കൊല്ലം: ഇനിയും പരിഷ്കാരം എത്തിനോക്കാത്ത അതിര്‍ത്തി ഗ്രാമങ്ങളുടെ തുടിപ്പുകള്‍ ഏറ്റുവാങ്ങി മടങ്ങിയെത്തിയ ഒമ്പതംഗ സംഘത്തിന് കൊല്ലം നഗരം ഇന്ന് സ്വീകരണം നല്‍കും. പശ്ചിമബംഗാളിന്റെ അതിര്‍ത്തി ഗ്രാമമായ ഖുതിബിട്ടായിലെ മൂന്ന് ദിവസത്തെ ജീവിതം പകര്‍ന്ന അനുഭവങ്ങള്‍ ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും പ്രചരിപ്പിക്കുക എന്ന ദൗത്യവുമായാണ് ഇവരുടെ മടങ്ങി വരവ്. ഫിന്‍സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ അതിര്‍ത്തികള്‍ക്ക് പ്രണാമം അര്‍പ്പിക്കാന്‍ പോയ നിരവധി സംഘങ്ങളില്‍ ഒന്നാണ് ഇന്ന് കൊല്ലത്ത് സ്വീകരണം ഏറ്റുവാങ്ങുന്നത്.
കാശ്മീരിലും ഗുജറാത്ത്, രാജസ്ഥാന് അതിര്ത്തികളിലുമെല്ലാം ഇതേ ദൗത്യവുമായി നിരവധി സംഘങ്ങള്‍ യാത്ര ചെയ്തിരുന്നു പശ്ചിമബംഗാളിലെ ജയ്പാല്ഗുഡിയില് നിന്ന് അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകളായാണ് പല സംസ്ഥാനങ്ങളില്‍ നിന്ന് പോയവര്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് നീങ്ങിയത്. ഓരോ സംഘവും മുപ്പത് കിലോമീറ്റര്‍ ദൂരം വീതം 150 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തി ചുറ്റി സഞ്ചരിച്ചു. ദേശീയപതാക ഉയര്‍ത്തി, മനുഷ്യച്ചങ്ങല തീര്‍ത്ത്, ദേശഭക്തി ഗാനങ്ങള്‍ പാടി അതിര്‍ത്തികള്‍ക്ക് പ്രണാമമര്‍പ്പിച്ചു. പമ്പാനദിയില്‍ നിന്നും തിരുമുല്ലവാരത്തെ പിതൃതര്പ്പണഘട്ടത്തില് നിന്നും കൊണ്ടുപോയ തീര്‍ത്ഥജലം അതിര്‍ത്തിയില്‍ ഒഴുക്കി.
അടിസ്ഥാന സൗകര്യങ്ങള്‍ പോലും എത്തിച്ചേരാത്ത അതിര്‍ത്തി ഗ്രാമങ്ങളിലെ ജീവിതം നേരിട്ടറിയാനും അവരുടെ ആശങ്കകള്‍ സൈനികരുമായി പങ്കുവെയ്ക്കാനും തങ്ങള്‍ക്കായെന്ന് സംഘത്തില്‍ അംഗമായിരുന്ന സി. പ്രദീപ് ജന്മഭൂമിയോട് പറഞ്ഞു. സംഘത്തിന്റെ യാത്രകള്‍ ഓരോ ദിവസം ബിഎസ്എഫ് ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു. ഗ്രാമീണരും അതിര്‍ത്തി രക്ഷാഭടന്മാരുമായുള്ള ആശയ വിനിമയങ്ങളില്‍ സംഘാംഗങ്ങളും പങ്കാളികളായി.
ജയ്പാല്ഗുഡിയില് നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള ഖുദിബിട്ടായും സമീപഗ്രാമമായ ഫട്ടബാറയുമായിരുന്നു കൊല്ലത്തു നിന്നുപോയ ഒമ്പതംഗ സംഘം സന്ദര്‍ശിച്ചത്. ഇന്ന് വൈകിട്ട് അഞ്ചിന് ചിന്നക്കട പ്രസ്ക്ലബ്ബ് മൈതാനത്ത് നടക്കുന്ന സ്വീകരണ പരിപാടിയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി. ബാബുക്കുട്ടന് മുഖ്യപ്രഭാഷണം നടത്തും. സംഘാംഗങ്ങള്‍ അനുഭവ വിവരണം നടത്തും. പൗരപ്രമുഖന്മാര്, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: