ശാസ്താംകോട്ട: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയ വിജിലന്‍സ് സംഘത്തിന് കണ്ടെത്താനായത് ഞെട്ടല്‍ ഉളവാക്കുന്ന സംഭവങ്ങള്‍. ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സ്റ്റോറുകളുടെയും കൂട്ട്കച്ചവടം വെളിച്ചത്ത് കൊണ്ടുവന്ന അന്വേഷണ സംഘത്തിന് മാവേലി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് കണ്ടെത്താനായത് ചാത്തന് മരുന്നുകള്‍.
ഇന്നലെ രാവിലെയാണ് വിജിലന്‍സ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തിലുള്ള സംഘം താലൂക്കാശുപത്രിയില്‍ പരിശോധനക്ക് എത്തിയത്. ഇതോടൊപ്പം ആശുപത്രികോമ്പൗണ്ടില് പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ മാവേലി മെഡിക്കല്‍ സ്റ്റോറിലും പരിശോധന നടത്തി. 80 ശതമാനം കമ്പനി മരുന്നുകളും അത്യാവശ്യമെങ്കില്‍ 20 ശതമാനം ലോക്കല്‍ മരുന്നുകളും കച്ചവടം നടത്തണമെന്നാണ് കോര്പ്പറേഷന് നിയമം. എന്നാല്‍ ശാസ്താംകോട്ടയിലെ മാവേലി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും കണ്ടെത്താനായത് 80 ശതമാനത്തിലേറെ ചാത്തന്മരുന്നുകളായിരുന്നു.
ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് കുറിച്ചുനല്‍കുന്ന ചാത്തന്‍മരുന്നുകള്‍ പുറത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നുമാണ് വാങ്ങിക്കാറ്. അതിനാല്‍ കമ്പനിമരുന്നുകള് സ്റ്റോക്ക് ചെയ്ത മാവേലി സ്റ്റോറില്‍ കച്ചവടം നടക്കുന്നില്ലത്രെ. ഇതുകൊണ്ടാണ് തങ്ങള്‍ ചാത്തന്‍മരുന്നുകള്‍ അധികം വാങ്ങിവച്ചതെന്ന് മാവേലി സ്റ്റോര്‍ ജീവനക്കാര്‍ വിജിലന്‍സ് സംഘത്തിന് മൊഴി നല്കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും പുറത്തെ ചില മെഡിക്കല്‍ സ്റ്റോറുകാരുമായി രഹസ്യധാരണയുണ്ടെന്ന സൂചന ലഭിച്ചു. കൂടാതെ ചാത്തന് മരുന്നുകളുടെ വിതരണക്കാര്‍ ഡോക്ടര്‍മാരെ വേണ്ട രീതിയില്‍ കാണാറുള്ളതായും വിജിലന്‍സ് സംഘത്തിന് സൂചന ലഭിക്കൂ. താരതമ്യെന ഗുണനിലവാരം കുറഞ്ഞ ചാത്തന് മരുന്നുകള്‍ക്ക് വന്കമ്മീഷനാണ് മെഡിക്കല്‍ സ്റ്റോറുകള്‍ക്കും ലഭിക്കുന്നത്. ദോഷകരമായ പാര്‍ശ്വഫലമുള്ള ചാത്തന് മരുന്നുകളുടെ വില്‍പ്പന മെഡിക്കല്‍ സ്റ്റോര്‍ ഡോക്ടര്‍ കൂട്ടുകെട്ടിന് ചാകരയാകുമ്പോള്‍ ആരോഗ്യപരമായി തകരുന്നത് സര്‍ക്കാരാശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കച്ചവടം പിടിച്ചുനിര്‍ത്താന്‍ മാവേലി മെഡിക്കല്‍ സ്റ്റോറുകാരും ചാത്തന് മരുന്നിന്റെ കച്ചവടത്തിലേക്ക് തിരിഞ്ഞത് നിയമവിരുദ്ധമാണെന്ന് വിജിലന്‍സ് സംഘം അറിയിച്ചു.
അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട്. അടുത്ത ദിവസം തന്നെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. വിജിലന്‍സ് സിഐ ഷൈനു തോമസ്, എസ്ഐ മദനന്‍പിള്ള തുടങ്ങിയവരും ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: