കെയ്റോ: പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വിവാദ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ഈജിപ്തില്‍ ശക്തിപ്രാപിക്കുന്നു. ഏകാധിപതിയായ മുന്‍ പ്രസിഡന്റ് ഹൊസ്നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയ പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രമായ തഹ്റീന് സ്ക്വയറില്‍ പതിനായിരങ്ങളാണ് തങ്ങള്‍ ആദ്യമായി തെരഞ്ഞെടുത്ത പ്രസിഡന്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധപ്രകടനത്തില്‍ രണ്ട് ലക്ഷത്തിലധികം ജനങ്ങളാണ് മുര്‍സിയുടെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ തെരുവിലിറങ്ങിയത്.
മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് മുര്‍സി പാര്‍ലമെന്റ് അംഗങ്ങളെ അയോഗ്യരാക്കാന്‍ കോടതിക്കധികാരം ഇല്ലെന്നും തന്റെ ഉത്തരവുകള്‍ കോടതികള്‍ക്ക് ചോദ്യംചെയ്യാന്‍ കഴിയാത്തതുമാണെന്നുമുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പുവരെയോ പുതിയ ഭരണഘടന നിലവില്‍ വരുന്നത് വരെയോ ഈ ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടാകുകയും പ്രസിഡന്റ് ഏകാധിപതിയായിരിക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
മുസ്ലീം ബ്രദര്‍ഹുഡ് അനുയായികള്‍ പ്രതിഷേധ പ്രകടനത്തിനെതിരെ തെരുവിലിറങ്ങുകയും പല സ്ഥലങ്ങളില്‍ ഏറ്റുമുട്ടലുകള്‍ക്ക് കാരണമാവുകയും ചെയ്തു. മുന്‍ ഏകാധിപതി ഹൊസ്നി മുബാറക്കിന്റെ കാലത്തെ ന്യായാധിപന്മാര് വിപ്ലവാനന്തര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത് തടയാനാണ് മുര്‍സിയുടെ ഉത്തരവുകളെന്നാണ് അവരുടെ വാദം. എന്നാല്‍ പുതിയ ഉത്തരവുകള്‍ രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നെതെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിക്കുന്നു.
പ്രതിഷേധപ്രകടനത്തിനിടെ അമേരിക്കന്‍ എംബസിക്കുനേരെയുള്ള അക്രമം തടയാന്‍ പോലീസ് ഉപയോഗിച്ച കണ്ണീര് വാതകം ശ്വസിച്ച് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പ്രസിഡനൃ അനുയായികളും പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ യുവാവ് കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതിഷേധപ്രകടനങ്ങളുടെ ഭാഗമായി മുസ്ലീം ബ്രദര്‍ഹുഡ് ഓഫീസുകള്‍ വ്യാപകമായി അക്രമിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: