കൊച്ചി: രാജ്യത്തെ ആദ്യത്തെ ആഗോള ഗ്രാമം ഡിസംബര്‍ 22 മുതല്‍ ജനുവരി 10 വരെ കൊച്ചിയില്‍ അവതരിപ്പിക്കുമെന്ന് ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍. ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുളള ഗ്ലോബല്‍ വില്ലേജ് ബോള്‍ഗാട്ടിയിലെ ലുലു കണ്‍വന്‍ഷണല്‍ സെന്റര്‍ അങ്കണത്തിലാണ് ഒരുക്കുക. പ്രദര്‍ശനം എന്നതിലുപരി കേരളത്തെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്ന ആദ്യ പ്രദര്‍ശനമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസില്‍ ജി.കെ.എസ്.എഫ് പരിപാടികളെക്കുറിച്ചാലോചിക്കാന് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 24 ഏക്കര്‍ വിസ്തൃതിയില്‍ ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുളളതാണ് ആഗോള ഗ്രാമം. കേരള, ദേശീയ, രാജ്യാന്തര, നെയ്ത്ത്, ഉപഭോക്തൃ പവിലിയനുകള്‍ക്ക് പുറമെ വിനോദം, ഭക്ഷ്യമേള എന്നിവയ്ക്കും ജലകായിക വിനോദത്തിനും പ്രത്യേക ഇടം ഉണ്ടാകും. വാട്ടര്‍ സ്കൂട്ടര്‍, പായ് വഞ്ചി, ചൂണ്ടയിടല്‍ എന്നിവയും നിത്യേനയുളള ലേസര്‍ ഷോയും പരിപാടികള്‍ക്ക് മാറ്റു കൂട്ടും.
എംഎല്‍എമാരായ ഹൈബി ഈഡന്, അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ്, ഡൊമിനിക് പ്രെസന്റേഷന്, മേയര്‍ ടോണി ചമ്മണി, ഡപ്യൂട്ടി മേയര്‍ ബി.ഭഭ്ര, ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: