കൊല്ലം: കൊല്ലം-നാഗര്‍കോവില്‍ മെമു സര്‍വീസ് യാത്ര തുടങ്ങി. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ശശിതരൂര്‍ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. തിരുവനന്തപുരം ഡിവിഷന് വിഭജിക്കാന്‍ നീക്കമില്ലെന്ന് കേന്ദ്രമന്ത്രി ശശിതരൂര്‍ പറഞ്ഞു. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, എംപിമാരായ എന്‍. പീതാംബരക്കുറുപ്പ്, എ. സമ്പത്ത്, കെ.എന്‍. ബാലഗോപാല്‍, പി.കെ. ഗുരുദാസന് എംഎല്‍എ, മേയര്‍ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു.
കൊല്ലം റെയില്‍വേ സ്റ്റേഷന് വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനും രണ്ടാം ടെര്‍മിനല്‍ നിര്‍മാണത്തിനും നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പുനലൂര്‍ ട്രെയിനിന്റെ സമയം ശാസ്ത്രീയമായി പുനക്രമീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. റ്റീ ഗാര്ഡന് എക്സ്പ്രസ് തിരുവനന്തപുരം വരെ നീട്ടണം, കോട്ടയം വഴി ഗുരുവായൂരിന് പുതിയ ട്രെയിന്‍ ആരംഭിക്കണം, മധുര-കൊല്ലം പുനലൂര്‍ വരെ നീട്ടണം, തിരുവനന്തപുരം- കൊല്ലം ലൈനില്‍ ഡബിള്‍ ഡെക്കര്‍ അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു.
കൊല്ലത്ത് മെമുഷെഡിന്റെ ആവശ്യത്തിന് ജീവനക്കാരെ അടിയന്തരമായി നിശ്ചയിച്ച് ഷെഡ് പ്രവര്‍ത്തന സജ്ജമാക്കണമെന്ന് പി.കെ. ഗുരുദാസന് എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ പി.ജി. തോമസ്, റെയില്‍വേ എജിഎം ഡോ.ജി. നാരായണന്, ഡിആര്‍എം രാജേഷ് അഗര്‍വാള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: