പെരുമ്പാവൂര്‍: കേരള സംസ്ഥാന യുവജനകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളോത്സവങ്ങള്‍ യുവജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നു. നടത്തുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും യാതൊരു പ്രയോജനവുമില്ലാത്ത ഒരു സമയം കൊല്ലിയായി ഇന്നത്തെ കേരളോത്സവങ്ങള്‍ മാറിയതായും ഭരണ പക്ഷത്തിന്റെ ഒരു രാഷ്ട്രീയ ഉത്സവമായാണ് ഇന്ന് നടക്കുന്നതെന്നുമാണ് ആക്ഷേപം.
ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് തലങ്ങളിലും, സംസ്ഥാന തലത്തിലുമാണ് യുവജന ഉദ്ധാരണത്തിനായി കേരളോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. 35 ഓളം കായിക ഇനങ്ങളും 50 ഓളം കലാമത്സരങ്ങളുമാണ് ഇതില്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയായി നടത്തപ്പെടുന്ന കേരളോത്സവത്തില്‍ പങ്കെടുത്ത് വിജയികളാകുന്നവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നതാണ് വസ്തുത.
കഴിഞ്ഞവര്‍ഷം മുഖ്യാമന്ത്രിതന്നെ ഉദ്ഘാടനം നിര്‍വഹിച്ച സംസ്ഥാന കേരളോത്സവത്തില്വിവിധ മത്സര ഇനങ്ങളിലായി ആറായിരത്തോളം മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. ഇതിലെ വിജയികള്‍ക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ പഠിക്കുന്ന സ്കൂളില്‍ അന്നത്തെ ഹാജര്‍പോലും ലഭിക്കുന്നില്ലെന്നാണ് മത്സരാര്‍ത്ഥികള്‍ പറയുന്നത്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിശീലനവും ബുധിമുട്ടും സഹിച്ചാണ് മത്സരാര്‍ത്ഥികള്‍ വേദികളില്‍ എത്തുന്നത്. വിജയികളാകുന്നവര്‍ക്ക് അര്‍ഹമായ പരിഗണനയോ പ്രതിഫലമോ നല്‍കണമെന്നാണ് യുവജനങ്ങളുടെ അഭിപ്രായം.
നാല് തലങ്ങളിലായി നടത്തപ്പെടുന്ന കേരളോത്സവത്തിന്റെ നടത്തിപ്പുകള്‍ തന്നെ അവരവര്‍ക്ക് തോന്നിയ രീതിയിലാണ്. മിക്ക മത്സരങ്ങളും നാട്ടിന് പുറത്തെ നിയമത്തിനനുസരിച്ച് നടത്തുന്നതിനാല്‍ സംസ്ഥാന തലത്തിലെത്തുന്നവര്‍ ബുധിമുട്ടുന്നതും പതിവാണ്. മത്സരങ്ങളെ പറ്റിയാതൊരു ബോധ്യവുമില്ലാത്ത ചില ഉദ്യോഗസ്ഥരാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനായി എത്തുന്നത്. ഇവയെല്ലാം നടന്നുകൊണ്ടിരിക്കുമ്പോള്‍ വല്ലപ്പോഴും എത്തുന്ന രാഷ്ട്രീയക്കാരാണ് നിയമഭേദഗതി വരുത്തുന്നവരില്‍ ഏറെയുമെന്നാണ് മത്സരാര്‍ത്ഥികള്‍ പറയുന്നത്. ഉദ്ഘാടന സമാപന സമ്മേളനങ്ങളിലാണ് ഇവര്‍ കൃത്യമായി എത്താറുള്ളതെന്നും ആക്ഷേപമുണ്ട്.
ഉദ്യോഗസ്ഥരുടെ സൗകര്യാര്‍ത്ഥമാണ് മിക്ക പഞ്ചായത്തുകളിലും ബ്ലോക്കുകളിലും മത്സരങ്ങള്‍ നടത്തുന്നത്. ഇവര്‍ക്ക് ലഭിക്കുന്ന അവധി നഷ്ടപ്പെടാതിരിക്കുവാന്‍ പ്രവൃത്തി ദിവസങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സ്കൂളിലും, കോളേജിലും പോകുന്ന വിദ്യാര്‍ത്ഥികള്‍ അവധിയെടുത്ത് വേണം കേരളോത്സവങ്ങളില്‍ പങ്കെടുക്കുവാന്‍. യുവജനങ്ങളുടെ നന്മക്കായി നടത്തുന്ന പരിപാടികളാണെങ്കില്‍ ഇവ അവധി ദിവസങ്ങളില്‍ നടത്തണമെന്നും അല്ലെങ്കില്‍ പങ്കെടുക്കുന്നവര്‍ക്ക് അവധി അനുവദിക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.
ചില കലാമത്സരങ്ങള്‍ക്ക് ആയിരക്കണക്കിന് രൂപ ചെലവാക്കിയാണ് പലരും എത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് വഴിച്ചെലവിനുള്ള പണം പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണ് ആക്ഷേപം. സംസ്ഥാന സ്കൂള്‍ കായിക-കലാമേളകളില്‍ മത്സരാര്ത്ഥികള്ക്കുള്ളതിന്റെ ഇരട്ടിയലധികം ഇനങ്ങളാണ് കേരളോത്സവങ്ങളില്‍ ഉള്ളത്. ഇത്തരം മേളകള്‍ക്കായി കോടികളാണ് ചെലവ് വേണ്ടിവരുന്നത്. ദിവസങ്ങള്‍ ബുദ്ധിമുട്ടിയശേഷം യാതൊരുവിലയുമില്ലാത്ത രീതിയില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്കി യുവജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം മത്സരങ്ങള്‍ വഴി ആര്‍ക്കാണ് നേട്ടമെന്നാണ് പൊതുജനം ചോദിക്കുന്നത്. കോടികള്‍ ചെലവ് വരുത്തുകയും ഇതുവഴി ലക്ഷങ്ങള്‍ തട്ടുകയും ചെയ്യുന്ന ഇത്തരം പ്രഹസനമേളകള്‍ ഒഴിവാക്കി ഈ പണം പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കുകയാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്നും യുവജനങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: