അങ്കമാലി: മണ്ണ്, മണല്‍, ചീട്ട് കളിസംഘങ്ങളെ സഹായിക്കുന്ന പോലീസെന്ന് ചീത്തപേര് നിലനില്‍ക്കുന്ന നെടുമ്പാശ്ശേരി പോലീസ് കക്കൂസ് മാലിന്യം റോഡില്‍ തള്ളുന്ന സംഘത്തിന് ഒത്താശ ചെയ്തുകൊടുക്കുന്നുവെന്നും ആക്ഷേപം. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ യാത്രക്കാരുമായി പോയ കാര്‍ തടഞ്ഞുനിര്‍ത്തി 3000 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നിട്ട് ചൂടാറുന്നതിന് മുമ്പാണ് ജനമൈത്രി പോലീസായ നെടുമ്പാശ്ശേരി പോലീസ് കഴിഞ്ഞ ദിവസം റോഡരുകില്‍ കക്കൂസ് മാലിന്യം തള്ളിയതിന് ഹൈവേ പോലീസ് പിടിക്കൂടി നെടുമ്പാശ്ശേരി പോലീസിന് കൈമാറിയ രണ്ട് പ്രതികളെ ആരോരുമറിയാതെ വിട്ടയച്ചതായി ആക്ഷേപമുയര്‍ന്നിട്ടുള്ളത്. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍പെട്ട ദേശീയപാതയുടെ ഇരുവശങ്ങളിലും സമീപപ്രദേശങ്ങളിലെ ആള്‍താമസമുള്ളതും ഇല്ലാത്തതുമായ സ്ഥലങ്ങളിലും അന്യസംസ്ഥാനങ്ങളില്നിന്നുമുള്പ്പെടെ വിദൂരസ്ഥലങ്ങളില്‍നിന്ന് ടാങ്കറുകളില്‍ മറ്റും എത്തിച്ച് കക്കൂസ് മാലിന്യം തള്ളുന്നതായി നാളുകളായി ആക്ഷേപം ഉയര്‍ന്നിട്ടുള്ളതാണ്. ആഴ്ചകളോളമായി ഈ പ്രദേശത്തെ ജനങ്ങള്‍ രാത്രിയും പകലുമായി കക്കൂസ് മാലിന്യം തള്ളുന്നവരെ പിടിക്കൂടുവാന്‍ കാവല്നില്ക്കുകയായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാത്രി ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന മാലിന്യം ദേശം പാലത്തിന് സമീപം തള്ളുന്നതിനിടെ ഹൈവേ പോലീസ് പിടിക്കൂടി ടാങ്കര്‍ലോറിയില്‍ ഉണ്ടായിരുന്ന രണ്ട് പേരെയും നെടുമ്പാശ്ശേരി പോലീസിന് കൈമാറിയത്. വിവരമറഞ്ഞ് നാട്ടുകാരും മറ്റും ഇന്നലെ എത്തിയപ്പോഴേക്കും പോലീസ് പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചതാണ് വിവാദമായത്. ചെറിയ കേസുകള്‍പോലും വിവാദമാക്കുന്ന പോലീസ് ഒരു പ്രദേശത്താകമാനം ആരോഗ്യപ്രശ്നമുണ്ടാക്കുകയും ദേശീയപാതയിലൂടെ യാത്ര ചെയ്യുവാന്‍ പറ്റാത്ത അവസ്ഥയും സൃഷ്ടിച്ചിട്ടുള്ള കക്കൂസ് മാലിന്യം തള്ളുന്ന കേസിലെ പ്രതികളെ ആരും അറിയാതെ വിട്ടയച്ചത് നാട്ടുകാരില്‍ പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നിരവധി വിനോദസഞ്ചാരികളും വിഐപികളും വന്നുപോകുന്ന റോഡരികിലും മാലിന്യം തള്ളുന്നത് നിത്യസംഭവമാണ്. ഇതിനെതിരെ ജനരോഷം ശക്തമായിരിക്കുന്ന അവസ്ഥയിലാണ് ഹൈവേ പോലീസ് പിടിക്കൂടിയ പ്രതികളെ ആരും അറിയാതെ വിട്ടയച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ആലപ്പുഴ അരൂര്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ തങ്കപ്പന്റെ മകന് സത്യന് (32) , പത്തനംതിട്ട റാന്നി വെന്മേരില് വീട്ടില്‍ തോമസിന്റെ മകന് റോണി (42) എന്നിവരെയാണ് കക്കൂസ് മാലിന്യം റോഡരികില്‍ തള്ളിയതിന് പിടികൂടിയതായി പറയപ്പെടുന്നത്. പുഴയോരങ്ങളിലും ദേശീയപാത ഓരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും മാലിന്യം തള്ളി ദൂര്ഗന്ധപൂരിതമാക്കിയ പ്രതികളെ തെളിവ് സഹിതം പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിട്ട് യാതൊരു ഉത്തരവാദിത്വവുമില്ലാതെ ജാമ്യത്തില്‍ വിട്ടയ്ക്കുവാന്‍ ധൃതികാണിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും എസ്പി ഉള്‍പ്പെടെയുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്കുവാന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: