ഇസ്ലാമബാദ്: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തന്ത്രപരമായ കൂട്ടുകെട്ടിനെക്കുറിച്ച് വെള്ളിയാഴ്ച ചര്‍ച്ച ആരംഭിച്ചു. യുദ്ധസാഹചര്യം നിലനില്‍ക്കുന്ന രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന താലിബാന് ഭീകരരെ വിട്ടയയ്ക്കണമെന്ന് നേരത്തെ കാബൂള്‍ ഇസ്ലാമബാദിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് വിദേശകാര്യമന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖര് ആണ് തന്ത്രപരമായ കൂട്ടുകെട്ടിന്റെ കരാര്‍ തയ്യാറാക്കി അഫ്ഗാന് പ്രതിനിധി സാല്‍മിയ റസൂലിന് കൈമാറി. തുടര്‍ന്ന് രണ്ടുപേരും ചേര്‍ന്ന് വാര്‍ത്താസമ്മേളനവും നടത്തി. അധികം വൈകാതെ കരാറില്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. ഇരുഭാഗത്തും പൂര്‍ണമായ വിശ്വാസം ഉണ്ടാകേണ്ടതുണ്ടെന്ന് സാല്‍മിയ റസൂല്‍ കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര വിശ്വാസവും ആത്മവിശ്വാസവും ഉണ്ടായില്ലെങ്കില്‍ ഇങ്ങനെയൊരു കരാറില്‍ ഏര്‍പ്പെടാനാകില്ല. പ്രസിഡന്റ് ഹമീദ് കര്‍സായി ഇതിന് എല്ലാ പിന്തുണയും നല്കുന്നു. ഹിനയുമായി നടത്തിയ ചര്‍ച്ച ഈ കരാറിന്റെ ആദ്യപടിയായി കരുതാമെന്ന് റസൂല്‍ പറഞ്ഞു.
ഇരുഭാഗത്തു നിന്നും കരാര്‍ പൂര്‍ണമായും നടപ്പാക്കാനുള്ള നടപടികളാരംഭിച്ചെന്നും സപ്തംബറില്‍ യുഎസില്‍ സന്ദര്‍ശനം നടത്തവെ ഉണ്ടായ ത്രികോണ ചര്‍ച്ചയില്‍ ഹമീദ് കര്‍സായി ആണ് ഇതിന് ആദ്യനിര്‍ദേശം മുന്നോട്ടു വച്ചതെന്നും ഹിന റബ്ബാനി ഖര് പറഞ്ഞു. ഈ കരാറിനു മുന്നോടിയായി പാക്കിസ്ഥാന് ഭീകരവാദികള്‍ക്കു നല്കുന്ന സഹായം അവസാനിപ്പിക്കണമെന്ന് കര്‍സായി ഒക്ടോബറില്‍ ആവശ്യപ്പെട്ടിരുന്നു. കര്‍സായിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും അസ്ഥാനത്താണെന്നും അന്ന് വിദേശമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. കാബൂളില്‍ നിന്നും തയ്യാറാക്കിയ വിട്ടയയ്ക്കപ്പെടേണ്ട താലിബാന് ഭീകരരുടെ പട്ടിക ഹിനയുമായി ചര്‍ച്ച ചെയ്തിരുന്നതായി വിശദാംശങ്ങള്‍ പുറത്തുവിടാതെ റസൂല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഈ മാസം ആദ്യം താലിബാന് സംഘത്തിലെ ഒരു ഡസനോളം മധ്യനിര നേതാക്കളെ പാക്കിസ്ഥാന് വിട്ടയച്ചിരുന്നു. ഇത് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും മേഖലയില്‍ സമാധാനം കൊണ്ടുവരാനും നിലനിര്‍ത്താനും സാധ്യമായ നടപടികളെല്ലാം സ്വീകരിക്കണമെന്ന് പാക് സര്‍ക്കാരിനോട് ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടതായും റസൂല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: