബ്ബര്‍ പാലം അടച്ചു പുട്ടുന്നതിന് പിന്നില്‍ ദുരുഹതയുണ്ടെന്ന് ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ പറഞ്ഞു. കൊച്ചിന് പോര്‍ട്ടില്‍നിന്ന് പാലം ഏറ്റെടുത്ത പൊതുമരാമത്ത് വകുപ്പ് പാലം ജിസിഡിഎക്ക് കൈമാറുന്നതിന് സാങ്കേതികത നിരത്തിയത് അതിശയകരമാണ്. പാലം അറ്റകുറ്റപ്പണിക്കായി കെല്ലിനെ ഏല്പിക്കുന്നതിന് പിന്നിലും, റിപ്പയറിങ്ങ് തുകയിലും, കിപ്പയറിങ്ങ് കാലാവധി വ്യക്തമാക്കാത്തതിലും വാഹന ഗതാഗതം നിരോധിച്ചതിനും പിന്നില്‍ അവ്യക്തത നിഴലിക്കുകയാണ്. പശ്ചിമകൊച്ചി പ്രസ്ക്ലബില്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു ജിസിഡിഎ ചെയര്മാന്.
ബിഒടി പാലം നിര്‍മാണവും ടോള്‍ സംവിധാനവും, കരാര്‍ നിബന്ധനകളുമെല്ലാം തല്പര കക്ഷികളുടെ നിയന്ത്രണത്തിലായിരുന്നു. പലതും പലഘട്ടത്തിലും മറച്ചു വെയ്ക്കുകയും ചെയ്തു. കൊച്ചിതുറമുഖ ട്രസ്റ്റിനുകീഴില്‍ 60 വര്‍ഷം ഗതാഗതയോഗ്യമായിരുന്ന പാലത്തിലൂടെ ബിഒടി പാലം ഉദ്ഘാടനത്തിന് തലേ ദിവസംവരെ 40 ടണ്‍ ഭാരമുള്ള കണ്ടെയ്നറുകളടക്കം വാഹനങ്ങള്‍ കടന്നു പോയിരുന്നു. ഹാര്‍ബര്‍ പാലത്തിന് മുമ്പ് നിര്‍മ്മിച്ച ഇടക്കൊച്ചി പാലത്തിലും മാര്‍ത്താണ്ഡവര്‍മ്മ പാലത്തിലും ഇന്നും ശക്തമായ ഗതാഗത സംവിധാനം നിലവിലുണ്ട്. കൊച്ചിതുറമുഖ ട്രസ്റ്റിന്റെ എന്‍ഞ്ചിനീയര്‍മാര്‍ ഇനിയും 30 വര്‍ഷത്തിലെറെ ആയുസ്സ് കല്പിച്ച ഹാര്‍ബ്ബര്‍ പാലം അവഗണനയിലുടെ അടച്ചുപൂട്ടുവാനാണ് പൊതുമരാമത്ത് അധികൃതര്‍ ശ്രമിക്കുന്നത്. ജിസിഡിഎ ഒരു കോടിരൂപയില്‍ താഴെ മാത്രം ചിലവഴിച്ച് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാമെന്ന് അറിയിച്ചിട്ടും ഒന്നരകോടിരൂപ കെല്ലിന് അറ്റകുറ്റപ്പണിക്കായി അനുവദിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും വേണുഗോപാല്‍ ചോദിച്ചു. ഹാര്‍ബര്‍ പാലം എന്നേന്നേക്കുമായി അടച്ചുപൂട്ടുവാനുള്ള നീക്കമാണ് ചില കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അറ്റകുറ്റപ്പണിനടത്തിയ പാലം തട്ടുകടക്കച്ചവടത്തിനും, ചൂണ്ടയിടാനും അനുവദിക്കുന്ന സമീപനത്തില്‍ കൊച്ചിക്കാര്‍ക്ക് ആശങ്കയുണ്ട്. ഹാര്‍ബര്‍ പാലത്തിനോടുള്ള അവഗണന തുടരുന്നതില്‍ ജനപ്രതിനിധികള്‍ നയം വ്യക്തമാക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: