മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ പൊങ്കാല മഹോത്സവം, അതും മാര്‍ക്സിസ്റ്റ് പാര്‍ട്ടിവക. പൊങ്കാല എന്ന് പരസ്യമായി പറയാന്‍ ഇത്തിരി ശങ്ക ബാക്കിനില്‍ക്കുന്നതുകൊണ്ട് പേര് അഗ്നിശൃംഖല. പാര്‍ട്ടി മൊത്തത്തില്‍ ഇപ്പോള്‍ അഗ്നിപര്‍വതം പോലെ പുകയുന്നത് കൊണ്ട് പൊങ്കാലയടുപ്പുകളെങ്കിലും ശരണം നല്‍കുമോ എന്നതാവണം ഇപ്പോഴത്തെ നോട്ടം.
സംഭവം ഒരുതരം ഹിന്ദുഐക്യവേദി സ്റ്റെയിലല്ലേ എന്ന് പാര്‍ട്ടിക്കാര്‍ക്ക് പലര്‍ക്കും തോന്നലില്ലാതില്ല. പഴയതുപോലെ ചങ്ങല പിടിക്കാനും മതിലുപണിയാനുമൊക്കെ ആളുകളെ കിട്ടാനുമില്ല. ഇതാവുമ്പോള്‍ ഏതാണ്ട് തൊണ്ണൂറ് ശതമാനം കുടുംബശ്രീകളും കൈയിലുള്ളപ്പോള്‍ വടക്കുമുതല്‍ തെക്ക് വരെ അടുപ്പ് കത്തിക്കോളും. പിന്നെ സംഗതി പൊങ്കാല ആയതുകൊണ്ടും സമരസഖാക്കള്‍ കുടുംബശ്രീകളായതുകൊണ്ടും ഒരു ഭക്തിപ്രഹര്‍ഷത്തില്‍ കാര്യം നടന്നുകിട്ടുകയും ചെയ്യും. പാചകവാതക സിലിണ്ടറിന്റെ കാര്യത്തിലെ അനീതിക്കെതിരെയാണ് അടുക്കള സംരക്ഷിക്കാന്‍ തെരുവോരത്ത് പൊങ്കാല അടുപ്പുകള്‍ ഇന്ന് നിരക്കുന്നത്. പ്രശ്നം അതല്ല, തന്ത്രമറിയാവുന്ന ഒന്നാന്തരം നമ്പൂതിരി ശ്രേഷ്ഠന്മാര് പണ്ടേ കാലയവനിക പൂകിയതുകൊണ്ട് എകെജി മഠത്തില്‍ ഇനിയാരേലും ബാക്കിയുണ്ടോയെന്ന സംശയത്തിലാണ് പൊങ്കാല നിവേദിക്കാന്‍ ഒരുങ്ങിയിരിക്കുന്ന കുടുംബശ്രീകള്‍. പണ്ടാര അടുപ്പ് തിരുവനന്തപുരത്ത് എകെജി മഠത്തിനു മുന്നിലായിരിക്കും ഒരുക്കുക. മലയാലപ്പുഴ അമ്പലത്തില്‍ ഷര്‍ട്ടൂരി വലംവെച്ച് തൊഴുതു നില്ക്കുന്ന അച്യുതാനന്ദന് സഖാവും സാക്ഷാല്‍ ശബരിമല അയ്യപ്പന്റെ തിരുനടയില്‍ ചെന്നു നിന്നിട്ടും പുറകില്‍ കെട്ടിയ കൈ അഴിച്ചിട്ടില്ല അഴിച്ചിട്ടു എന്ന മട്ടില്‍ നിന്ന സുധാകര സഖാവും അമ്പലം എന്നു കേട്ടാല്‍ മുഖം ചുളിക്കുകയും ഭണ്ഡാരം എന്നു കേട്ടാല്‍ നിറഞ്ഞ് ചിരിക്കുകയും ചെയ്യുന്ന പിണറായി സഖാവും പൊങ്കാല ഉത്സവത്തിന് നേതൃത്വം നല്‍കും.
ഉത്സവം കഴിഞ്ഞാല്‍ പിന്നെ പാര്‍ട്ടിയുടെ പോക്ക് പട്ടികജാതി കോളനികളിലേക്കാണ്. എല്ലാ കോളനികളിലും അസോസിയേഷനുണ്ടാക്കും.
പട്ടികജാതിക്കാരുടെ ക്ഷേത്രങ്ങള്‍ നടത്തും, കല്യാണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. അവരെ മൊത്തത്തില്‍ സമുദ്ധരിക്കും. പണ്ട് ചാളയില്‍ കിടന്ന് വളര്‍ന്നതിന്റെ കഥയായിരുന്നു വിപ്ലവമെന്ന പേരില്‍ നടന്ന് പ്രസംഗിച്ചത്. ഇപ്പോഴും ചാളയില്‍ത്തന്നെ കഴിയുന്നവരുടെ ഗതികേടിന്റെ പുറത്തുകയറി അസോസിയേഷന് തീര്‍ക്കാനാണ് നീക്കം. പട്ടികജാതി ഹിന്ദു സംഘടനകളെല്ലാം കൂടി ഹിന്ദുഐക്യവേദിയുടെ കൊടിയുമായി നിരത്തിലിറങ്ങിയതു കണ്ടതുമുതലാണ് പാര്‍ട്ടി കോലം മാറിത്തുടങ്ങിയത്.
വിജയദശി ദിവസം പാര്‍ട്ടി ഓഫീസില്‍ നിലവിളക്ക് കത്തിച്ച്, നാക്കില ഇട്ട്, കുഞ്ഞുങ്ങളെ മടിയിലിരുത്തി പുകസ സഖാവ് ഹരിശ്രീഗണപതയെനമഃ എന്ന് നല്ല വടിവില്‍ എഴുതിച്ചത് അതിന്റെ ഭാഗമായിരുന്നു. തിരുവനന്തപുരത്ത് ഒരിടത്ത് ധീരരക്തസാക്ഷിയായ ഒരു സഖാവിന്റെ ഓര്‍മ്മയ്ക്ക് സ്ഥാപിച്ച മണ്ഡപത്തില്‍ തുളസിത്തറ തീര്‍ത്തതും വെറുതെയല്ല. അതിന്റെ തൊട്ടുപിന്നാലെയാണല്ലോ പാര്‍ട്ടിയുടെ സംസ്ഥാന തന്ത്രി പിണറായി മഠത്തില്‍ വിജയന് ശ്രീപദ്മനാഭന്റെ സ്വത്ത് പൊതുസ്വത്താക്കണമെന്ന് തട്ടിവിട്ടത്.
ആ സ്വത്ത് അങ്ങനെ കിടക്കുമ്പോല്‍ പാര്‍ട്ടി കൊടിമാറും, മുദ്രാവാക്യം മാറും, സമരമുറകള്‍ മാറും. ഇന്ന് പൊങ്കാല, ഇനി ശയനപ്രദക്ഷിണം, സമൂഹ ദീപാരാധന എല്ലാം പ്രതീക്ഷിക്കണം.
>> എമ്മെസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: