കണ്ണൂറ്: കണ്ണൂറ് നഗരത്തില്‍ സ്റ്റേഷന് റോഡിന് സമീപം കഴിഞ്ഞ ദിവസം കത്തിനശിച്ച കടകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ കടമ്പകളേറെ. ൨൮ ന് പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ നാലോളം കടകള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. അപകടകാരണത്തെക്കുറിച്ച് ഇതുവരെയും വ്യക്തമായ തെളിവുകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിലുള്ള കെട്ടിട നിര്‍മ്മാണത്തിലെ മുനിസിപ്പല്‍ ചട്ടങ്ങള്‍ അനുസരിച്ചായിരുന്നില്ല കത്തിനശിച്ച കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. സ്റ്റേഷന് റോഡിലെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളിലൊന്നായിരുന്നു അഗ്നിക്കിരയായ കെട്ടിടം. നിലവിലുള്ള കെട്ടിടനിര്‍മ്മാണചട്ടം അനുസരിച്ച് പ്രധാനനിരത്തില്‍ നിന്നും അഞ്ച് മീറ്റര്‍ അകലത്തില്‍ മാത്രമേ പണിയാന്‍ സാധിക്കുകയുള്ളൂ. ഈ ഒരു മാനദണ്ഡം പാലിച്ചാല്‍ നിലവിലുള്ള സ്ഥലത്ത് കെട്ടിട നിര്‍മ്മാണം ഏറെക്കുറെ അസാധ്യമാണെന്ന് പറയാം. ആവശ്യത്തിന് പാര്‍ക്കിങ്ങ് സൗകര്യം കൂടി ഒരുക്കേണ്ടി വന്നാല്‍ സ്ഥലം തികയാതെ വരും. കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെ ആവശ്യത്തിന് പ്രാഥമിക സൗകര്യം പോലുമില്ലാതെയാണ് നഗരത്തിലെ മിക്ക കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ദീര്‍ഘകാലമായി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടമെന്ന നിലക്ക് അധികൃതര്‍ കണ്ണടക്കുകയാണ് പതിവ്. കത്തിനശിച്ച കെട്ടിടം പുനര്‍ നിര്‍മ്മിക്കാന്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ് നല്കി പുതുക്കിപ്പണിയാന്‍ മുനിസിപ്പാലിറ്റി തയ്യാറാകണമെന്ന് കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. കണ്ണൂറ് നഗരം വാഹനബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ഒരു കെട്ടിടവും നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നാണ് മുനിസിപ്പല്‍ അധികൃതര്‍ പറയുന്നത്. കെട്ടിട നിര്‍മ്മാണച്ചട്ടങ്ങള്‍ പാലിക്കാത്ത ഒരു നിര്‍മാണവും അനുവദിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. അഗ്നിബാധയെ തുടര്‍ന്നുണ്ടായ നാശനഷ്ടത്തെക്കുറിച്ചും അവ്യക്തതയുണ്ട്. ഏകദേശം ൪ കോടിയോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ ൪൦ ലക്ഷം മാത്രമാണ് നഷ്ടമെന്നാണ് അധികൃതരുടെ നിഗമനം. അഗ്നിക്കിരയായ കടകള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ കടയുടമകള്‍ നിസ്സഹായരാണ്. കെട്ടിടം പുതുക്കി നിര്‍മ്മിക്കുന്ന അവസരത്തില്‍ വ്യാപാരികളും ബന്ധപ്പെട്ട അധികൃതരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകുമെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: