ശാസ്താംകോട്ട: ദിവസങ്ങളായി കൊല്ലത്ത് അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം തേടി മേയര്‍ പ്രസന്ന ഏണസ്റ്റ് ശാസ്താംകോട്ടയിലെത്തി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. 2011 ഡിസംബറില്‍ കോര്‍പ്പറേഷനില്‍ കുടിവെള്ളം ലഭിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിക്ക് കോടിക്കണക്കിന് രൂപ നല്‍കിയിട്ടും പദ്ധതി വിജയം കണ്ടിട്ടില്ലെന്ന് മേയര്‍ ആരോപിച്ചു.
ശാസ്താംകോട്ട തടാകത്തില്‍ നിന്നും 18എംഎല്‍ഡി ശുദ്ധജലം നല്‍കുന്നതിന് നഗരസഭ അഞ്ച്കോടി രൂപയാണ് വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയത്. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ഇതുസംബന്ധിച്ച് എസ്റ്റിമേറ്റ് തയാറാക്കുകയും അനുമതിക്കായി പ്രോജക്ട് കെഎസ്യുഡിപിക്ക് കൈമാറുകയും ചെയ്തു. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ ടെന്‍ഡര്‍ ക്ഷണിച്ച് വാട്ടര്‍ അഥോറിറ്റി സ്വകാര്യ കമ്പനിക്ക് കരാര്‍ നല്കി. എന്നാല്‍ നിര്‍മാണത്തിന്റെ ആരംഭഘട്ടത്തില്‍ത്തന്നെ എസ്റ്റിമേറ്റില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവരുമെന്ന് കണ്ടെത്തിയ കരാറുകാര്‍ പദ്ധതി നിര്‍ത്തിവച്ചു. എന്നാല്‍ കോര്പ്പറേഷന് അധികൃതരെയോ കെഎസ്യു ഡി പിയെയോ വിവരം അറിയിക്കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ തയാറായില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും കോര്പ്പറേഷന് ആവശ്യപ്പെട്ട കുടിവെള്ളം ഉടന്‍തന്നെ എത്തിക്കുമെന്ന തെറ്റായ വിവരമാണ് കോര്‍പ്പറേഷനെ വാട്ടര്‍ അതോറിറ്റി അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി കൊല്ലം നഗരത്തില്‍ കുടിവെള്ളം കിട്ടാത്തതിന്റെ കാരണം അറിയാന്‍ മേയര്‍ എത്തിയപ്പോഴാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ വിവരം അറിയുന്നത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ രണ്ട് ദിവസത്തിനകം നഗരത്തില്‍ വെള്ളം എത്തിക്കുമെന്നും റീ എസ്ടിമേറ്റ് തയാറാക്കി കെഎസ്യുഡിപിക്ക് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ മേയര്‍ക്ക് ഉറപ്പ് നല്കി. മേയര്‍ക്കൊപ്പം കോര്പ്പറേഷന് ക്ഷേമകാര്യ ചെയര്മാന് എം.നൗഷാദ്, അപ്പലേറ്റീവ് അതോറിറ്റി ചെയര്മാന് എന്‍.നൗഷാദും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: