തൃപ്പൂണിത്തുറ: ഗവ. ആയുര്‍വേദ ആശുപത്രിയില്‍ വിവിധ ലാസ്റ്റ് ഗ്രേഡ് വിഭാഗത്തില്‍പ്പെട്ട 15 താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. മറ്റ് 7 പേര്‍കൂടി പിരിച്ചുവിടല്‍ ഭീഷണിയിലാണ്.
2005 മുതല്‍ 2012 ജൂണ്‍ വരെയുള്ള വിവിധ കാലയളവില്‍ ജോലിചെയ്തുവരുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്.
ഇന്റര്‍വ്യൂ നടത്തി അധികം വേണ്ട ജീവനക്കാരുടെ ലിസ്റ്റ് ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് എന്‍ജിഒ അസോസിയേഷന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രി അധികൃതര്‍ക്ക് കത്ത് നല്‍കിയത് ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തുകയെന്ന ലക്ഷ്യം നടപ്പാക്കുന്നതിനുവേണ്ടിയാണെന്നും ജീവനക്കാര്‍ പറയുന്നു.
ആയുര്‍വേദാശുപത്രിയില്‍ വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്ത അവസ്ഥയുള്ളപ്പോഴാണ് വനിതകളടക്കമുള്ള ജീവനക്കാരെ പിരിച്ചുവിടുന്നത്.
ആശുപത്രി വികസന സമിതിയുടെ കീഴില്‍ ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ 179 ദിവസം തുടര്‍ച്ചയായി ജോലിചെയ്താല്‍ ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും ജോലിയില്‍ തുടരുന്നത്. ആയുര്‍വേദാശുപത്രിയില്‍ ഏതാനും കൊല്ലങ്ങളായി ഈ രീതിയില്‍ ജോലിചെയ്യുന്നവര്‍ക്ക് വീക്കിലി ഓഫും ഓണക്കാലത്ത് ഫെസ്റ്റിവല്‍ അലവന്‍സും നല്‍കുന്നുണ്ട്.
താല്‍ക്കാലികക്കാരായി 179 ദിവസം ജോലിചെയ്യുന്ന ജീവനക്കാരനെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാവുന്നതാണ്. എന്നാല്‍ ആയുര്‍വേദ ആശുപത്രിയിലെ ജോലിഭാരവും പ്രത്യേകതയും കണക്കിലെടുത്താണ് ഇവരെ തുടരാന്‍ അനുവദിച്ചത്. എന്നാല്‍ ഇവരെ പിരിച്ചുവിടാതെ മറ്റ് രാഷ്ട്രീയാനുഭാവികളെ നിയമിക്കാന്‍ കഴിയാത്തതിനാല്‍ പിരിച്ചുവിടാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നുവത്രെ.
അതേസമയം, ആയുര്‍വേദ ഡയറക്ടര്‍ ടി. ശിവദാസന്റെ അധ്യക്ഷതയില്‍ 2012 ഏപ്രില്‍ 17 ന് കൂടിയ ആശുപത്രി വികസനസമിതി യോഗത്തിലെ പ്രഥമ തീരുമാനം മറികടന്നാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്.
കൂടുതല്‍ ആവശ്യമായിവരുന്ന ജീവനക്കാര്‍ക്കായി അഡീഷണല്‍ ലിസ്റ്റ് തയ്യാറാക്കാനാണ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. ഇതിനുമുമ്പും പിമ്പുമായി നടന്ന യോഗത്തിലും താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നില്ല. അധികം ജീവനക്കാരെ നിയമിക്കുന്നതിന് നിലവിലെ പരിചയമുള്ള ജീവനക്കാരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
പുതിയ നിയമനം നടത്തുന്നതിനായി 21 പേരുടെ അഡീഷണല്‍ ലിസ്റ്റും 31 പേരുള്ള വെയിറ്റിംഗ്ലിസ്റ്റും അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്.
അതേസമയം ഇന്റര്‍വ്യൂ കഴിഞ്ഞ് അഡീഷണല്‍ ലിസ്റ്റില്‍പ്പെട്ട രണ്ടുപേര്‍ ഹൈക്കോടതിയില്‍നിന്ന് അനുകുല വിധി സമ്പാദിച്ച് 16-10-2012 ല്‍ ജോലിക്ക് കയറിയെങ്കിലും ഒരു ദിവസം മാത്രം ജോലിചെയ്ത് ഉപേക്ഷിച്ചുപോയി. ഇവരെ നിയമിക്കാനായി രണ്ട് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. അതിനാലാണ് നിലവിലെ 7 പേരെ പിരിച്ചുവിടാതെ നിര്‍ത്തിയിട്ടുള്ളത്. പുതുതായി നിയമനം നടത്തുന്നപക്ഷം ഇവരെയും പിരിച്ചുവിട്ടേക്കും.
അതേസമയം, സാങ്കേതികവിഭാഗത്തിലുള്ള ഏതാനും താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്തിയിട്ടുണ്ട്.
ആയുര്‍വേദ കോളേജ് ആശുപത്രിയില്‍നിന്നും പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: