ന്യൂദല്‍ഹി: ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനോടുള്ള എതിര്‍പ്പ് കരുണാനിധിയുടെ ഡിഎംകെ ഇപ്പോള്‍ ഉപേക്ഷിച്ച മട്ടാണ്. ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ ഡിഎംകെ തലവന്റെ പ്രധാന ലക്ഷ്യം 2ജി അഴിമതി കേസിനെ തുടര്‍ന്ന് ജയിലില്‍ പോയ മകള്‍ കനിമൊഴിക്ക് വീണ്ടുമൊരു രാജ്യസഭാ സീറ്റ് ഉറപ്പിക്കുക എന്നതാണ്. ഇതിന് കോണ്‍ഗ്രസിന്റെ സഹായമാണ് ഇപ്പോഴത്തെ ലക്ഷ്യം.
2 ജി സ്പെക്ട്രം കേസിനെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കേണ്ടി വന്ന എ.രാജ, ദയാനിധി മാരന് എന്നിവര്‍ക്ക് പകരക്കാരെ, കഴിഞ്ഞ മന്ത്രിസഭാ വികസന സമയത്ത് ഡിഎംകെയില്‍ നിന്ന് തന്നെ കണ്ടെത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് പകരം മന്ത്രിമാര്‍, വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന മന്ത്രിസഭാ പുനസംഘടനാ ചടങ്ങില്‍ നിന്ന് ഡിഎംകെ വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍ ഈ വഴക്ക് പരിഹരിക്കുന്നതിന്റെ സമവാക്യമായി കണ്ടത് കോണ്‍ഗ്രസിനെ പിന്തുണച്ച്, അടുത്ത ജുലൈയില്‍ കാലാവധി തീരുന്ന കനിമൊഴിയുടെ രാജ്യസഭാ സീറ്റ് നിലനിര്‍ത്തുക എന്നതാണ്.
വിദേശ നിക്ഷേപ വിഷയത്തില്‍ സര്‍ക്കാരിനെ പരസ്യമായി എതിര്‍ത്തിട്ടും പിന്നീട്, ബിജെപിയുടെ പേരു പറഞ്ഞ് സര്‍ക്കാരിന് പിന്തുണച്ച് വോട്ട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 235 അംഗ തമിഴ്നാട് നിയമസഭയില്‍ ഡിഎംകെയ്ക്ക് 23 എംഎല്‍എമാരാണുള്ളത്. ലക്ഷ്യം നിറവേറാന്‍ 34 വോട്ടാണ് ആവശ്യം. കോണ്‍ഗ്രസിന് 5 എം.എല്‍.എമാരും. രാജ്യസഭാ സീറ്റ് ലഭിക്കാന്‍ കോണ്‍ഗ്രസിന്റെ സഹായവും ഡിഎംകെയ്ക്ക് വേണ്ടിവരും. നടന് വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയുടെ പിന്തുണ കിട്ടുമെന്ന് കരുണാനിധി വിചാരിച്ചെങ്കിലും അത് നടക്കില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡി.എം.കീയുടെ ഈ മറുകണ്ടം ചാടല്‍.
സഹോദരി ഭര്‍ത്താവിനെ, സിപിഎമ്മിന്റെ സഹായത്തോടെ രാജ്യസഭയിലെത്തിക്കാനാണ് വിജയകാന്തിന്റെ നീക്കം. ഡിഎംഡികെയ്ക്ക് 29 അംഗങ്ങളുണ്ട്. മാത്രമല്ല സംസ്ഥാന ഭരണം കൈയ്യാളുന്ന ജയലളിതയെ പ്രതിരോധിക്കാനും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ഡിഎംകെയ്ക്കു മുന്നിലില്ല.
>> പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: