ശ്രീനഗര്‍: കാശ്മീരിലെ സോപാറില്‍ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജയ്ഷെ മുഹമ്മദ് ഭീകരന് കൊല്ലപ്പെട്ടു. കാശ്മീരിലെ ബാരമുള്ള ജില്ലയില്‍ പുലര്‍ച്ചെ പോലീസും സുരക്ഷാഭടന്മാരും ചേര്‍ന്ന് നടത്തിയ സംയുക്ത ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരന് കൊല്ലപ്പെട്ടത്. പാക്കിസ്ഥാന് പൗരനായ ഇയാള്‍ ഷൊയാബ്,യാസിന് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.
ഭീകരര്‍ ഈ പ്രദേശത്ത് ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസും സൈന്യവും നടത്തിയ തിരച്ചിലിനൊടുവില്‍ ഭീകരരെ കണ്ടെത്തുകയായിരുന്നു . പ്രദേശത്ത് ഒളിച്ചിരുന്ന ഇവര്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പുലര്‍ച്ച ഒരുമണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ നാലുമണിവരെ തുടര്‍ന്നു. ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന ഭീകരര്‍ക്ക് പരിക്കേറ്റു എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 2002 ല്‍ കാശ്മീരിലെത്തിയ ഇയാള്‍ 2007 വരെ സോപാന് പ്രദേശത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയണ്. ഈ പ്രദേശത്ത് ഉണ്ടായിട്ടുള്ള പ്രധാന ആക്രമണങ്ങളിലെല്ലാം ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം ഇയാളെ കൊലപ്പെടുത്തിയ സംഭവം പ്രധാന നേട്ടങ്ങളിലൊന്നാണെന്ന് പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.ഏറ്റുമുട്ടലില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ദില്‍ രാജിന് പരിക്കേറ്റിട്ടിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: