ന്യൂദല്‍ഹി: ഈ അവധിക്കാലത്ത് വിദേശയാത്രകള്‍ ചെലവേറിയതാകും. എയര്‍ ഇന്ത്യ വിദേശ യാത്രാ ടിക്കറ്റുകള്‍ക്ക് മേല്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് ഇത്. വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കും മടക്കയാത്രാനിരക്ക് ഉള്‍പ്പെടെ 2,200 രൂപയുടെ വര്‍ധനവ് ഉണ്ടാകും. അതേസമയം സിയോളിലേക്കും ബാംങ്കോക്കിലേക്കും സിംഗപ്പൂരിലേക്കുമുള്ള യാത്രാനിരക്കില്‍ യഥാക്രമം 550 രൂപയുടേയും 1,100 രൂപയുടേയും വര്‍ധനവാണ് ഉണ്ടാകുക. ഇന്നലെ മുതല്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നു.
എയര്‍ ഇന്ത്യ സര്‍ചാര്‍ജ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മറ്റുവിമാന കമ്പനികളും ഉടനെ ഇത് പിന്തുടരുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യാത്രാ ഏജന്റ് അറിയിച്ചു. അന്താരാഷ്ട്രാ നിരക്കിലും വര്‍ധനവ് ഉണ്ടായ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ യാത്രാനിരക്കുകള്‍ കൂട്ടിയത്.
ജനുവരി 15 വരെയുള്ള കാലയളവില്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ സാധാരണ നിരക്കില്‍ നിന്നും അധികതുകയാണ് വിമാന കമ്പനികള്‍ ഈടാക്കുന്നതെന്ന് സൊസൈറ്റി ഓഫ് ഫോറിന് ട്രാവല്‍ ഓപ്പറേറ്റ്സിന്റെ ഇന്ത്യ വിഭാഗം മേധാവി അനില്‍ കല്‍സി പറയുന്നു. ദല്‍ഹി-ന്യൂയോര്‍ക്ക് ഇക്കോണമി ടിക്കറ്റ് നിരക്ക് 70000 രൂപയാണ്. എന്നാല്‍ ഈ സീസണില്‍ ഈടാക്കുന്ന തുക ഒരു ലക്ഷത്തോളമാണെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ചാര്‍ജ് വര്‍ധനവിനെ തുടര്‍ന്ന് വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള യാത്രാടിക്കറ്റുകള്ക്കുമേല് ചുമത്തിയിട്ടുള്ള ഇന്ധന സര്‍ചാര്‍ജ് 14,245 രൂപയും യുകെയിലേക്കും യൂറോപ്പിലേക്കും ലണ്ടന്‍ വഴിപോകുന്ന ഫസ്റ്റ്/ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 14795 രൂപയും ഇക്കോണമി യാത്രക്കാര്‍ക്ക് 12045 രൂപയും ജര്‍മനിയിലേക്കും യൂറോപ്പിലേക്കും ഫ്രാങ്ക്ഫര്‍ട്ടും പാരീസും വഴിയുള്ള യാത്രക്കാര്‍ക്ക് 10670 രൂപയും ഇന്ധന സര്‍ചാര്‍ജ് ആയി നല്‍കേണ്ടി വരും.
ദല്‍ഹിയില്‍ നിന്നും ദീര്ഘയാത്രകള് നടത്തുന്ന യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് വികസന ഇനത്തില്‍ നല്‍കേണ്ട 1300 രൂപയ്ക്ക് പുറമെ ഉപഭോക്തൃ വികസന ഇനത്തില്‍ 1200 രൂപവരെ നല്‍കേണ്ടി വരും.
ഇന്ത്യയില്‍ പ്രവര്‍ത്തന ചെലവ് അധികമാണെന്നും യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ചാലും നഷ്ടം സഹിക്കേണ്ടിവരുമെന്നും വിമാനക്കമ്പനികള്‍ പറയുന്നു. 2011-12 കാലയളവില്‍ നികുതി സംബന്ധമായി 10000 കോടിയോളം നഷ്ടമാണ് വിമാന കമ്പനികള്‍ക്ക് ഉണ്ടായത്. യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്ന ഒക്ടോബര്‍-ഡിസംബര്‍, ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ശുഷ്കയാത്രാ തിരക്കുള്ള കാലയളവിലെ നഷ്ടം നികത്താനാണ് അധികതുക ഈടാക്കുന്നതെന്നും ഇത് ചെയ്തില്ലെങ്കില്‍ കിംഗ്ഫിഷര്‍ വ്യോമയാന കമ്പനി പോലെ അടച്ചുപൂട്ടേണ്ടിവരുമെന്നും അല്ലെങ്കില്‍ എയര്‍ഇന്ത്യക്ക് നല്‍കുന്നപോലുള്ള നികുതി ഇളവുകള്‍ സര്‍ക്കാര്‍ എല്ലാ വിമാനക്കമ്പനികള്‍ക്കും നല്‍കേണ്ടിവരുമെന്നും ഒരു സ്വകാര്യ വ്യോമയാന കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: