സ്വാമി വിവേകാനന്ദന്‍ കേരളവുമായിട്ടുള്ള ആത്മബന്ധത്തെക്കുറിച്ച് വിശദമാക്കുന്ന ഗ്രന്ഥമാണ് രാജീവ് ഇരിങ്ങാലക്കുട രചിച്ച “സ്വാമി വിവേകാനന്ദനും കേരളവും.” ഈ പുസ്തകം സ്വാമിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായാണ് കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ചത്. സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ സഞ്ചരിച്ച സ്ഥലങ്ങളിലൂടെ അതാത്് ദിവസങ്ങളില്‍ സഞ്ചരിച്ച് ഈ വിഷയത്തെക്കുറിച്ച് ആധികാരികമായി വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവരെ കണ്ടെത്തി അവരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് ഈ ഗ്രന്ഥം തയ്യാറാക്കിയതെന്ന് രാജീവ് ഇരിങ്ങാലക്കുട മുഖവുരയില്‍ പ്രത്യേകം പറയുന്നുമുണ്ട്.
വിവേകാനന്ദസ്വാമികള്‍ 1890-ാം മാണ്ടിന്റെ മധ്യത്തില്‍ ബംഗാളില്‍നിന്നും ആരംഭിച്ച പരിവ്രാജക വൃത്തിക്കിടയില്‍ കേരളം സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് വിചാരിച്ചിരുന്നില്ലായെന്നും ബാംഗ്ലൂരില്‍വച്ച് ഡോ.പല്‍പ്പുവുമായുണ്ടായ സമാഗമമാണ് സ്വാമികളെ കേരളം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകമെന്ന് ഗ്രന്ഥകാരന്‍ തുടക്കത്തില്‍ത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സ്വാമിയുടെ കേരള സന്ദര്‍ശനം വളരെ തന്മയത്വമായിട്ട് ഈ ഗ്രന്ഥത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. വിവേകാനന്ദസ്വാമികള്‍ മലബാറിനെക്കുറിച്ചും അവിടത്തെ വിദുഷികളായ വനിതകളുടെ സംസ്കൃത പാണ്ഡ്യത്യത്തെക്കുറിച്ചും അല്‍ഭുതപ്പെട്ടിരുന്നത് രേഖപ്പെടുത്തിയതിലൂടെ വിവേകാന്ദസ്വാമികളും ചട്ടമ്പിസ്വാമികളുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ വിവേകാനന്ദസ്വാമി, ചിന്മുദ്രയെക്കുറിച്ച് ചട്ടമ്പിസ്വാമികളോട് ചോദിച്ചു മനസിലാക്കുന്നുമുണ്ട്. ചട്ടമ്പിസസ്വാമിക്ക് വിവേകാനന്ദനെ അങ്ങേയറ്റം ബഹുമാനമായിരുന്നു. അദ്ദേഹം ഒരു ഗരുഡനാണെങ്കില്‍ ഞാനൊരു കൊതുകാണ്. അതാണ് ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്ന് ചട്ടമ്പിസ്വാമികള്‍ പറയാറുണ്ടായിരുന്നു. ഇതില്‍നിന്ന് വിവേകാനന്ദസ്വാമി എത്ര ഉജ്വലമായ വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് വായനക്കാര്‍ക്ക് മനസിലാക്കാന്‍ കഴിയും.
ശുചീന്ദ്രത്തുനിന്നും കാല്‍നടയായാണ് കന്യാകുമാരിയിലെത്തിയത്. ത്രിവേണി സംഗമമായ കന്യാകുമാരിയിലെത്തി ആദ്യം ദേവിയെ സാഷ്ടാംഗം നമസ്ക്കരിച്ചു കരയില്‍നിന്നും രണ്ടര ഫര്‍ലോങ്ങ് അകലെയുള്ള ശ്രീപാദശിലയില്‍പ്പോയി ധ്യാനനിമഗ്നനായിരുന്ന് ഭാരതത്തിന്റെ ഉയര്‍ച്ചയ്‌ക്കുവേണ്ടി പല പരിപാടികളും ആസൂത്രണം ചെയ്തു. സ്വാമി ഭാരതത്തിലെ ജനങ്ങളുടെ ദാരിദ്ര്യത്തെയും അജ്ഞതയെയും കുറിച്ചോര്‍ത്ത് വളരെ ദുഃഖിച്ചിരുന്നു. സവര്‍ണര്‍ നടക്കുന്ന തെരുവില്‍ക്കൂടി ഹിന്ദുക്കളായ അധഃസ്ഥിതര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു കേരളത്തില്‍ അന്നുണ്ടായിരുന്നത്. ഇതിനെ സ്വാമിജി വിമര്‍ശിക്കുമ്പോള്‍ത്തന്നെ കേരളത്തെ സ്തുതിക്കേണ്ട സമയത്ത് സ്തുതിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ പ്രകൃതിഭംഗി സ്വാമിജിയെ വളരെയധികം ആകര്‍ഷിച്ചിരുന്നു. ഒരുമാസം മാത്രം നീണ്ടുനിന്ന സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനം മായാത്ത സ്മരണകളാണ് അവശേഷിപ്പിച്ചത്. കേരള സന്ദര്‍ശത്തിനുശേഷമാണ് വിവേകാനന്ദന്‍ ഷിക്കാഗോ മത സമ്മേളനത്തില്‍ പങ്കെടുത്ത് ലോകാംഗീകാരത്തിന് പാത്രമായത്. ചരിത്രപ്രസിദ്ധമായ ഈ പ്രഭാഷണത്തിലും സ്വാമിജി കേരളത്തെ പരാമര്‍ശിച്ചു. എന്തായാലും കേരള നവോത്ഥാനത്തിന് നാന്ദി കുറിക്കുവാന്‍ വിവേകാനന്ദസ്വാമിജിയുടെ കേരളാഗമനത്തിലൂടെ കഴിഞ്ഞു.
കേരളത്തിലുണ്ടായ വിവേകാനന്ദ തരംഗത്തിന്റെ ഒരു പ്രധാന സാരഥിയാണ് നിര്‍മലാനന്ദസ്വാമികള്‍. നിര്‍മലാനന്ദസ്വാമികള്‍ പ്രധാനമായും കേരളത്തിലെത്തിയത് ശ്രീരാമകൃഷ്ണ വിവേകാനന്ദ സന്ദേശം പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണ്. സ്വാമികളുടെ പ്രവര്‍ത്തനഫലമായി കേരളത്തിന്റെ പലഭാഗത്തും ശ്രീരാമകൃഷ്ണാശ്രമങ്ങളും വിവേകാനന്ദ ഭക്തന്മാരായ അഭ്യസ്തവിദ്യരുമുണ്ടായി. 1911നും 1938നും ഇടയില്‍ 19 ആശ്രമങ്ങളും 35 സന്യാസിമാരുമുണ്ടായി. കൂടാതെ നിരവധി ശ്രീരാമകൃഷ്ണ ശ്രീശാരദാവിവേകാനന്ദസംഘങ്ങളും സമിതികളും രൂപീകരിക്കുകയുണ്ടായി. ഭക്തന്മാര്‍ക്കിടയില്‍ ജാതിയില്ല എന്ന ശ്രീരാമകൃഷ്ണസൂക്തം കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.
കേരളത്തില്‍ ശ്രീരാമകൃഷ്ണ പ്രസ്ഥാനം ഏതൊരു ആത്മീയ സംഘടനയ്‌ക്കും മാതൃകയായിരുന്നു. ശ്രീരാമകൃഷ്ണമഠത്തിന്റെ ആശയാദര്‍ശങ്ങള്‍ ജാതിമതവര്‍ഗഭേദങ്ങള്‍ക്കതീതമായി സനാതനധര്‍മതത്വങ്ങളില്‍ അധിഷ്ഠിതമാണ്. സനാതന ധര്‍മത്തില്‍നിന്ന് മതം മാറിപ്പോയവര്‍ക്ക് തിരിച്ചുവരാനുള്ള മാര്‍ഗവും ആദ്യമായി കേരളത്തില്‍ നടപ്പാക്കിയത് ശ്രീരാമകൃഷ്ണപ്രസ്ഥാനമാണ്. കേരളത്തിലെ ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ക്കൂടി ഒരു യാത്ര നടത്തുകയാണ് ഗ്രന്ഥകാരന്‍. ഈ യാത്രയിലൂടെ വായനക്കാര്‍ക്ക് കേരളത്തിലെ ശ്രീരാമകൃഷ്ണാശ്രമങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമൊക്കെ കൂടുതല്‍ അറിവ് നേടാന്‍ സാധിക്കുന്നു.
ഉറങ്ങിക്കിടന്ന ഭാരതജനതയെ കര്‍മനിരതരാക്കിയത് സ്വാമി വിവേകാനന്ദനാണ്. യുവത്വത്തിന്റെ പ്രതീകമായ സ്വാമിജിയെക്കുറിച്ച് ഒരു പുസ്തകം തയ്യാറാക്കിയതിലൂടെ രാജീവ് ഇരിങ്ങാലക്കുട എന്ന ഗ്രന്ഥകാരന്‍ നല്ലൊരു പുണ്യകര്‍മമാണ് ചെയ്തിരിക്കുന്നത്. വിവേകാനന്ദസ്വാമിയുടെ കേരളസന്ദര്‍ശനം ഒരു യാത്രാവിവരണംപോലെ വായനക്കാര്‍ക്ക് അനുഭൂതി ഉളവാക്കുന്ന തരത്തിലാണ് രാജീവ് ഇരിങ്ങാലക്കുട ഈ കൃതിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.
‘സ്വാമി വിവേകാനന്ദനും കേരളവും’ എന്ന പുസ്തകരചനയ്‌ക്കുവേണ്ടി രാജീവ് ഇരിങ്ങാലക്കുട നടത്തിയ സമര്‍പ്പണ മനോഭാവം വളരെയധികം പ്രശംസനീയമാണ്.
>> കെ.ആര്‍.സരിതകുമാരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: