അനുകരണ കലയിലും ഇന്ദ്രജാലത്തിലും ചുവടുവയ്പുകള്‍ പിഴയ്ക്കാതെ മുന്നേറുകയാണ് എട്ടുവയസ്സുകാരിയായ ആത്മന മനോജ്. തനിക്ക് ചുറ്റുമുള്ളതിനെക്കുറിച്ച് സദാ നിരീക്ഷിക്കുകയും ഒപ്പം സാധ്യമാവുന്ന തരത്തില്‍ ചിലതിനെ അനുകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് ആത്മനയുടെ രീതി. ഇത്തരം വേറിട്ട ചുവടുവെയ്പ്പുകള്‍ക്ക് പ്രത്യേക മാര്ഗനിര്ദ്ദേശമൊന്നും ആത്മനയ്ക്ക് ലഭിച്ചിരുന്നില്ലെങ്കിലും തനിക്കറിയുന്നതുപോലെ പ്രകടിപ്പിക്കുക എന്നതായിരുന്നു തുടക്കത്തിലുള്ള പ്രത്യേകത. അങ്ങനെ പക്ഷിമൃഗാദികള്‍, ചലച്ചിത്ര നടീനടന്മാര്, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെയും മറ്റും ശബ്ദം അനുകരിക്കുവാന്‍ തുടങ്ങിയതോടെ ഈ കൊച്ചുകലാകാരിയിലെ പ്രതിഭ പരിലസിക്കുവാന്‍ തുടങ്ങി. ഒപ്പം പ്രോത്സാഹനവുമായി ആസ്വാദകര്‍ സജീവമായതോടെ ശ്രമിക്കുക, വിജയിക്കുക എന്ന രണ്ടും കല്‍പ്പിച്ചുള്ള ഇടപെടലും ശക്തമാക്കി.
ഇതിനൊപ്പം ഇന്ദ്രജാല പ്രകടനത്തിലും ഒരു കൈ നോക്കാനൊരുമ്പെട്ട ആത്മന യുവമാന്ത്രികന്‍ ചക്രപാണി കുറ്റ്യാടിയുടെ ശിഷ്യയുമായി. സാമൂഹ്യ തിന്മകള്ക്കെതിരെ ശക്തമായ സന്ദേശവുമായി ഇതിനകം ഒട്ടേറെ വേദികളില്‍ ഇന്ദ്രജാല പ്രകടനം കാഴ്ചവച്ചു. ഇന്ദ്രജാലത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതുമയുള്ള ഇനം അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഈ മിടുക്കി. അനുകരണ, ഇന്ദ്രജാല കലകള്‍ക്കൊപ്പം, ചിത്രകല, നൃത്തം, സംഗീതം, കവിതാലാപനം തുടങ്ങിയവയിലും സാന്നിധ്യമുറപ്പിക്കുന്നുണ്ട് ആത്മന. മൂന്നര വയസ്സില്‍ ചങ്ങമ്പുഴയുടെ ‘മനസ്വിനി’ എന്ന കവിതാലാപനത്തിലൂടെ സഹൃദയ ശ്രദ്ധ പിടിച്ചെടുത്ത ആത്മന വയലാര്‍, ഒഎന്‍വി കുറുപ്പ്, കടമ്മനിട്ട, മുരുകന് കാട്ടാക്കട തുടങ്ങിയവരുടെ കവിതകളോട് പ്രത്യേക ഇമ്പം വച്ചുപുലര്‍ത്തുന്നു. ഇതിനകം നാട്ടിന്‍പുറത്തെ വേദികളില്‍ സജീവസാന്നിദ്ധ്യമായിരിക്കുകയാണ് ഈ കലാകാരി. അമൃത ടിവിയിലെ വണ്ടര്‍ലാ ലിറ്റില്‍ വേള്‍ഡ് എന്ന പരിപാടിയില്‍ മിമിക്രി അവതരിപ്പിക്കുവാനുള്ള അവസരം തേടിയെത്തിയതും ആത്മനയ്ക്ക് കലയില്‍ ആത്മസമര്‍പ്പണത്തിനുള്ള ഊര്‍ജമായി.
കോഴിക്കോട് നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ചാലിക്കര അധ്യാപക ദമ്പതികളായ പാലയാട്ട് മനോജിന്റേയും സിനിനയുടേയും മകളായ ആത്മന പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്ട്സ് നൃത്തകലാ വിദ്യാലയത്തില്‍നിന്നും പരിശീലനം നേടുന്നുണ്ട്. അല്മാമേറ്റര് ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
>> എന്‍.ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: