ന്യൂയോര്‍ക്ക്: ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നില്പ്പെട്ട് അറസ്റ്റിലായ മലയാളി മാത്യു മര്ത്തോമയെ 50 ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. ഹെഡ്ജ് ഓഹരി വില്പന ദല്ലാളാണ് മുപ്പത്തിയെട്ടുകാരനായ മാത്യു. ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലാത്ത കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് അതനുസരിച്ച് ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഇന്‍സൈഡര്‍ ട്രൈയ്ഡിങ്ങിലെ പങ്കാളിയായതിനെതിരെയാണ് മാത്യുവിനെതിരെ കേസെടുത്തത്. ഫ്ലോറിഡയിലെ വീട്ടില്‍ നിന്നും കഴിഞ്ഞയാഴ്ച മാത്യുവിനെ അറസ്റ്റ് ചെയ്തിരുന്നു.തിങ്കളാഴ്ച മാന്‍ഹാട്ടന്‍ കോടതിയാണ് ജാമ്യം നല്‍കിയത്.
അള്‍ഷിമേഴ്സ് രോഗത്തിനുള്ള മരുന്ന് പുതിയതായി പുറത്തിറങ്ങുന്ന രഹസ്യമായി ലഭിച്ച വിവരം വെച്ച് ഓഹരി വിറ്റ് 27.6 കോടി ഡോളറിന്റെ ലാഭമുണ്ടാക്കി എന്നതാണ് മാത്യുവിന്റെ പേരിലുള്ള കുറ്റം. യു എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന് ഇതേകുറ്റത്തിന് മാത്യുവിന്റെ പേരില്‍ മറ്റൊരു കേസെടുത്തിട്ടുണ്ട്. 45 വര്‍ഷം തടവും 50 ലക്ഷം ഡോളര്‍ പിഴയും ചുമത്താവുന്ന കുറ്റമാണിത്.
ഇന്ത്യയില്‍ നിന്ന് കുടിയേറിയ കുടുംബത്തിലെ അംഗമായ മാത്യുവിന്റെ മുഴുവന്‍ പേരും അജയ് മാത്യു മറിയാന്താനി തോമസ് എന്നാണ്. 2003ല്‍ അദ്ദേഹം മാത്യു മാര്ത്തോമയെന്ന് പേരുമാറ്റി. സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടി. സാക് ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റേഴ്സ് എന്ന കമ്പനിയുമായി ബന്ധമുള്ള സി ആര് ഇന്‍വെസ്റ്റേഴ്സില്‍ ഉദ്യോഗസ്ഥനായി. ഹഡ്ജ് ഫണ്ട് ഭീമന് സ്റ്റീവന്‍ കോഹന്റെ ഉടമസ്ഥതയിലുള്ളതാണ് സാക്.
ജാമ്യവ്യവസ്ഥപ്രകാരം മാത്യു അടുത്തയാഴ്ച 20 ലക്ഷം ഡോളറോ അതിനു തുല്ല്യമായ സ്വത്തുക്കളൊ കെട്ടിവെക്കണം. അമേരിക്ക വിട്ടുപോകാനും പാടില്ല. ഇന്‍സൈഡര്‍ ട്രേഡിങ്ങിന്റെ പേരില്‍ ഇന്ത്യക്കാരനായ രജത് ഗുപ്തയ്ക്ക് കഴിഞ്ഞമാസം യു എസ് കോടതി രണ്ട് വര്‍ഷം തടവും 50 ലക്ഷം ഡോളര്‍ പിഴയും ശിക്ഷ വിധിച്ചിരുന്നു. നിക്ഷേപബാങ്കായ ഗോള്‍മാന്‍ സാക്സിന്റെ മുന്‍ ഡയറക്ടറാണ് രജത് ഗുപ്ത. ജനുവരി എട്ടുമുതലാണ് അദ്ദേഹത്തിന്റെ തടവു ശിക്ഷ തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: