ദമാസ്ക്കസ്: സിറിയന്‍ തലസ്ഥാനമായ വിമാനത്താവളത്തിനു സമീപം വിമതരും സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ പോരാട്ടം. ഇതേത്തുടര്‍ന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സും ഈജിപ്ത് എയര്‍ലൈന്‍സും വിമാനങ്ങള്‍ റദ്ദാക്കി. വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും ഇവിടെ നിന്നും വിമതരെ തുരത്തിയെന്നും സിറിയന്‍ സേന അവകാശപ്പെടുന്നുണ്ടെങ്കിലും പോരാട്ടം തുടരുകയാണെന്നാണ് ടിവി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിമാനത്താവളം പിടിച്ചെടുക്കാനാണ് വിമതര്‍ ശ്രമിക്കുന്നതെന്ന് സിറിയന്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു.വിമതര്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ തിരികെപ്പിടിക്കാന്‍ സര്‍ക്കാര്‍ സേന ആക്രമണമാണ് ഇപ്പോള്‍ നടത്തുന്നത്.അതിനിടെ രാജ്യത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകരാറിലായി. വിമതരാണ് സംവിധാനങ്ങള്‍ തകരാറിലാക്കിയതെന്നും ഇത് പുനസ്ഥാപിക്കാന്‍ ശ്രമിച്ചുവരികയാണെന്നും വാര്‍ത്താവിനിമയകാര്യ മന്ത്രി അറിയിച്ചു.മുന്‍പ് ആക്രമണങ്ങള്‍ക്ക് മുന്നോടിയായി സര്‍ക്കാര്‍ തന്നെ ടെലിഫോണ്‍ വാര്‍ത്താവിനിമയ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.വിമതരുടെ നീക്കങ്ങള്‍ തടയാനായിരുന്നു ഇത്.
നീണ്ട ആഭ്യന്തര കലപത്തിനിടെ ഇതാദ്യമായാണ് വാര്‍ത്താ വിനിമയ വിതരണ സംവിധാനങ്ങള്‍ക്കു നേരെ ഇത്രത്തോളം വ്യാപകമായ ആക്രമണം നടക്കുന്നത്. ഇതിനു പിന്നില്‍ തീവ്രവാദികളാണെന്ന് സിറിയന്‍ ഭരണകൂടം ആരോപിക്കുമ്പോള്‍ സര്‍ക്കാരാണ് വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകര്‍ത്ത് രാജ്യത്തു അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു. സിറിയയിലെ തന്ത്രപ്രധാന മേഖലകളുടെ നിയന്ത്രണം പിടിച്ച വിമതര്‍ ഡമാസ്കസ് ലക്ഷ്യമാക്കി മുന്നേറുകയാണ്.
എന്നാല്‍ സിറിയയിലെ വിമത പോരാളികള്‍ക്ക് കഴിയുന്നത്ര സഹായം നല്‍കുമെന്ന് യു എസ് സെക്രട്ടറി ഹിലരി ക്ലിന്റണ് അറിയിച്ചു.കാര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയതിനു ശേഷം മാത്രമേ ഇനി സഹായം നല്‍കുകയുള്ളു.ഈ ആഴ്ചക്കുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: