കൊല്ലം: സ്വാമി ചിന്മയാനന്ദന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നവീവ ഭാരതം ഭാരതീയരിലൂടെ എന്ന സന്ദേശവുമായി ചിന്മയാമിഷന് ദേശീയതലത്തില്‍ മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ ആരംഭിച്ചു. ടിഐടിഐ (ട്രാന്‍സ്ഫോമിംഗ് ഇന്ത്യന്‍സ് ടു ട്രാന്‍സ്ഫോം ഇന്ത്യ) എന്ന പദ്ധതി 2016 വരെ നീണ്ടുനില്‍ക്കും. ദേശീയ കുടുംബ ക്വിസ്, സെമിനാറുകള്‍, ദേശീയോദ്ഗ്രഥന റാലികള്‍ എന്നിവയാണ് ഇതിന്റെ ഭാഗമായി നടത്തുന്നതെന്ന് ചിന്മയാ യുവകേന്ദ്ര ഡയറക്ടര്‍ സ്വാമി മിത്രാനന്ദ അറിയിച്ചു. ദേശീയ കുടുംബക്വിസില് കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യമായി ലഭിക്കുന്ന പുസ്തകത്തിനെ ആധാരമാക്കിയാണ് പ്രാഥമിക ഘട്ടം. പുസ്തകത്തിന്റെ അവസാനം ചേര്‍ത്തിട്ടുള്ള ചോദ്യാവലിക്ക് ഉത്തരമെഴുതി 2013 ഫെബ്രുവരി 8 മുതല്‍ 14 വരെയുള്ള തീയതികളില്‍ ചിന്മയമിഷന് കേന്ദ്രങ്ങളിലും ചിന്മയ വിദ്യാലയങ്ങളിലുമായി വെയ്ക്കുന്ന ഡ്രോപ് ബോക്സുകളില്‍ നിക്ഷേപിക്കണം.
ഒരു വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ മാറ്റത്തിന് ആവശ്യമായ ശാരീരിക, മാനസിക, ബൗദ്ധിക, ആധ്യാത്മിക ട്രാന് സ്ഫോര്മേഷന്, ഇന്ത്യന്‍ സംസ്കാരം, ദേശീയത, സാര്‍വ ലൗകീക കാഴ്ചപ്പാട് എന്നിങ്ങനെ കാര്യങ്ങളെ ഏഴ് കഥകളിലൂടെ ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ഓരോ വീട്ടിലും അച്ഛനമ്മമാരും കുട്ടികളും ഇതില്‍ പ്രതിപാദിക്കുന്ന കാര്യങ്ങളെ ഒരുമിച്ചിരുന്ന് ചര്‍ച്ചയ്ക്ക് വിധേയമാക്കുന്ന രീതിയാണ് ചിന്മയാമിഷന് വിഭാവനം ചെയ്യുന്നത്. പ്രാഥമിക ഘട്ടത്തില്‍ ഉത്തരമെഴുതിയവരില് നിന്ന് 500 പേരെ അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. ജില്ലാ ഫൈനലില്‍ ഓരോ ടീമിനെയും പ്രതിനിധീകരിക്കുന്നത് മൂന്നുപേരടങ്ങുന്ന കുടുംബം ആയിരിക്കും. പത്രസമ്മേളനത്തില്‍ ജി.ആര്. ഷാജി, പി. കെ. സുധാകരന്‍പിള്ള, ബ്രഹ്മചാരി ധ്രുവചൈതന്യ, എന്‍. മോഹന്‍രാജ്, റാംകുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: