മരട്: നിയമവിരുദ്ധമായി നിലവിലും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിനെതിരെ കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്ത്. മരട് നഗരസഭാ പ്രദേശത്താണ് നീര്‍ത്തട സംരക്ഷണ നിയമവും നെല്‍ വയല്‍ നിയമവും ലംഘിച്ചുകൊണ്ട് അനുമതിയില്ലാതെ ഭൂമി നികത്തല്‍ വ്യാപകമായിരിക്കുന്നത്. ഇതിനെതിരെ കര്‍ശന നിയമ നടപടികളുമായി നഗരസഭയും റവന്യൂ അധികൃതരുമാണ് രംഗത്തുവന്നിരിക്കുന്നത്. പ്രദേശത്ത് താവളം ഉറപ്പിച്ചിരിക്കുന്ന വന്‍കിട ഭൂമി ഇടപാടുകാരും മാഫിയകളുമാണ് നികത്തലിന് പിന്നിലെന്നും ഇവര്‍ക്ക് ഉന്നതങ്ങളില്‍നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്നും പറയപ്പെടുന്നുണ്ട്.
ഒഴിഞ്ഞ പറമ്പുകളും വഴി ഇല്ലാത്ത സ്ഥലങ്ങളും ചെറിയ വിലയ്ക്ക് വാങ്ങുന്ന ഏജന്റുമാര്‍ അനധികൃതമായി വഴി നിര്‍മിച്ചും കായല്‍ കയ്യേറി നികത്തിയും ഭൂമി വന്‍ വിലയ്ക്ക് വില്‍പ്പന നടത്തിവരികയാണ്. ചെറിയ വീടുകളിലും പുരയിടങ്ങളിലും താമസിക്കുന്നവരെ ഭീഷണിപ്പെടുത്തിയും മറ്റും ഭൂമി തട്ടിയെടുക്കുന്നതും വഴി നിര്‍മിക്കുന്നതും വ്യാപകമായിട്ടുണ്ടെന്നും പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിലംനികത്തിലിനെതിരേയും മറ്റും നടപടികളുമായി അധികൃതര്‍ രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരായത്.
കുണ്ടന്നൂരിന് സമീപം കോടതി വിലക്കിയിരുന്ന സ്ഥലത്ത് അനധികൃതമായി നടത്തിവരുന്ന നിലംനികത്തല്‍ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് നഗരസഭ ഇടപെട്ട് തടുത്തു. പ്രദേശത്തെ രാഷ്ട്രീയ പിന്തുണയുള്ള ഒരു വന്‍കിട ഭൂമാഫിയയാണ് നികത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ടാങ്കര്‍ ലോറിയില്‍ ചെളി കൊണ്ടുവന്ന് സ്വന്തം വീടിന്റെ മതില് തുരന്ന് പുറത്തേക്ക് പമ്പു ചെയ്താണ് ഇയാള്‍ നിലം നികത്തി വന്നത്. ഇതിനെതിരെ മരട് നഗരസഭാ സെക്രട്ടറി പനങ്ങാട് പോലീസില്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ടാങ്കര്‍ ലോറി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് നീക്കി.
പ്രദേശത്തെ നിലവും നീര്‍ത്തടവും നികത്തരുതെന്ന് ഭൂമി ഇടപാടുകാരായ പലര്‍ക്കും നഗരസഭ രേഖാമൂലം നോട്ടീസ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഇവയെല്ലാം അവഗണിച്ചുകൊണ്ടാണ് ഭൂമി ഇടപാടുകാര്‍ രംഗത്ത് സജീവമായിരിക്കുന്നത്. പ്രദേശത്തെ തോടുകളും മറ്റും കയ്യേറി നികത്തിയതിനാല്‍ വെള്ളക്കെട്ടുമൂലം ജനങ്ങള്‍ ദുരിതത്തിലാണ്. ഭൂമി വിട്ടുനല്‍കാനും വഴി നിര്‍മിക്കാനായി സ്ഥലം വിട്ടു നല്‍കാത്തവരേയും ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും അതിന് പ്രേരിപ്പിക്കുന്ന സംഭവങ്ങളും നിരവധിയാണെന്ന് പ്രദേശവാസികള്‍ പലരും പറയുന്നു. ഭൂമി ഇടപാടുകാരുടെ ഇടപെടല്‍ മൂലം സ്വൈര്യ ജീവിതം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും നാട്ടുകാരില്‍ പലരും പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: